EXCLUSIVE…”എം എൽ എ യുടെ കത്തും മൂന്ന് ലക്ഷവും ഉണ്ടെങ്കിൽ ജോലി ഉറപ്പ്” , പിൻവാതിൽ നിയമനത്തിന്റെ യു ഡി എഫ് മോഡൽ

0
43

പട്ടികജാതിവകുപ്പിനു കീഴിലെ പാലക്കാട്‌ ഗവ. മെഡിക്കൽ കോളേജിൽ യുഡിഎഫ്‌ സർക്കാരിന്റെ കാലത്ത് പിൻവാതിൽവഴി നിയമിച്ചത്‌ 175പേരെ. 194 ജീവനക്കാരിൽ 175പേരും പിൻവാതിൽ നിയമനം നേടിയവരാണെന്ന്‌ വിജിലൻസ്‌ അന്വേഷണത്തിൽ കണ്ടെത്തി. തുടർന്ന്‌ ഉമ്മൻചാണ്ടി സർക്കാരിന്‌ റിപ്പോർട്ടും നൽകിയിരുന്നു.

നിയമനങ്ങളിൽ മാനദണ്ഡം പാലിക്കാത്തതിനാൽ ഇന്ത്യൻ മെഡിക്കൽ കൗൺസിൽ അംഗീകാരം റദ്ദാക്കിയതും യുഡിഎഫ്‌ സർക്കാരിന്റെ കാലത്തുതന്നെ. 2015ലാണ്‌ ഒരു മാനദണ്ഡവും പാലിക്കാതെ 194പേരെ മെഡിക്കൽ കോളേജിൽ നിയമിച്ചത്‌. വ്യാപക പരാതി ഉയർന്നപ്പോൾ ഉമ്മൻചാണ്ടി സർക്കാർതന്നെയാണ്‌ വിജലൻസ്‌ അന്വേഷണത്തിന്‌ ശുപാർശ ചെയ്‌തത്‌. അന്ന്‌ വജിലൻസ്‌ സിഐ ആയിരുന്ന കെ എം പ്രവീൺകുമാർ അന്വേഷിച്ച്‌ 175പേരുടെ നിയമനം അനധികൃതമാണെന്ന്‌ റിപ്പോർട്ട്‌ നൽകിയിരുന്നു. ഇത്‌ മുഴുവൻ റദ്ദാക്കി മാനദണ്ഡം പാലിച്ച്‌ വീണ്ടും നിയമനം നടത്തണമെന്ന്‌ ശുപാർശയും നൽകിയിരുന്നു.

എംഎൽഎയുടെ കത്തും മൂന്ന്‌ലക്ഷംരൂപയും നൽകിയാൽ നിയമനം ഉറപ്പായിരുന്നുവെന്ന്‌ അന്ന്‌ തെളിവെടുപ്പിൽ ചില ഉദ്യോഗാർഥികൾ മൊഴി നൽകിയിരുന്നു. ഇൻസ്‌റ്റിറ്റ്യൂട്ട്‌ ഓഫ്‌ മാനേജ്‌ മെന്റ്‌ ആൻഡ്‌ ഗവേണൻസ്‌ എന്ന സ്ഥാപനത്തിനാണ്‌ ഉദ്യോഗാർഥികളെ നിയമിക്കാൻ അധികാരം നൽകിയത്‌. പത്രങ്ങളിൽ വലിയ പരസ്യം നൽകി അപേക്ഷ സ്വീകരിച്ചശേഷം യോഗ്യതയുടെ അടിസ്ഥാനത്തിൽ കൂടിക്കാഴ്‌ചയ്‌ക്ക്‌ വിളിച്ച്‌ മാർക്കിന്റെ അടിസ്ഥാനത്തിൽ റാങ്ക്‌ ലിസ്‌റ്റ്‌ പ്രസിദ്ധീകരിക്കുകയും അതിൽനിന്ന്‌ നിയമനം നടത്തുകയും ചെയ്യേണ്ടിയിരുന്നു. എന്നാൽ ഒരു ഇംഗ്ലീഷ്‌ പത്രത്തിൽ ആരും കാണാത്തവിധം ചെറിയ പരസ്യം നൽകി വേണ്ടപ്പെട്ടവരിൽനിന്ന്‌‌ അപേക്ഷ വാങ്ങി നേരിട്ട്‌ നിയമിക്കുകയായിരുന്നു.

ഭരണസ്വാധീനമുള്ളവരും കോൺഗ്രസ്‌നേതാക്കളുടെ ബന്ധുക്കളും ഈ അവസരം ഉപയോഗിച്ച്‌ ജോലി നേടി. പണവും സ്വാധീനവുമായിരുന്നു മുഖ്യപരിഗണന. ഇക്കാര്യങ്ങളെല്ലാം അന്വേഷണത്തിൽ കണ്ടെത്തി. തുടർന്നാണ്‌ നിയമനം റദ്ദാക്കാൻ വിജിലൻസ്‌ ശുപാർശ ചെയ്‌തത്‌. മെഡിക്കൽ കോളേജിന്‌ മെഡിക്കൽ കൗൺസിൽ ഓഫ്‌ ഇന്ത്യയുടെ അംഗീകാരം ലഭിക്കണമെങ്കിൽ അധ്യാപക–- അനധ്യാപക തസ്‌തികകളിൽ സ്ഥിരനിയമനം വേണം.

യുഡിഎഫ്‌ സർക്കാർ തസ്‌തിക സൃഷ്ടിക്കാതെയാണ്‌ മുഴുവൻ നിയമനവും നടത്തിയത്‌. ഇത്തരത്തിൽ നടത്തിയ പിൻവാതിൽനിയമനം മെഡിക്കൽ കൗൺസിൽ അംഗീകരിച്ചുമില്ല. ഇതാണ്‌ അംഗീകാരം നഷ്ടപ്പെടാൻ ഇടയാക്കിയ മറ്റൊരു കാരണം. എൽഡിഎഫ്‌ സർക്കാർ വന്നതിനുശേഷം അനധികൃത നിയമനങ്ങൾ റദ്ദാക്കുകയും 234 തസ്‌തിക സൃഷ്‌ടിച്ച്‌ ‌മാനദണ്ഡം അനുസരിച്ച്‌ ജീവനക്കാരെ നിയമിക്കുകയും ചെയ്‌തു. അതിനുശേഷമാണ്‌ മെഡിക്കൽ കൗൺസിലിന്റെ അംഗീകാരം ലഭിച്ചത്‌.