സംസ്ഥാനത്ത് ബസുകൾക്ക് നികുതി ഒഴിവാക്കി ,മോട്ടോർ വാഹന നികുതി തവണകളായി അടയ്ക്കാനും അനുമതി :

0
83

സംസ്ഥാനത്തെ സ്റ്റേജ് കാര്യേജ് ബസ്സുകളുടെയും കോൺട്രാക്റ്റ് കാര്യേജ് ബസ്സുകളുടെയും 2021 ജനുവരി ഒന്നിന് ആരംഭിച്ച ത്രൈമാസ വാഹന നികുതി പൂർണ്ണമായും ഒഴിവാക്കാൻ തീരുമാനിച്ചതായി മന്ത്രി എ കെ ശശീന്ദ്രൻ അറിയിച്ചു. ദീർഘകാലമായി കുടിശ്ശികയുള്ള മോട്ടോർ വാഹന നികുതി തുക തവണകളായി അടയ്ക്കുന്നതിന് എല്ലാവിധ വാഹന ഉടമകൾക്കും അനുവാദം നൽകിതായും മന്ത്രി അറിയിച്ചു.

സംസ്ഥാന സർക്കാറിന്റെ “സാന്ത്വന സ്പർശം’ അദാലത്തിൽ പങ്കെടുത്ത നിരവധി ആളുകളുടെ ഒരാവശ്യമായിരുന്നു കുടിശ്ശിക വാഹന നികുതി അടയ്ക്കാൻ സാവകാശം അനുവദിക്കണമെന്നത്. നികുതി കുടിശ്ശികയായതിനാൽ വാഹനം ഓടിക്കാൻ സാധിക്കാതെ പ്രയാസം അനുഭവിക്കുന്ന നിരവധി വാഹന ഉടമകൾക്ക് ആശ്വാസം നൽകുന്നതാണ് ഈ തീരുമാനം. എല്ലാ വിധത്തിൽപെട്ട വാഹന ഉടമകൾക്കും ഈ ആനുകൂല്യം ഉപയോഗപ്പെടുത്താവുന്നതാണ്. താഴെ പറയും പ്രകാരമാണ് തവണകൾ അടയ്‌കാൻ സാവകാശം നൽകിയിട്ടുള്ളത്.

1. 6 മാസം മുതൽ 1 വർഷം വരെയുള്ള കുടിശ്ശിക അടയ്ക്കുന്നതിന് – 2021 മാർച്ച് 20 മുതൽ ആറ് പ്രതിമാസ തവണകൾ.
2. 1 വർഷം മുതൽ 2 വർഷം വരെയുള്ള കുടിശ്ശിക തുക അടയ്ക്കുന്നതിന് – 2021 മാർച്ച് 20 മുതൽ എട്ട് പ്രതിമാസ തവണകൾ.
3. 2 വർഷം മുതൽ 4 വർഷം വരെയുള്ള കുടിശ്ശിക തുക അടയ്‌ക്കുന്നതിന് – 2021 മാർച്ച് 20 മുതൽ പത്ത് പ്രതിമാസ തവണകൾ.

നാല് വർഷത്തിൽ കൂടുതൽകാലം കുടിശ്ശിക വരുത്തിയിട്ടുള്ള വാഹന ഉടമകൾക്ക് 30% മുതൽ 40% വരെ ബാധകമായ ഇളവുകളോടെ കുടിശ്ശിക തുക അടച്ച് തീർക്കുന്നതിനുള്ള ഒറ്റത്തവണ തീർപ്പാക്കൽ പദ്ധതി 2021 മാർച്ച് 31 വരെ നിലവിലുണ്ട്. റവന്യൂ റിക്കവറി നടപടി നേരിടുന്നവർ, വാഹനം നഷ്ടപ്പെട്ടവർ, വാഹനം പൊളിച്ചവർ എന്നിവർക്കും ഈ പദ്ധതി പ്രകാരം ഇളവുകളോടെ കുടിശ്ശിക നികുതി തുക അടയ്‌ക്കാവുന്നതാണ്.

ഇന്ധന വിലയിൽ വന്ന വൻ വർദ്ധനവിനും കോവിഡ് 19 മഹാമാരിയുമായി ബന്ധപ്പെട്ട ദുരിതങ്ങൾക്കുമിടയിൽ സർക്കാർ അനുവദിച്ച ഈ ആനുകൂല്യങ്ങൾ വളരെ സഹായകരമാണെന്നും വാഹന ഉടമകൾ ഉപയോഗപ്പെടുത്തേണ്ടതാണെന്നും മന്ത്രി അഭിപ്രായപ്പെട്ടു.