റവന്യൂ ഉൾപ്പെടെയുള്ള സർക്കാർ വകുപ്പുകൾ പുതിയ മുഖം ആർജിച്ചു- മുഖ്യമന്ത്രി

0
100

റവന്യൂ ഉൾപ്പെടെയുള്ള സർക്കാർ വകുപ്പുകൾ പുതിയ മുഖം ആർജിച്ചതായും ജനങ്ങളെ കണക്കിലെടുത്തുള്ള ഇത്തരം മാറ്റങ്ങളിലൂടെ കേരളം രാജ്യത്തിന് തന്നെ മാതൃകയായതായും മുഖ്യമന്ത്രി പിണറായി വിജയൻ പറഞ്ഞു. ഏറ്റവും വലിയ ജനകീയ ആവശ്യമായ പട്ടയപ്രശ്നത്തിന് സർക്കാർ വലിയ മുൻഗണന നൽകിയതായും ഇനിയും പട്ടയം കിട്ടാനുള്ള അർഹരുടെ പ്രശ്നം ഗൗരവമായി കാണുമെന്നും അദ്ദേഹം പറഞ്ഞു.

റവന്യൂ വകുപ്പിന്റെ വിവിധ പദ്ധതികളുടെ ഉദ്ഘാടനം ഓൺലൈനായി നിർവഹിച്ചു സംസാരിക്കുകയായിരുന്നു അദ്ദേഹം. പൊതുസമൂഹത്തിന് ഗുണമുള്ള ഒട്ടേറെ പദ്ധതികൾ ഒരുമിച്ച് ഉദ്ഘാടനം ചെയ്യപ്പെടുന്നതിൽ 13,320 പട്ടയങ്ങൾ കൂടി വിതരണം ചെയ്യുന്ന ചടങ്ങാണ് പ്രധാനം.

ദശാബ്ദങ്ങളായി സാങ്കേതിക പ്രശ്നങ്ങളിലും നിയമക്കുരുക്കുകളിലുംപെട്ട് ഭൂമിയുടെ ഉടമസ്ഥാവകാശം നിഷേധിക്കപ്പെട്ട ഒരുപാട് പേർക്ക് പട്ടയം നൽകാനായി. ഇതുവരെ രണ്ടുലക്ഷത്തോളം പട്ടയങ്ങൾ ഈ സർക്കാരിന് നൽകാനായത് സർവകാല റെക്കോഡാണ്. ഇതുമാത്രമല്ല, ഇനിയും പട്ടയം കിട്ടാൻ അർഹരായവരുടെ കാര്യം ഗൗരവമായി കാണും. ഈ പ്രശ്നം അതിവേഗം ഹരിഹരിക്കാൻ സംവിധാനമൊരുക്കും.

സാധാരണക്കാർ കൂടുതലെത്തുന്ന റവന്യൂ, വില്ലേജ് ഓഫീസുകൾ ജനസൗഹാർദ്ദപരമാക്കുക എന്നതാണ് പ്രധാനം. അത്തരത്തിൽ നവീകരിച്ച് ആധുനിക സേവനങ്ങൾ ലഭ്യമാക്കാനുള്ള നടപടികളാണെടുക്കുന്നത്.

സ്മാർട്ട് വില്ലേജ് ഓഫീസുകൾ ഒരുക്കുന്നത് ഇതിന്റെ ഭാഗമായാണ്. 441 സ്മാർട്ട് വില്ലേജ് ഓഫീസുകൾ ഇതിനകം ആരംഭിച്ചു. 1665 വില്ലേജ് ഓഫീസുകൾ നവീകരിച്ചു. മെച്ചപ്പെട്ട കെട്ടിടം, കുടിവെള്ളം, ഇരിപ്പിട സൗകര്യം, ശുചിമുറി തുടങ്ങിയവ സ്മാർട്ട് വില്ലേജ് ഓഫീസുകളിലുണ്ടാകും. ജനങ്ങൾക്ക് കൂടുതൽ സൗകര്യമൊരുക്കുന്നതിനൊപ്പം ഭരണനിർവഹണം കൂടുതൽ മെച്ചപ്പെടുത്താനും നടപടി സ്വീകരിക്കുന്നുണ്ട്.

