മോദി വിയർക്കുന്നു ;വിമർശനം ഭയന്ന് ഫാസിസ്റ്റ് മുറകളിലേക്ക്

0
76

– കെ വി – 

ആശയപരമായ വിയോജിപ്പുകളെ വെടിയുണ്ടകളും ഭരണകൂട മർദനമുറകളുംകൊണ്ട് നേരിടൽ ഫാസിസ്റ്റ് രീതികളിലൊന്നാണ്.

രാഷ്ടപിതാവ് ഗാന്ധിജി മുതൽ മുതിർന്ന വനിതാ പത്രപ്രവർത്തക ഗൗരിലങ്കേശ് വരെയുള്ള സമാധാനവാദികൾ കൊല്ലപ്പെട്ടത് വർഗീയ വിദ്വേഷചിന്തയെ വിമർശിച്ചതിൻ്റെ പേരിലായിരുന്നു.

ഭ്രാന്തമായ അക്രമത്വരയും അസഹിഷ്ണുതയും ആളിക്കത്തിയതിൻ്റെ ആഘാതത്തിൽ നാട് വിറങ്ങലിച്ചുപോയ ചോരമണക്കുന്ന അനുഭവങ്ങൾ ഒട്ടേറെയുണ്ട് ചരിത്രത്തിൽ.

പൗരാവകാശങ്ങൾ ഞെരിച്ചമർത്തി, ജനാധിപത്യമര്യാദകൾ കുഴിച്ചുമൂടിയ അധികാരഹുങ്കിൻ്റെ കറുത്ത അധ്യായങ്ങളും ഇന്നലെകളിലെ ഇന്ത്യയിൽ അങ്ങിങ്ങായി കാണാം. എന്നാൽ, അതിരറ്റ പോരാട്ടവീറോടെ അതിനെയെല്ലാം അതിജീവിച്ച ജനകീയ ഐക്യത്തിൻ്റെ വിജയഭേരിയ്ക്കാണ് എവിടെയും മേൽക്കൈ.

രാജ്യതലസ്ഥാനം വളഞ്ഞ് കർഷകലക്ഷങ്ങൾ നടത്തിവരുന്ന ഐതിഹാസിക പ്രക്ഷോഭത്തെയും അതിനെ അനുകൂലിക്കുന്നവരെയും വേട്ടയാടുന്ന കേന്ദ്ര ഭരണക്കാർ അത് ഓർക്കുന്നത് നന്നാവും.

കേന്ദ്രത്തിൽ വാഴുന്ന നരേന്ദ്രമോദി – അമിത് ഷാ കൂട്ടുകെട്ടിൻ്റെ നില മറന്ന കോർപ്പറേറ്റ് ഭക്തി തുറന്നുകാട്ടപ്പെടുകയാണ് കർഷകസമരത്തെ അടിച്ചമർത്തുന്ന പൊലീസ് നടപടികളിലൂടെ. സ

ത്യം വിളിച്ചുപറയുന്ന വാർത്താമാധ്യമങ്ങളെയും മനഷ്യാവകാശപ്രവർത്തകരെയും പരിസ്ഥിതിവാദികളെയുമെല്ലാം രാജ്യദ്രോഹികളെന്ന് മുദ്രകുത്തി കേസെടുത്ത് ദ്രോഹിക്കുകയാണ് കേന്ദ്ര സർക്കാർ. സ്വതന്ത്ര നിലപാടിനും വിശ്വാസ്യതയ്ക്കും കീർത്തികേട്ട ഡെൽഹിയിലെ നവമാധ്യമ സ്ഥാപനമായ ന്യൂസ് ക്ലിക്ക് പൂട്ടിക്കുമെന്നാണ് ഭീഷണി.

അതിൻ്റെ ഓഫീസിലും ഉടമയുടെയും എഡിറ്റർ മാരുടെയും വീടുകളിലും കയറിനിരങ്ങുകയാണ് എൻഫോഴ്സ്മെൻറ് ഡയറക്ടറേറ്റ് ഉദ്യോഗസ്ഥർ . കൂടാതെ കേന്ദ്രനയങ്ങളെ പിന്താങ്ങാത്ത അഞ്ഞൂറിൽപരം അക്കൗണ്ടുകൾ നീക്കം ചെയ്യാൻ ട്വിറ്ററിനോട് ആവശ്യപ്പെട്ടിരിക്കുന്നു. മൂന്നുമാസത്തിനിടയ്ക്ക് പത്ത് പ്രാവശ്യമാണ് ഡെൽഹിയിലും സമീപ പ്രദേശങ്ങളിലും ഇൻ്റർനെറ്റ് ബന്ധം വിഛേദിച്ചത്.

