അയോധ്യയിൽ രാമക്ഷേത്രം പണിയുന്നതിനായി സംഭാവന ചോദിച്ച് ഭീഷണിപ്പെടുത്തുന്നതായി കർണാടക മുൻ മുഖ്യമന്ത്രി എച്ച്.ഡി.കുമാരസ്വാമി. സംഭാവന നൽകുന്നവരുടേയും നൽകാത്തവരുടേയും വീടുകൾ ആർഎസ്എസ് പ്രത്യേകം അടയാളപ്പെടുത്തുന്നുണ്ടെന്ന് കഴിഞ്ഞ ദിവസം കുമാരസ്വാമി ട്വീറ്ററിൽ കുറിച്ചിരുന്നു.
ഇതിന് ശേഷമാണ് ഭീഷണിയുണ്ടെന്ന് ഉന്നയിച്ച് അദ്ദേഹം രംഗത്തെത്തിയിരിക്കുന്നത്. ഒരു സ്ത്രീയടക്കമുള്ള മൂന്നംഗസംഘം വീട്ടിലെത്തിയെന്നും ക്ഷേത്രം പണിയുന്നതിനായി പൈസ നൽകാത്തതിനെ തുടർന്ന് ഭീഷണിമുഴക്കിയതായും കുമാരസ്വാമി പറയുന്നു.
‘ആരാണ് വിവരം നൽകുന്നത് ? തെരുവിലുളള നിരവധി ആളുകൾ പലരേയും ഭീഷണിപ്പെടുത്തി പണം കൈപ്പറ്റുന്നുണ്ട്. ഞാനും ഒരു ഇരയാണ്. ഒരു സ്ത്രീ ഉൾപ്പടെയുളള മൂന്നംഗ സംഘം എന്റെ വീട്ടിലെത്തി എന്തുകൊണ്ടാണ് നിങ്ങൾ പണം നൽകാത്തതെന്ന് ചോദിച്ച് ഭീഷണിപ്പെടുത്തിയിരുന്നു.’ കുമാരസ്വാമി പറഞ്ഞു.
അയോധ്യ ക്ഷേത്ര നിർമാണത്തിനായി പണം നൽകുന്നവരുടെയും അല്ലാത്തവരുടെയും വീടുകൾ ആർഎസ്എസ് പ്രത്യേകം അടയാളപ്പെടുത്തുന്നതായി കഴിഞ്ഞ ദിവസമാണ് കുമാരസ്വാമി ആരോപണമുന്നയിച്ചത്. ആർഎസ്എസ് നാസികളെ പോലെ പെരുമാറുന്നുവെന്നും അദ്ദേഹം കുറ്റപ്പെടുത്തിയിരുന്നു.