അതിന്റെ ഭാഗമായാണ് ഇ-ഓഫീസ് സംവിധാനം ഫലപ്രദമായി റവന്യൂ വകുപ്പിലും വ്യാപിപ്പിക്കുന്നത്. റവന്യൂ വകുപ്പിൽ ആദ്യഘട്ടത്തിൽ താലൂക്ക് ഓഫീസുകളിലും കളക്ടറേറ്റുകളിലും ആർ.ഡി.ഒ ഓഫീസുകളിലും ഇ-ഓഫീസ് ആരംഭിച്ചിട്ടുണ്ട്.
25 സർട്ടിഫിക്കറ്റുകൾ നിലവിൽ ഇ-ഡിസ്ട്രിക്ട് സംവിധാനം വഴി ഓൺലൈനായി വിതരണം ചെയ്യുന്നതെന്നും മുഖ്യമന്ത്രി കൂട്ടിച്ചേർത്തു.

13,320 പട്ടയ വിതരണങ്ങളുടെ ഉദ്ഘാടനം, പ്രകൃതി ദുരന്ത മുന്നറിയിപ്പ് ജനങ്ങളിൽ  എത്തിക്കുന്നതിനുള്ള ഏർലി വാണിംഗ് ഡിസ്സെമിനേഷൻ സിസ്റ്റത്തിന്റെ (ഇ.ഡബ്ലു.ഡി.എസ്) നിർമ്മാണോദ്ഘാടനം, 129 സ്മാർട്ട് വില്ലേജ് ഓഫീസുകൾ, സ്റ്റാഫ് ക്വാർട്ടേഴ്സ് (ഇടുക്കി), മിനി സിവിൽ സ്്റ്റേഷൻ (ഇരിട്ടി), നാല് റവന്യു ഡിവിഷണൽ ഓഫീസുകൾ (കോട്ടയം, പാല, വടകര, മാനന്തവാടി), രണ്ട് താലൂക്ക് ഓഫീസുകൾ (മാവേലിക്കര, ചെങ്ങന്നൂർ), ഇടുക്കിയിൽ ആറ് റെസ്‌ക്യു ഷെൽട്ടറുകൾ, പുതിയ ഓഫീസ് ബ്ലോക്ക് നിർമ്മാണം (കണ്ണൂർ കളക്ട്രേറ്റ്, മാനന്തവാടി, താമരശ്ശേരി താലൂക്ക് ഓഫീസുകൾ), കോൺഫറൻസ്  ഹാൾ നിർമ്മാണം (കണ്ണൂർ താലൂക്ക് ഓഫീസ്) ചൊക്ലി വില്ലേജ് ഓഫീസിൽ കോൺഫറൻസ് ഹാൾ, സ്റ്റാഫ് ക്വാർട്ടേഴ്സ് എന്നിവയുടെ നിർമ്മാണ പ്രവൃത്തികളുടെ ഉദ്ഘാടനം, 16 സ്മാർട്ട് വില്ലേജ് ഓഫീസ് കെട്ടിടങ്ങളുടെ ഉദ്ഘാടനം, ചാലാട്, കതിരൂർ എന്നിവിടങ്ങളിലെ ദുരിതാശ്വാസ അഭയ കേന്ദ്രങ്ങളുടെ ഉദ്ഘാടനം, മുതലമട, നരിപ്പറ്റ് (പാലക്കാട്) റവന്യു സ്റ്റാഫ് ക്വാർട്ടേഴ്സുകളുടെ  ഉദ്ഘാടനം എന്നിവയാണ് മുഖ്യമന്ത്രി നിർവഹിച്ചത്.

റവന്യു മന്ത്രി ഇ. ചന്ദ്രശേഖരൻ ചടങ്ങിൽ അദ്ധ്യക്ഷത വഹിച്ചു. സംസ്ഥാനത്തെ വിവിധയിടങ്ങളിൽ നടക്കുന്ന ചടങ്ങിൽ മന്ത്രിമാർ, എം.പിമാർ, എം.എൽ.എമാർ, തദ്ദേശ സ്ഥാപന ജനപ്രതിനിധികൾ, വിവിധ രാഷ്ട്രീയ കക്ഷി നേതാക്കൾ, ജില്ലാ കളക്ടർമാർ, മറ്റ് റവന്യു ഉദ്യോഗസ്ഥർ തുടങ്ങിയവർ സംബന്ധിച്ചു.