അതിനും പുറമെയാണ് യുവ പരിസ്ഥിതി പ്രവർത്തക ദിശ രവിയെ ബംഗ്ലൂരിൽനിന്ന് അറസ്റ്റ് ചെയ്ത് തടങ്കലിലാക്കിയ പൊലീസ് ഇടപെടൽ. ദിശയ്ക്കൊപ്പം മുംബൈയിലെ മലയാളി അഭിഭാഷക നികിത ജേക്കബ്, പരിസ്ഥിതി പ്രവർത്തകൻ ശാന്തനു മുലുക് എന്നിവരെയും കസ്റ്റഡിയിലെടുക്കാൻ വലയെറിഞ്ഞ് കാത്തുനിൽക്കുകയാണ് കേന്ദ്രസേന. മുംബൈ ഹൈക്കോടതി അനുവദിച്ച താൽക്കാലിക സുരക്ഷാ ആനുകൂല്യത്തിലാണ് അവർ കഴിയുന്നത്.

ദേശീയ ആഭ്യന്തര മന്ത്രി അമിത് ഷാ നയിക്കുന്ന ഡെൽഹി പൊലീസ് നേരിട്ട് അറസ്റ്റ് വാറണ്ട് പുറപ്പെടുവിക്കുകയാണ് തങ്ങൾ നോട്ടമിടുന്നവർക്കെതിരെ . ബംഗ്ലൂരിൽ പ്രാദേശികാധികൃതരെ അറിയിക്കുകപോലും ചെയ്യാതെയാണ് ദിശയെ കസ്റ്റഡിയിലെടുത്ത് ഡെൽഹിയിലെത്തിച്ച് കൽത്തുറുങ്കിലടച്ചത്. അഭിഭാഷക സഹായം തേടാനും സമ്മതിച്ചില്ല.

അപ്രഖ്യാപിത അടിയന്തരാവസ്ഥയുടെ ഞെട്ടിക്കുന്ന ഞാണൊലികളാണ് തലസ്ഥാന നഗരിയിൽനിന്ന് ഉയർന്നുകേൾക്കുന്നത്. കേന്ദ്രസർക്കാരിൻ്റെ വികലനയങ്ങളെയും വഴിവിട്ട പോക്കിനെയും ആരും വിമർശിക്കാൻ പാടില്ലെന്ന നിലയാണ് . മലയാളിയായ വന്ദ്യവയോധികൻ ഫാദർ സ്റ്റാൻ സ്വാമിയുൾപ്പെടെ എത്രയെത്ര സ്വതന്ത്ര ബുദ്ധിജീവികളെയും മനുഷ്യാവകാശപ്പോരാളികളെയുമാണ് കള്ളക്കേസുകളിൽ കുടുക്കി ജയിലിലാക്കിയത് …!

സംഘപരിവാറിൻ്റ സ്തുതിപാഠകർക്കേ രക്ഷയുള്ളൂ. രാജ്യസുരക്ഷയുമായി ബന്ധപ്പെട്ട സൂക്ഷ്മരഹസ്യങ്ങളടക്കം ചോർത്തി പ്രചരിപ്പിച്ച് ടി ആർ പി റേറ്റുയർത്തുന്ന അർണബ് ഗോസ്വാമിമാർക്ക് എന്തുമാവാം… ഉത്തർ പ്രദേശിൽ ഹാഥ്റസ് പെൺകുട്ടിയുടെ ദാരുണാന്ത്യം റിപ്പോർട്ട് ചെയ്യാൻ പോയ മാധ്യമ പ്രവർത്തകൻ സിദ്ദിഖ് കാപ്പനോ നിരന്തര പൊലീസ് പീഡനവും…!

ഡിജിറ്റൽ മാധ്യമങ്ങളുടെ ഉള്ളടക്കം നിയന്ത്രിക്കാൻ ദേശീയ നിയമം കൊണ്ടുവന്നത് ഈയിടെയാണല്ലോ. മുഖ്യധാരാ മാധ്യമങ്ങളെ പല വിധത്തിൽ സ്വാധീനിച്ച് വരുതിയിലാക്കിയതിന് ഒപ്പമാണ് സൈബർ മേഖലയിലെ ആശയ വിനിമയ വിലക്ക് . കർഷകസമരത്തെ പിന്തുണച്ച സീനിയർ ജേർണലിസ്റ്റ് രാജ്ദീപ് സർ ദേശായിയടക്കമുള്ളവരെ കേസിൽപെടുത്തി പിടികൂടാൻ പൊലീസ് തുനിഞ്ഞതാണ്. അത് സുപ്രീം കോടതിതന്നെ ഇടപെട്ടാണ് തടഞ്ഞത്.

