കേന്ദ്ര സർക്കാരിനെതിരെയുള്ള കർഷക സമരം കൂടുതൽ ശക്തമാക്കുന്നതിന്റെ ഭാഗമായി ഇന്ന് രാജ്യവ്യാപക ട്രെയിൻ തടയൽ സമരം. സമരത്തിന് മുന്നോടിയായി പഞ്ചാബ്, ഹരിയാന, ഉത്തർപ്രദേശ് എന്നീ സംസ്ഥാനങ്ങളിൽ സുരക്ഷ വർധിപ്പിച്ചിട്ടുണ്ട്.
കാർഷിക നിയമങ്ങൾ പിൻവലിക്കണമെന്ന ആവശ്യവുമായി സമരം ഒരോ ദിവസവും ശക്തമാകുകയാണ്. ട്രാക്ടർ റാലിക്കും ചക്ക ജാമിനും ശേഷം ഇത് മൂന്നാമത്തെ സമര രീതിയാണ് കർഷക സംഘടനകൾ ആഹ്വാനം ചെയ്തിരിക്കുന്നത്. പഞ്ചാബ്, ഹരിയാന, ഉത്തർപ്രദേശ് എന്നീ സംസ്ഥാനങ്ങളിലാകും പ്രധാനമായും കർഷക സംഘടനകൾ ട്രെയിൻ തടയുക.
ഉച്ചക്ക് 12 മണി മുതൽ നാല് മണി വരെയാണ് പ്രതിഷേധം. സമരം സമാധാനപരമായിരിക്കുമെന്ന് കർഷക സംഘടനകൾ അറിയിച്ചിട്ടുണ്ട്. അതേസമയം, കാർഷിക നിയമങ്ങൾ പിൻവലിക്കും വരെ സമരവേദികളിൽ നിന്നും മടങ്ങില്ലെന്ന ഉറച്ച നിലപാടിലാണ് കർഷക സംഘടനകൾ.
സമരം മുൻനിർത്തി റെയിൽവേ വ്യാഴാഴ്‌ചത്തെ പല ട്രെയിനും റദ്ദാക്കുകയോ വഴിതിരിച്ചു വിടുകയോ ചെയ്‌തു. എല്ലാ സംസ്ഥാനങ്ങളിലും വിവിധ കേന്ദ്രങ്ങളിൽ നാലുമണിക്കൂർ ട്രെയിൻ തടയുമെന്ന് സംയുക്ത കിസാൻ മോർച്ച അറിയിച്ചു. കേരളത്തിൽ ട്രെയിൻ തടയില്ല. പകരം സംയുക്ത കർഷക സമിതിയുടെ നേതൃത്വത്തിൽ എല്ലാ ജില്ലയിലും കേന്ദ്ര സർക്കാർ ഓഫീസുകളിലേക്ക് മാർച്ച് സംഘടിപ്പിക്കും.