കേരള ബ്ലാസ്റ്റേഴ്സ് മുഖ്യ പരിശീലകനായി ഇഷ്ഫാഖ് അഹമ്മദ്

0
24

കേരള ബ്ലാസ്‌റ്റേഴ്‌സിന്റെ മുഖ്യ പരിശീലകനായി ഇഷ്ഫാഖ് അഹമ്മദിനെ നിയമിച്ചു. ബ്ലാസ്റ്റേഴ്സിന്റെ അവസാന രണ്ട് മത്സരങ്ങള്‍ക്കാണ് ഇഷ്ഫാഖിനെ മുഖ്യപരിശീലകനായി നിയമിച്ചിരിക്കുന്നത്. നിലവില്‍ കേരള ബ്ലാസ്‌റ്റേഴ്‌സിന്റെ അസിസ്റ്റന്റ് പരിശീലകനാണ് ഇഷ്ഫാഖ് അഹമ്മദ്. ടീം തന്നെയാണ് ഔദ്യോഗികമായി ഇക്കാര്യം അറിയിച്ചിരിക്കുന്നത്. ശ്രീനഗർ സ്വദേശിയായ ഇഷ്​ഫാഖ്​ അഹമ്മദ്​ കേരള ബ്ലാസ്​റ്റേഴ്​സിനായി 25 മത്സരങ്ങള്‍ കളിച്ചിട്ടുണ്ട്.

18 മത്സരങ്ങള്‍ പൂര്‍ത്തിയാക്കിയപ്പോള്‍ മൂന്ന് ജയവും ഏഴ് സമനിലയും എട്ട് തോല്‍വിയുമായി പത്താം സ്ഥാനത്താണ് കേരള ബ്ലാസ്റ്റേഴ്‌സ്. 16 പോയിന്റാണ് ബ്ലാസ്റ്റേഴ്‌സിന്റെ അക്കൗണ്ടിലുള്ളത്. 2014-17 സീസണിലായിരുന്നു ബ്ലാസ്റ്റേഴ്‌സിന്റെ ഭാഗമായി ഇഷ്ഫാഖ് ഉണ്ടായിരുന്നത്. ഒരു ഗോള്‍ ബ്ലാസ്‌റ്റേഴ്‌സിനായി താരം നേടിയിട്ടുണ്ട്.

ഐ.എസ്.എല്ലിൽ ഹൈദരാബാദിനോടേറ്റ കനത്ത തോൽവിക്ക് പിന്നാലെ മുഖ്യ പരിശീലകൻ കിബു വികൂനയെ കേരള ബ്ലാസ്റ്റേഴ്സ് പുറത്താക്കിയിരുന്നു. ഇന്നലെ നടന്ന മത്സരത്തിൽ ഹൈദരാബാദിനോട് എതിരില്ലാത്ത നാല് ഗോളുകൾക്കാണ് ബ്ലാസ്റ്റേഴ്‌സ് തോറ്റത്. ഇതോടെ ബ്ലാസ്റ്റേഴ്‌സ് പ്ലേ ഓഫ് കാണാതെ പുറത്താവുകയും ചെയ്തു. അവസാന മത്സരത്തില്‍ ഹൈദരബാദിനോടേറ്റ നാണംകെട്ട തോൽവിയാണു കോച്ചിനെ പുറത്താക്കാനുള്ള നീക്കം വേഗത്തിലാക്കാൻ ടീം മാനേജ്‌മെന്റിനെ പ്രേരിപ്പിച്ചതെന്ന് ഫുട്ബോൾ വെബ്സൈറ്റായ ഗോൾ റിപ്പോർട്ട് ചെയ്യുന്നു.