പൊതുവിദ്യാലയങ്ങളെ സംരക്ഷിക്കുക സർക്കാര്‍ ലക്ഷ്യം: മുഖ്യമന്ത്രി

0
47

പൊതുവിദ്യാലയങ്ങളെ സംരക്ഷിക്കുന്ന സമീപനമാണ് സർക്കാർ സ്വീകരിച്ചതെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ പറഞ്ഞു. മികവിന്റെ കേന്ദ്രങ്ങളായ 198 പൊതുവിദ്യാലയങ്ങൾ നാടിന് സമർപ്പിക്കുകയായിരുന്നു അദ്ദേഹം. മുന്നോട്ടു പോകാൻ ബുദ്ധിമുട്ടുള്ള പത്ത് എയ്ഡഡ് സ്‌കൂളുകളാണ് സർക്കാർ കഴിഞ്ഞ ദിവസം ഏറ്റെടുക്കാൻ തീരുമാനിച്ചത്.

പൂട്ടാൻ തീരുമാനിച്ചിരുന്ന നാലു സ്‌കൂളുകളാണ് ഈ സർക്കാർ അധികാരത്തിൽ വന്നപ്പോൾ ഏറ്റെടുത്തത്. എയ്ഡഡ് മേഖലയായാലും സർക്കാർ മേഖലയായാലും സ്‌കൂളുകൾ അടച്ചുപൂട്ടേണ്ടതല്ലെന്നും സംരക്ഷിക്കപ്പെടേണ്ടതാണെന്നുമുള്ള നിലപാടാണ് സർക്കാർ സ്വീകരിച്ചത്.

സ്‌കൂളുകളുടെ ഭൗതിക സാഹചര്യം വികസിപ്പിക്കുന്നതിന് വലിയ തോതിൽ സർക്കാർ തുക നിക്ഷേപിച്ചു. 973 വിദ്യാലയങ്ങൾക്ക് 2309 കോടി രൂപ കിഫ്ബി അനുവദിച്ചു. പ്‌ളാൻ ഫണ്ടിൽ നിന്ന് 1072 വിദ്യാലയങ്ങൾക്ക് 1375കോടി നിക്ഷേപിച്ചിട്ടുണ്ട്.

ഇതിന് പുറമെ നബാർഡ്, സമഗ്രശിക്ഷാ ഫണ്ട്, ജനപ്രതിനിധികളുടെ ആസ്തി വികസന ഫണ്ട്, തദ്ദേശസ്ഥാപനങ്ങളുടെ ഫണ്ട്, മറ്റു ഫണ്ടുകൾ എന്നിവയും ഉപയോഗിച്ചു. സ്‌കൂളുകളുടെ ആധുനികവത്ക്കരണത്തിന് കിഫ്ബി 793 കോടി രൂപയാണ് അനുവദിച്ചതെന്ന് മുഖ്യമന്ത്രി പറഞ്ഞു.

89 പുതിയ സ്‌കൂൾ കെട്ടിടം, നവീകരിച്ച 41 ഹയർ സെക്കൻഡറി ലാബ്, 68 സ്‌കൂൾ കെട്ടിടങ്ങളുടെ ശിലാസ്ഥാപനം എന്നിവയുടെ ഉദ്ഘാടനമാണ് നിർവഹിച്ചത്. ഇതിൽ 23 സ്‌കൂൾ കെട്ടിടങ്ങൾ കിഫ്ബിയുടെ 5 കോടി സ്‌കീമിലും 14 കെട്ടിടങ്ങൾ മൂന്നു കോടി സ്‌കീമിലും പെട്ടതാണ്.

പ്‌ളാൻ ഫണ്ടും മറ്റു ഫണ്ടുകളും ഉപയോഗിച്ച 52 കെട്ടിടങ്ങളാണ് ഉദ്ഘാടനം ചെയ്യുന്നതെന്ന് മുഖ്യമന്ത്രി പറഞ്ഞു. കിഫ്ബിയുടെ ഒരു കോടി രൂപയുടെ സ്‌കീമിലുള്ള 26 കെട്ടിടങ്ങളുടെ ശിലാസ്ഥാപനമാണ് നിർവഹിച്ചത്.

പൊതുവിദ്യാലയങ്ങൾ മികവിന്റെ കേന്ദ്രങ്ങളായതോടെ നാടും കുടുംബങ്ങളും കുട്ടികളും ഇതിനെ വലിയ തോതിൽ സ്വീകരിച്ചതായി മുഖ്യമന്ത്രി പറഞ്ഞു. വിദ്യാഭ്യാസ മേഖലയെ ഒരു ഹബ് ആക്കി മാറ്റാനാണ് ശ്രമിക്കുന്നത്. പൊതുവിദ്യാലയങ്ങളിലെ മാറ്റം ഉന്നത വിദ്യാഭ്യാസ മേഖലയിലും സംഭവിക്കുമ്പോൾ ഇത് സാധ്യമാകും.

സർവകലാശാലകളെയും കോളേജുകളെയും മികവിന്റെ കേന്ദ്രങ്ങളാക്കാൻ ശ്രമം ആരംഭിച്ചിട്ടുണ്ടെന്ന് മുഖ്യമന്ത്രി പറഞ്ഞു. സ്‌കൂളുകളുടെ ഭൗതിക വികസനത്തിനൊപ്പം വിദ്യാർത്ഥികൾക്ക് സൗജന്യ യൂണിഫോം നൽകിയതും പാഠപുസ്തകൾ യഥാസമയം അച്ചടിച്ച് വിതരണം ചെയ്തതും നേട്ടമാണ്.