ആദ്യ ടെസ്റ്റിലെ തോല്‍വിക്ക് ഇംഗ്ലണ്ടിനോട് പകരം വീട്ടി ഇന്ത്യ. രണ്ടാം ടെസ്റ്റില്‍ ഇംഗ്ലണ്ടിനെ 317 റണ്‍സിന് തകര്‍ത്ത് ഇന്ത്യ പരമ്പരയില്‍ ഒപ്പമെത്തി (1-1). സ്‌കോര്‍: ഇന്ത്യ – 329/10, 286/10, ഇംഗ്ലണ്ട് – 134/10, 164/10.
ഇന്ത്യ ഉയര്‍ത്തിയ 482 റണ്‍സ് വിജയലക്ഷ്യം പിന്തുടര്‍ന്ന ഇംഗ്ലണ്ട് 164 റണ്‍സിന് പുറത്തായി. രണ്ടാം ഇന്നിങ്‌സില്‍ അഞ്ചു വിക്കറ്റ് വീഴ്ത്തിയ അക്ഷര്‍ പട്ടേലാണ് ഇംഗ്ലണ്ടിനെ തകര്‍ത്തത്. അശ്വിന്‍ മൂന്നു വിക്കറ്റ് വീഴ്ത്തിയപ്പോള്‍ കുല്‍ദീപ് രണ്ടു വിക്കറ്റെടുത്തു.
മൂന്നു വിക്കറ്റ് നഷ്ടത്തില്‍ 53 റണ്‍സെന്ന നിലയില്‍ നാലാം ദിനം ബാറ്റിങ് ആരംഭിച്ച ഇംഗ്ലണ്ടിന് 26 റണ്‍സെടുത്ത ഡാനിയല്‍ ലോറന്‍സിന്റെ വിക്കറ്റാണ് ആദ്യം നഷ്ടമായത്. പിന്നാലെ 51 പന്തുകള്‍ നേരിട്ട് എട്ടു റണ്‍സെടുത്ത ബെന്‍ സ്റ്റോക്ക്സും പുറത്തായി. അശ്വിനാണ് ഇരുവരെയും മടക്കിയത്. സ്‌കോര്‍ 110-ല്‍ എത്തിയപ്പോള്‍ ഒലി പോപ്പിനെ (12) അക്ഷര്‍ പട്ടേല്‍ മടക്കി. പിന്നാലെ ബെന്‍ ഫോക്സിനെ (2) കുല്‍ദീപും പുറത്താക്കി.
ഉച്ചഭക്ഷണത്തിനു പിന്നാലെ 92 പന്തുകള്‍ നേരിട്ട് 33 റണ്‍സെടുത്ത ക്യാപ്റ്റന്‍ ജോ റൂട്ടിനെ അക്ഷര്‍ മടക്കിയതോടെ ഇംഗ്ലണ്ടിന്റെ വിധി എഴുതപ്പെട്ടിരുന്നു. പിന്നാലെ ഒലി സ്റ്റോണിനെയും (0) അക്ഷര്‍ മടക്കി. 18 പന്തില്‍ തകര്‍ത്തടിച്ച് 43 റണ്‍സെടുത്ത മോയിന്‍ അലിയെ കുല്‍ദീപ് യാദവിന്റെ പന്തില്‍ ഋഷഭ് സ്റ്റമ്പ് ചെയ്തതോടെ ഇംഗ്ലണ്ട് ഇന്നിങ്‌സിന് അവസാനമായി.
റോറി ബേണ്‍സ് (25), ഡൊമിനിക് സിബ്ലി (3), ജാക്ക് ലീച്ച് (0) എന്നിവരാണ് പുറത്തായ മറ്റ് താരങ്ങള്‍. തിങ്കളാഴ്ച അശ്വിന്റെ സെഞ്ചുറിയുടെയും (106) ക്യാപ്റ്റന്‍ വിരാട് കോലിയുടെ അര്‍ധ സെഞ്ചുറിയുടെയും (62) പിന്‍ബലത്തില്‍ രണ്ടാം ഇന്നിങ്സില്‍ 286 റണ്‍സെടുത്ത ഇന്ത്യ ഇംഗ്ലണ്ടിനു മുന്നില്‍ വെച്ചത് 482 എന്ന കൂറ്റന്‍ ലക്ഷ്യമായിരുന്നു.
സെഞ്ചുറി നേടുകയും ആദ്യ ഇന്നിങ്സില്‍ അഞ്ചുവിക്കറ്റ് വീഴ്ത്തുകയും ചെയ്ത അശ്വിന്‍ സ്വപ്നതുല്യമായ പ്രകടനമാണ് പുറത്തെടുത്തത്. ഒന്നാം ഇന്നിങ്‌സില്‍ സെഞ്ചുറി നേടിയ രോഹിത് ശര്‍മയുടെയും (161), അര്‍ധ സെഞ്ചുറി നേടിയ രഹാനെ (67), ഋഷഭ് പന്ത് (58) എന്നിവരുടെയും മികവിലാണ് ഇന്ത്യ 329 റണ്‍സെടുത്തത്.
പിന്നാലെ അഞ്ചു വിക്കറ്റ് വീഴ്ത്തിയ അശ്വിന്റെ മികവില്‍ ഇംഗ്ലണ്ടിനെ ഒന്നാം ഇന്നിങ്‌സില്‍ ഇന്ത്യ വെറും 134 റണ്‍സില്‍ ഒതുക്കിയിരുന്നു.