മാധ്യമബുദ്ധി വളർച്ച : പടവലങ്ങപോലെ കീഴോട്ട്

0
43

കെ. വി.

വിരലിനെ ഉരലാക്കാം ; ഉരലിനെ വിരലും. സീറോയെ ഹിറോയാക്കാം ; ഹീറോയെ സീറോയും . ഇതൊരു മാധ്യമ തന്ത്രമാണ്. തങ്ങൾക്ക് വേണ്ടത് പർവതീകരിക്കുക. അനിഷ്ടമായവ തമസ്ക്കരിക്കുക. ഇതൊന്നും നല്ല പ്രവണതയല്ല – പഴയ കാലത്തെ പത്രപ്രവർത്തന പരിശീലന ക്ലാസുകളിൽ ഗുരുസ്ഥാനീയർ നല്ല ഉദാഹരണങ്ങൾസഹിതം ഇതൊക്കെ വിശദമാക്കിയത് ഓർമ്മകളിലുണ്ട്. പക്ഷേ, നവമാധ്യമങ്ങൾ വഴിയുള്ള വാർത്താ വിതരണശൃംഖല രംഗം കീഴടക്കിയ സൈബർ യുഗത്തിൽ ഈ വളഞ്ഞ രീതികൾക്ക് എന്ത് പ്രസക്തി..! എന്നാലും ബുദ്ധി പിറകോട്ട് വളരുന്ന ചില വാർത്താ മാധ്യമസുഹൃത്തുക്കൾ ഇത്തരം വേലകളൊന്നും കൈയൊഴിയുന്ന മട്ടില്ല. അതിന്റെ തെളിവുകൾ ഒട്ടേറെ നമുക്ക് നിത്യവും കാണാം. ചില ദിവസങ്ങളിലാവട്ടെ, ഈ തലതിരിഞ്ഞ പോക്ക് പാരമ്യത്തിലെത്തും. അക്കൂട്ടത്തിലൊരു നാളാണ് ഇന്ന് – ചൊവ്വാഴ്ച.

വാർത്താമൂല്യനിർണയത്തിന്റെ ഏത് അളവുകോൽ വെച്ചുനോക്കിയാലും ഒന്നാം പേജിൽ ഒരു കോളം തലക്കെട്ടിലെങ്കിലും നൽകേണ്ട വാർത്തയാണ് കെ ഫോൺ പദ്ധതി ഉദ്ഘാടനം . എന്നാൽ, മകാരാദി മാധ്യമങ്ങളിൽ മാതൃഭൂമി മാത്രമാണ് ആ മിനിമം മര്യാദ പാലിച്ചത്.

ഇവിടെ മര്യാദ എന്ന് പ്രയോഗിച്ചത് കരുതിക്കൂട്ടിത്തന്നെയാണ്. ഈ പരിപാടിയുടെ ലക്ഷക്കണക്കിന് രൂപയുടെ പരസ്യം മുഖ്യധാരാ പത്രങ്ങളെല്ലാം പ്രസിദ്ധീകരിച്ചിട്ടുണ്ടല്ലോ. കുറഞ്ഞപക്ഷം സ്വകാര്യ പരസ്യദാതാക്കളോട് കാണിക്കുന്ന വിധേയത്വമില്ലേ – അതിന്റെ നേരിയ അംശമെങ്കിലും കേരളത്തിലെ ജനങ്ങൾക്കാകെ വലിയ താല്പര്യമുള്ള കെ ഫോൺ തുടക്കത്തിന്റെ വാർത്തയോടും പുലർത്തേണ്ടേ സാറന്മാരേ…! ഇന്റർനെറ്റ് മേഖലയിലെ ജിയോ പോലുള്ള അതിസമ്പന്ന കോർപ്പറേറ്റ് ലോബികളുടെ സമ്മർദത്തിന് വഴങ്ങി പദ്ധതിക്ക് പാരവെക്കാൻ ഒരുമ്പെട്ട നിങ്ങളുടെ മൂലധനതാല്പര്യ മമത മനസ്സിലാക്കാവുന്നതേയുള്ളൂ . എന്നാലും സംസ്ഥാനത്തെ ജനങ്ങൾക്കാകെ പല തലങ്ങളിലായി പ്രയോജനം കിട്ടുന്ന സൗജന്യ നിരക്കിലുള്ള വമ്പൻ വൈഫൈ സേവന പദ്ധതിയല്ലേ .

മലയാളമാധമങ്ങളിൽ വലതുപക്ഷത്തിന്റെ അപ്പോസ്തല പട്ടമുള്ള മനോരമ കെ ഫോൺ വാർത്ത ചേർത്തത് പതിനാറാം പേജിലാണ് ; കമ്യൂണിസ്റ്റ് വിരുദ്ധതയിൽ ഈയിടെയായി മറ്റുള്ളവയെയെല്ലാം പിന്തള്ളാൻ മത്സരിക്കുന്ന മൗദൂദിസ്റ്റ് “മാധ്യമ ” ത്തിൽ എട്ടാം പേജിലെ താഴേ മൂലയിൽ രണ്ടു കോളത്തിൽ ഒതുക്കിയും. ഇതു മാത്രമല്ല, സംസ്ഥാനത്തിന്റെ ഗതാഗത വികസനത്തിൽ വൻ പ്രാധാന്യമുള്ള പശ്ചിമ തീര ജലപാത (കോവളം- ബേക്കൽ ഒന്നാം ഘട്ടം) തുറന്ന വാർത്തയും ഈ പത്രങ്ങളിൽ ചിലത് മുക്കിക്കളഞ്ഞു.

