ടെലഗ്രാം ഗ്രൂപ്പിലൂടെ അതിതീവ്രമായി വർഗീയത പ്രചരിപ്പിച്ചു ബി.ജെ.പി നേതാവ് കപിൽ മിശ്ര

0
49

ടെലഗ്രാം ഗ്രൂപ്പിലൂടെ വർഗ്ഗീയ പ്രചരണത്തിന് ടൂൾകിറ്റുമായി ബിജെപി നേതാവ്. ബി.ജെ.പി നേതാവ് കപിൽ മിശ്ര അതിതീവ്രമായി വർഗീയത പ്രചരിപ്പിച്ചു എന്നാണ് റിപ്പോർട്ട്.

ഹിന്ദു ഇക്കോ സിസ്റ്റം എന്ന ടെലഗ്രാം ഗ്രൂപ്പിലൂടെയാണ് വർഗ്ഗീയ പ്രചരണം ഉണ്ടായതെന്ന് ദേശീയ മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്യുന്നു. ക്രിസ്തുമതം, ഇസ്ലാം, ചൈന എന്നിവയ്‌ക്കെതിരെ നിരന്തരം വാർത്ത പ്രചരിപ്പിക്കാൻ പ്രത്യേക സജ്ജീകരണങ്ങൾ ആവിഷ്‌ക്കരിച്ചിരുന്നെന്നും റിപ്പോർട്ടിൽ പറയുന്നു.

ട്വിറ്ററിൽ ഹിന്ദു ഇക്കോ സിസ്റ്റം അംഗങ്ങളോട് നിരന്തരം ട്വീറ്റുകൾ ചെയ്യാനും ഹാഷ്ടാഗുകൾ ട്രെന്റിംഗ് ആക്കാനും ആവശ്യപ്പെടുന്നുണ്ട്. ഇസ്ലാം, ക്രിസ്ത്യൻ, ചൈനാ വിഷയങ്ങളിൽ ‘ഇസ്ലാം വാർത്തകൾ’, ‘നിരുത്തരവാദ ചൈന’, ‘ചർച്ച് സംസാരിക്കുന്നു’ എന്നീ പേരുകളിൽ ഗ്രൂപ്പുകളിൽ ടൂൾ കിറ്റ് പങ്കുവെയ്ക്കും. ഇതിൽ വർഗീയത എങ്ങനെ അവതരിപ്പിക്കണമെന്നതിനെക്കുറിച്ച് വിവരണവും ഉണ്ടാകുമെന്നും റിപ്പോർട്ടിൽ പറയുന്നുണ്ട്.

ഗ്രൂപ്പിൽ അംഗമാകാൻ അപേക്ഷ ഫോം ഉണ്ട്. പേര്, മൊബൈൽ ഫോൺ നമ്പർ, സംസ്ഥാനം, താമസിക്കുന്ന രാജ്യം എന്നിവ ചേർക്കണം. ഹിന്ദു ഇക്കോ സിസ്റ്റത്തിലെ മുന്നണി പോരാളിയാകാൻ താൽപര്യമുണ്ടെങ്കിൽ ഇഷ്ട മേഖല ഏതാണെന്ന് വ്യക്തമാക്കണം. ഗോരക്ഷ, ഗോസേവ, ലവ് ജിഹാദിനെതിരായ പോരാട്ടം, ഘർ വാപസി, ഹലാൽ, മന്ദിർ നിർമൽ, ഹിന്ദു ഏകത, സേവ തുടങ്ങിയവ ഓപ്ഷനായി ചേർത്തിട്ടുണ്ട്.

20,000ത്തിൽ അധികം അംഗങ്ങൾ ഉള്ള ഗ്രൂപ്പിലൂടെ വർഗീയ വിദ്വേഷം വളർത്തുകയും പ്രചരിപ്പിക്കുകയും ചെയ്യുന്നുണ്ടെന്നും റിപ്പോർട്ടിൽ പറയുന്നു. വിഷലിപ്തമായ വിവരണങ്ങളും സാമുദായിക വിദ്വേഷവും വർഗീയതയും സോഷ്യൽ മീഡിയ പ്ലാറ്റ്ഫോമുകളിലുടനീളം പ്രചരിപ്പിക്കാൻ പ്രത്യേക പ്രൊപ്പാഗാണ്ട ഈ സംഘത്തിന് ഉണ്ടെന്നും റിപ്പോർട്ട് വിശദീകരിക്കുന്നു.

അതേസമയം, കപിൽ മിശ്രയെ അറസ്റ്റ് ചെയ്യണമെന്ന് ആവശ്യപ്പെട്ട് ഡൽഹി പൊലീസ് കമീഷണർക്ക് സി.പി.ഐ.എം പൊളിറ്റ്ബ്യൂറോ അംഗം ബൃന്ദ കാരാട്ട് കത്ത് നൽകിയിട്ടുണ്ട്. ടെലഗ്രാം വഴി വിദ്വേഷപ്രചാരണം നടത്തുന്നുവെന്ന് ചൂണ്ടിക്കാട്ടിയാണ് കത്ത്.