സംസ്ഥാനത്തെ 59 ആശുപത്രികളിലെ വിവിധങ്ങളായ പദ്ധതികളുടെ ഉദ്ഘാടനം ആരോഗ്യ വകുപ്പ് മന്ത്രി കെ.കെ. ശൈലജ ടീച്ചർ നിർവഹിച്ചു. സാമൂഹികാരോഗ്യ കേന്ദ്രങ്ങൾ, താലൂക്ക്, ജില്ലാ ജനറൽ ആശുപത്രികൾ, സ്ത്രീകളുടെയും കുട്ടികളുടെയും ആശുപത്രികൾ എന്നിവിടങ്ങളിലെ പൂർത്തീകരിച്ച വിവിധ പദ്ധതികളുടെയും പുതുതായി ആരംഭിക്കുന്ന പദ്ധതികളുടെയും നിർമ്മാണ പ്രവർത്തനങ്ങളുടെയും ഉദ്ഘാടനമാണ് നിർവഹിച്ചത്.
തിരുവനന്തപുരം 15, പത്തനംതിട്ട 4, ആലപ്പുഴ 5, കോട്ടയം 7, ഇടുക്കി 11, എറണാകുളം 3, തൃശൂർ 3, പാലക്കാട് 1, മലപ്പുറം 8, കോഴിക്കോട് 1, കണ്ണൂർ 1 എന്നിങ്ങനെയാണ് ജില്ലകളിൽ ഉദ്ഘാടനം നടന്നത്. അതത് ആശുപത്രികൾ കേന്ദ്രീകരിച്ചുള്ള പരിപാടിയിൽ എംഎൽഎമാർ ഉൾപ്പെടെയുള്ള ജനപ്രതിനിധികളും ഉദ്യോഗസ്ഥരും ആശുപത്രി ജീവനക്കാരും പങ്കെടുത്തു.
ആരോഗ്യ മേഖലയിൽ അഭൂതപൂർവമായ മാറ്റം വരുത്താൻ സാധിച്ചുവെന്ന് ആരോഗ്യ വകുപ്പ് മന്ത്രി കെ.കെ. ശൈലജ ടീച്ചർ പറഞ്ഞു. എംഎൽഎമാർ ഉൾപ്പെടെയുള്ള ജനപ്രതിനിധികൾ ആരോഗ്യ വകുപ്പിനോട് ചേർന്ന് നിന്നുകൊണ്ട് വലിയ പ്രവർത്തനങ്ങളാണ് നടത്തിയത്. ഒറ്റമനസോടു കൂടി പ്രവർത്തിക്കാൻ ജനപ്രതിനിധികൾ തയ്യാറായി. ഇത്രയും വലിയ മാറ്റം ഉണ്ടാക്കാൻ സഹകരിച്ച തദ്ദേശ സ്വയംഭരണ പ്രതിനിധികൾ ഉൾപ്പെടെയുള്ള എല്ലാ ജനപ്രതിനിധികൾക്കും നന്ദി പറയുന്നുവെന്നും മന്ത്രി വ്യക്തമാക്കി.
ആരോഗ്യ സ്ഥാപനങ്ങളിലെ മാറ്റം സ്ഥായിയായ രൂപത്തിൽ നാട്ടിൽ നിലനിർത്തണം. അടിസ്ഥാന സൗകര്യങ്ങളോടൊപ്പം ക്ലിനിക്കൽ പ്രാക്ടീസുകളിലും ആരോഗ്യ ശീലങ്ങളിലും വലിയ മാറ്റം ഉണ്ടാകണമെന്നാണ് ഈ സർക്കാർ ആഗ്രഹിച്ചത്. പ്രാഥമിക തലത്തിൽ തന്നെ രോഗ പ്രതിരോധത്തിന് ഊന്നൽ നൽകി. പ്രാഥമികാരോഗ്യ കേന്ദ്രങ്ങളെ കുടുംബാരോഗ്യ കേന്ദ്രങ്ങളാക്കി. താലൂക്ക് തലം മുതൽ എല്ലാ ആശുപത്രികളിലും വലിയ വികസന പ്രവർത്തനങ്ങളാണ് നടത്തിയത്. സർക്കാർ ആശുപത്രികളിൽ എത്തുന്നവരുടെ എണ്ണം ഗണ്യമായി വർധിച്ചു. എല്ലാവർക്കും മികച്ച ചികിത്സ നൽകുകയാണ് സർക്കാരിന്റെ ലക്ഷ്യം. ഇതനുസരിച്ച് ആശുപത്രികളിലെ സജ്ജീകരണങ്ങളും പ്രവർത്തന രീതികളും മാറ്റി. കോവിഡ് കാലത്തും മറ്റ് ചികിത്സ ഉറപ്പ് വരുത്താൻ നമുക്കായതു കൊണ്ടാണ് മരണ നിരക്ക് കുറയ്ക്കാൻ സാധിച്ചതെന്നും മന്ത്രി വ്യക്തമാക്കി.
മന്ത്രിമാരായ കടകംപള്ളി സുരേന്ദ്രൻ, ജി. സുധാകരൻ, എം.എം. മണി, കടന്നപള്ളി രാമചന്ദ്രൻ, എംഎൽഎമാരായ വി.എസ്. ശിവകുമാർ, ആൻസലൻ, വി.കെ. പ്രശാന്ത്, ഐ.ബി. സതീഷ്, വി. ജോയി, ബി. സത്യൻ, ജനീഷ് കുമാർ, വീണ ജോർജ്, ചിറ്റയം ഗോപകുമാർ, ഷാനിമോൾ ഉസ്മാൻ, യു. പ്രതിഭ, ദിവ്യ ആശ, മാണി സി കാപ്പൻ, എൻ. ജയരാജ്, തിരുവഞ്ചൂർ രാധാകൃഷ്ണൻ, റോഷി അഗസ്റ്റിൻ, ബിജിമോൾ, എസ്. രാജേന്ദ്രൻ, പി.ജെ. ജോസഫ്, അനൂപ് ജേക്കബ്, പി.ജെ. വിനോദ്, എൽദോ എബ്രഹാം, വി.ഡി. ദേവസ്യ, പി.കെ. ശശി, പി ഉബൈദുള്ള, പി.കെ. ബഷീർ, ഹമീദ് മാസ്റ്റർ, എ.പി. അനിൽ കുമാർ, മഞ്ഞളാംകുഴി അലി, കാരാട്ട് റസാഖ് എന്നിവർ അതത് കേന്ദ്രങ്ങളിൽ അധ്യക്ഷത വഹിച്ചു. മറ്റ് ജനപ്രതിനിധികൾ, ആശുപത്രി ജീവനക്കാർ എന്നിവർ പങ്കെടുത്തു.