ഉദ്യോഗാർത്ഥികളിലെ സംഘടിതരും അസംഘടിതരും- അശോകൻ ചരുവിൽ

0
89

പി എസ് സി ഉദ്യോഗാർത്തകളെ ഒന്നടങ്കം രാഷ്ട്രീയ വത്കരിക്കുന്നു എന്നാണല്ലോ ഇപ്പോൾ നടക്കുന്ന ചർച്ചകൾ. പി എസ് സി റാങ്ക് ഹോൾഡേഴ്‌സിൽ തന്നെ അസംഘടിതരും സംഘടിതരുമായ ഉദ്യോഗാർത്ഥികൾ ഉണ്ട് ഇവരെ കുറിച്ച് വ്യക്തമായ വിശദീകരണം നൽകുന്ന കുറിപ്പാണ് മുൻ പി എസ് സി അംഗം കൂടിയായ അശോകൻ ചെരുവിൽ. കുറിപ്പ് ഇങ്ങനെ

ഫേസ്ബുക്ക് കുറിപ്പിന്റെ പൂർണ രൂപം 

ഏതെങ്കിലും തരത്തിൽ സംഘടിതരായവർ അസംഘടിതർക്കു നേരെ ആക്രമണം അഴിച്ചുവിടുന്നത് ഈ കാലഘട്ടത്തിൻ്റെ സവിശേഷതയാണെന്നു തോന്നുന്നു. സംഘത്തെയും, സംഘടിതശക്തിയേയും മാനവമോചനത്തിൻ്റെ ഉപകരണങ്ങളായി ലോകത്തിൻ്റെ മുമ്പാകെ അവതരിപ്പിച്ച രണ്ടുപേരുണ്ട്. ശ്രീബുദ്ധനും കാൾമാർക്സും. അവർ എന്തായാലും ഇങ്ങനെ ഒരവസ്ഥ പ്രതീക്ഷിച്ചിട്ടുണ്ടാവില്ല. സംഘടിതർ അസംഘടിതരുടെ കൂടി രക്ഷയാവും എന്നാണ് അവർ കരുതിയത്.

ഉദ്യോഗസ്ഥരിൽ മാത്രമല്ല, ഉദ്യോഗാർത്ഥികളിലും സംഘടിത ന്യൂനപക്ഷവും അസംഘടിത ഭൂരിപക്ഷവും ഉണ്ടെന്നു വന്നിരിക്കുന്നു. റാങ്കുലീസ്റ്റുകളിൽ ഉൾപ്പെട്ടവർ ഇന്ന് സംഘടിതരാണ്. യോഗംചേരാനും പണം പിരിക്കാനും സമ്മർദ്ദശക്തിയാവാനും സ്ഥാപിത താൽപ്പര്യക്കാരായ രാഷ്ട്രീയക്കാരുമായി കരാർ ഉറപ്പിക്കാനും അവർക്കു കഴിയുന്നു. തൊഴിലിനു വേണ്ടി അപേക്ഷിച്ചവരും അപേക്ഷിക്കാനിരിക്കുന്നവരും അസംഘടിതരാണ്. നിസ്സഹായരുമാണ്.

യു.ഡി.എഫ് / ബി.ജെ.പി.യുടെ രാഷ്ട്രീയതാൽപ്പര്യത്തിനു വേണ്ടി മുട്ടിലിഴയാൻ പോകുന്നവരുടെ ആവശ്യങ്ങൾ എന്തൊക്കെയാണ് എന്നു നോക്കുക.

1.റാങ്കുലീസ്റ്റിൽ ഉൾപ്പെട്ട എല്ലാവർക്കും നിയമനം നൽകുക.
2. അതുവരെ റാങ്കുലീസ്റ്റുകളുടെ കാലാവധി നീട്ടുക.
3. നിലവിലുള്ളതിനു പുറമേ ഭാവിയിൽ ഉണ്ടാകാനിടയുള്ള ഓഴിവുകളും ഇപ്പോൾ റാങ്കുലീസ്റ്റിലുള്ളവർക്ക് നൽകുക.
4. കാലാവധി പൂർത്തിയാക്കി റദ്ദാക്കപ്പെട്ട റാങ്കുലീസ്റ്റുകൾ പുനരുജ്ജീവിപ്പിച്ച് നിയമനം നടത്തുക.
5. അതുവരെ പുതിയ വിജ്ഞാപനങ്ങൾ പുറപ്പെടുവിക്കാതിരിക്കുക.
6. തുടങ്ങിവെച്ച പരീക്ഷാനടപടികൾ മരവിപ്പിക്കുക.
7. തയ്യാറായ റാങ്കുലിസ്റ്റുകൾ പ്രസിദ്ധപ്പെടുത്താതിരിക്കുക.
8. അപേക്ഷിച്ചതല്ലാത്ത, പരീക്ഷയെഴുതാത്ത (വിജ്ഞാപനത്തിൽ ഉൾപ്പെടാത്ത) തസ്തികകളിൽ ഒഴിവുണ്ടെങ്കിൽ അവിടേക്ക് തങ്ങളെ നിയമിക്കുക.
9. പി.എസ്.സി.ക്ക് വിടാത്ത വകുപ്പുകളിൽ / തസ്തികകളിൽ തങ്ങളെ നിയമിക്കുക.

ഈ ഡിമാൻ്റുകൾക്ക് പൊതുവായ രണ്ട് സ്വഭാവങ്ങളുണ്ട്.
1. ഒരു നിയമത്തിൻ്റെയും പിൻബലമില്ലാത്തതുകൊണ്ട് ഒരു സർക്കാരിനും നടപ്പാക്കാൻ കഴിയാത്തവയാണ് ഇവയെല്ലാം.
2. പി.എസ്.സി.പരീക്ഷയെഴുതാൻ കാത്തിരിക്കുന്ന അഭ്യസ്തവിദ്യ യുവലക്ഷങ്ങൾ പിന്നിലുണ്ടെന്ന് ഇതുന്നയിക്കുന്നവർ അറിയുന്നില്ല.

രാഷ്ട്രീയ താൽപ്പര്യക്കാർ മാറി നിൽക്കട്ടെ. വേറെ ആർക്കെങ്കിലും പറയാനാവുമോ, ഈ ഡിമാൻ്റുകൾ ശരിയാണെന്ന്? നടപ്പാക്കാനാവുമെന്ന്?

എന്തുകൊണ്ട് നടപ്പാക്കാനാകില്ല?

ഉത്തരം: ജനകീയ സർക്കാരുകൾക്ക് നിയമപരമായി മാത്രമേ പ്രവർത്തിക്കാനാകൂ. സംഘടിതർക്ക് മാത്രമല്ല; അസംഘടിതർക്കും കൂടി വേണ്ടിയാണ് നമ്മുടെ ഭരണഘടനയും നിയമങ്ങളും ഉണ്ടാക്കിയിരിക്കുന്നത്.

ഉന്നയിക്കപ്പെടുന്ന ആവശ്യങ്ങൾ അപ്രായോഗികമാണ്, ശരി; പക്ഷേ നടക്കുന്നത് ഒരു സമരമല്ലേ? സമരത്തെ എതിർക്കാൻ ഇടതുപക്ഷത്തിന് എങ്ങനെ കഴിയും? എന്നാണ് ചില കുബുദ്ധികൾ ചോദിക്കുന്നത്.
അവർ ഓർമ്മിക്കണം: “വിമോചനസമര”വും സമരമായിരുന്നു.