പ്രചാരത്തിൽ എണ്ണക്കൂടുതൽ ഉണ്ടെന്ന അഹങ്കാരത്തിൽ പൊതുസമ്മതി ഉല്ലാദിപ്പിക്കുന്നതിനെക്കുറിച്ച് തെറ്റായ ധാരണകളാണ് ഇന്നും മനോരമയെയും മറ്റും നയിക്കുന്നത്. തങ്ങൾ പടച്ചുവിടുന്നതും ആവർത്തിച്ചാവർത്തിച്ച് മനസ്സിൽ അടിച്ചേല്പിക്കുന്നതുമായ എന്ത് നുണയും ആളുകൾ വിശ്വസിച്ചുകൊള്ളും എന്നുതന്നെയാണ് ഇപ്പോഴും അവർ കരുതുന്നത്. വിവര വിനിമയത്തിൽ ഇന്റർനെറ്റിന്റെയും മൊബൈൽ ഫോണിന്റെയും വ്യാപനം സൃഷ്ടിച്ച വിസ്മയാവഹമായ മാറ്റം അറിയാത്ത കൂട്ടരല്ല ഈ മാധ്യമങ്ങളിലെ വാർത്താവിഭാഗം ചുമതലക്കാർ. തങ്ങളുടെ വരിക്കാരിൽ പ്രത്യേക വായനാഭിരുചി വളർത്തിയും സങ്കുചിത വികാരങ്ങളെ തഴുകിയും അവസാന അടവുകളും പ്രയോഗിച്ചുനോക്കുകയാണ്.

പണ്ട് 1959 ൽ തനി വർഗീയ – പിന്തിരിപ്പൻ ശക്തികൾ നടത്തിയ രാഷ്ട്രീയ അഴിഞ്ഞാട്ടത്തിന് “വി മോചന സമര”മെന്ന ഓമനപ്പേരിട്ട് വിളിച്ചത് വലതുപക്ഷ പത്രങ്ങളാണ്. ഗൾഫ് നാടുകളിലെ ധീര ഭരണാധികാരി സദ്ദാം ഹുസൈനെ അട്ടിമറിക്കാനുള്ള അമേരിക്കൻ അധിനിവേശക്കാലത്ത് യു എസ് പട്ടാളം ഇക്കൂട്ടർക്ക് “ബഹുരാഷ്ട്രസേന ” യായിരുന്നു. കേരളത്തിലെ നെൽപ്പാടങ്ങൾ യഥേഷ്ടം മണ്ണിട്ടുനികത്തുന്ന ഭൂവുടമാ ധാർഷ്ട്യത്തിനെതിരെ കർകത്തൊഴിലാളികൾ നടത്തിയ ചെറുത്തുനില്പ് ഇവരുടെ ശൈലിയിൽ “വെട്ടിനിരത്തലാ “യിരുന്നു .

പത്ത് വർഷത്തിലധികം താല്ക്കാലികക്കാരായി തുടർന്നശേഷം സ്ഥിരപ്പെടുന്ന, സർക്കാരിന്റെ കീഴിലെ ഏത് സ്ഥാപനത്തിൽ ജോലിയുള്ളവരും മകാരാദി മാധ്യമങ്ങൾക്ക് “പിൻവാതിലു”കാരാണ്. നിയമനം പി എസ് സി മുഖേന അല്ലാത്ത ഓഫീസുകളോ തസ്തികകളോ ആണിവയെന്ന് എത്ര വ്യക്തമാക്കിയാലും അക്കാര്യമിവ മറച്ചുവെക്കും.

ശരിയായ രീതിയിൽ അപേക്ഷിച്ച് , എഴുത്തുപരീക്ഷയിലും ഇന്റർവ്യൂവിലും മികവ് തെളിയിച്ച് ജോലിയിൽ കയറിയവർക്ക് പല കാരണങ്ങളാൽ സ്ഥിരപ്പെടുത്തൽ നിഷേധിക്കപ്പെട്ടതാണെന്നത് ഈ നിഷ്പക്ഷ മാധ്യമക്കാർ അറിയാത്ത മട്ട് നടിക്കും. ഒറ്റപ്പെട്ട വിദൂരസ്ഥലങ്ങളിലെ ഏകാധ്യാപക വിദ്യാലയങ്ങളിൽ വർഷങ്ങളായി നാനാവിധ ക്ലേശങ്ങൾ സഹിച്ച് തുഛ ശമ്പളത്തിൽ തൊഴിൽ ചെയ്തുപോന്ന ടീച്ചർമാരെയടക്കം സ്ഥിരപ്പെടുത്തിയത് വല്ലാത്ത അപരാധംതന്നെയല്ലേ … ഇവർക്കൊക്കെ എന്തിന് മാനുഷിക പരിഗണന എന്നാണ് ചോദ്യം.

രാഷ്ട്രീയ ഗൂഢലക്ഷ്യങ്ങൾ മൂടിവെച്ചുള്ള മാധ്യമ കാപട്യത്തിന് ഇത്തരം നിത്യസാക്ഷ്യങ്ങൾ എത്രയെത്ര…!