ഭിന്നാഭിപ്രായങ്ങൾ പ്രകടിപ്പിക്കുന്നത് നിരോധിക്കാൻ ഏതറ്റംവരെയും പോകുന്ന ഫാസിസ്റ്റ് പ്രവണതയുടെ സൂചനയാണ് ഇത്തരം കടന്നുകയറ്റങ്ങൾ. ദേശീയതലത്തിലുള്ള പത്രാധിപ കൂട്ടായ്‌മയായ എഡിറ്റേഴ്സ് ഗിൽഡ് ഉന്നയിച്ച ഉൽക്കണ്ഠ ഏറെ അർത്ഥവത്താണ്.

കൃഷിക്കാരുടെ ജീവൽ പ്രശ്നങ്ങളിലൂന്നി കക്ഷിരാഷ്ട്രീയ ഭേദമന്യേ നടത്തുന്ന പ്രക്ഷോഭത്തിന് സാർവദേശീയ പിന്തുണ കൂടിവരുന്നതാണ് കേന്ദ്രഭരണാധികാരികളെ അസ്വസ്ഥരാക്കുന്നത്. സമരം അടിച്ചമർത്തുന്നതിനെ, അന്താരാഷ്ട്ര തലത്തിൽ അറിയപ്പെടുന്ന സ്വീഡിഷ് പരിസ്ഥിതി പ്രവർത്തക ഗ്രേറ്റ ത്യൂൻ ബേയും മറ്റു ചില പ്രമുഖരും അപലപിച്ചിരുന്നു.

ഗ്രേറ്റയ്ക്ക് ഡിജിറ്റൽ ടൂൾ കിറ്റ് വഴി സമരവിവരങ്ങൾ കൈമാറിയത് ദിശ രവിയും മറ്റും ചേർന്നാണെന്ന് പൊലീസ് ആരോപിക്കുന്നു. ഖലിസ്താൻ ചായ്‌വുള്ള സംഘടനയുമായി ഇവർക്ക് അടുപ്പമുണ്ടെന്ന് സ്ഥാപിക്കാനും പൊലീസ് ശ്രമിക്കുകയാണ്. അതുസംബന്ധിച്ച് കേസെടുത്താണ് അന്വേഷണം.

സൗമ്യമായ വിമർശനങ്ങളോടു വരെ അങ്ങേയറ്റം അക്ഷമയോടെയാണ് കേന്ദ്രസർക്കാർ വക്താക്കൾ പ്രതികരിക്കുന്നത്. അതിസമ്പന്ന കോർപ്പറേറ്റ് മുതലാളിമാർക്കുവേണ്ടിയാണ് കോവിഡ് മഹാമാരിക്കാലത്ത് തിടുക്കപ്പെട്ട് കാർഷിക കരിനിയമങ്ങൾ അടിച്ചേൽപ്പിച്ചതെന്നത് സുവ്യക്തമാണ്.

അത് കോൺഗ്രസ് ദേശീയ ഉപാധ്യക്ഷൻ രാഹുൽ ഗാന്ധിയും ലോക്സഭയിലെ ചർച്ചയിൽ വിശദമാക്കിയിരുന്നു. മോദി – അമിത്ഷാ ഭരണം അംബാനി – അദാനിമാർക്ക് നൽകുന്ന അളവറ്റ സഹായങ്ങളും അദ്ദേഹം ചൂണ്ടിക്കാട്ടുകയുണ്ടായി.

നാം രണ്ട്, നമുക്ക് രണ്ട് എന്നതിലാണ് ഭരണനായകരുടെ ശ്രദ്ധയെന്ന് കരണത്തു കൊള്ളുന്ന ഒരു പ്രയോഗവും ആ പ്രസംഗത്തിലുണ്ടായിരുന്നു. അതിനോട് വളരെ തരംതാണ ശൈലിയിലാണ് ധനമന്ത്രി നിർമലാ സീതാരാമനടക്കം ഇടഞ്ഞ് സംസാരിച്ചത്. അന്തകൻ, അസുരവിത്ത് എന്നൊക്കെ രാഹുലിനെ അധിക്ഷേപിക്കാൻ അവർ മുതിർന്നു.

സംയുക്ത കിസാൻ സംഘർഷ് മോർച്ച നടത്തുന്ന പോരാട്ടം രണ്ടരമാസം പിന്നിട്ടുകഴിഞ്ഞു. ഡെൽഹിയിലെ കൊടും തണുപ്പും വിവരണാതീതമായ ക്ലേശങ്ങളും സഹിച്ചാണ് അവർ പ്രക്ഷോഭപഥങ്ങളിൽ ഉറച്ചുനിൽക്കുന്നത്.

നൂറിലധികം കൃഷിക്കാർ ഇതിനകം മരിച്ചു. എന്നിട്ടും സമരം ഒത്തുതീർപ്പാക്കാതെ കേന്ദ്രസർക്കാർ ധാർഷ്ട്യം തുടരുകയാണ്. ഇത്രയും കടുത്ത ധിക്കാരത്തിൽ പ്രതിഷേധിക്കാതിരിക്കാൻ ആർക്ക് കഴിയും…!