സ്റ്റേറ്റ് ഇൻഷുറൻസ് സേവനങ്ങൾ വിപുലീകരിക്കുന്നത് പരിശോധിക്കും- മുഖ്യമന്ത്രി

0
38

സ്റ്റേറ്റ് ഇൻഷുറൻസ് വകുപ്പിന്റെ സേവനങ്ങൾ വിപുലീകരിക്കാനുള്ള സാധ്യത പരിശോധിക്കുമെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ പറഞ്ഞു. മോട്ടോർ തൊഴിലാളി മേഖലയിലെ പ്രശ്നങ്ങൾ മനസിലാക്കാനായി ഓട്ടോ തൊഴിലാളികളുമായി ആശയവിനിമയം നടത്തുകയായിരുന്നു മുഖ്യമന്ത്രി.

മോട്ടോർ തൊഴിലാളികൾക്ക് സംസ്ഥാനതലത്തിൽ ഇൻഷുറൻസ് സംവിധാനം വേണമെന്ന ആവശ്യത്തിന്റെ അടിസ്ഥാനത്തിൽ ഇൻഷുറൻസ് വകുപ്പിന്റെ സേവനങ്ങൾ എങ്ങനെ വിപുലീകരിക്കാനാവുമെന്നത് ആലോചിക്കും.

ഓട്ടോ ഉൾപ്പെടെയുള്ള വാഹനങ്ങൾക്ക് എൽ.പി.ജി വ്യാപകമായി ലഭ്യമാക്കണമെന്ന ആവശ്യം പരിഗണിക്കും. സിറ്റി ഗ്യാസ് പദ്ധതി യാഥാർഥ്യമായതിനാൽ ഇന്ധനലഭ്യത വർധിക്കുകയും എല്ലായിടത്തും വ്യാപിക്കുകയും ചെയ്യും. വ്യവസായം, വീട്, വാഹനം എന്നിവയ്ക്ക് ഇത്തരത്തിൽ ഇന്ധനം ലഭ്യമാക്കാനാകും.

ഓട്ടോറിക്ഷാ മീറ്റർ സീലിംഗുമായി ബന്ധപ്പെട്ട വിഷയങ്ങൾ എങ്ങനെ പരിഹരിക്കാമെന്ന് പരിശോധിക്കും. ക്ഷേമനിധി പെൻഷൻ വർധിപ്പിക്കണമെന്നത് പരിശോധിക്കും. തൊഴിലാളികൾക്ക് ക്ഷേമനിധിയിലേക്ക് അടയ്ക്കേണ്ട കുടിശ്ശിക ഗഡുക്കളായി അടയ്ക്കാൻ സൗകര്യം ഒരുക്കമെന്ന ആവശ്യം ആലോചിക്കേണ്ട വിഷയമാണ്. 1991 ലെ ക്ഷേമനിധി പുതിയ ക്ഷേമനിധിയിൽ ലയിപ്പിക്കുന്നത് ഇതിനകം തീരുമാനമായിട്ടുണ്ട്.

സർക്കാരിന് ലഭിക്കുന്ന നികുതി വരുമാനം നാടിന്റെ ആവശ്യങ്ങൾ കണ്ടറിഞ്ഞ് വികസനത്തിനായി വിനിയോഗിക്കുന്നുണ്ട്. ക്ഷേമനിധി സംബന്ധിച്ച മറ്റു ആവശ്യങ്ങൾ ചർച്ച ചെയ്തു തീരുമാനമെടുക്കേണ്ടതാണ്.
ഇ-ഓട്ടോറിക്ഷ ഒഴിച്ചുകൂടാനാവാത്ത ആവശ്യമാണ്. എന്നാൽ ഇത് വ്യാപകമാക്കുമ്പോൾ തൊഴിലാളികളെ കണ്ടുകൊണ്ടുള്ള നിലപാടായിരിക്കും സർക്കാർ എടുക്കുക.

കൃത്യമായി നിശ്ചയിക്കപ്പെട്ട ഓട്ടോ സ്റ്റാൻഡുകൾ വേണമെന്നത് ആവശ്യമാണ്. അക്കാര്യത്തിൽ കൂടുതൽ ശ്രദ്ധ ചെലുത്തും.സമാധാനപരമായി തൊഴിലെടുക്കാനുള്ള അവസരം ഉണ്ടാക്കാനാണ് സർക്കാർ ശ്രമിക്കുന്നത്. ക്രമസമാധാനം കൂടുതൽ ഭദ്രമാക്കാനുള്ള നടപടികളാണ് സർക്കാർ സ്വീകരിക്കുന്നത്.

ഓട്ടോ ഓടിക്കുന്നവർ ഉൾപ്പെടെയുള്ള വനിതകൾക്ക് പൊതു ശൗചാലയങ്ങൾ കൂടുതൽ ആവശ്യമുണ്ട്. തദ്ദേശസ്ഥാപനങ്ങൾ വഴി പൊതുശൗചാലയങ്ങൾ കൂടുതലായി സ്ഥാപിക്കുന്നുണ്ട്. ഇന്ധനപമ്പുകളിലെ ശൗചാലയങ്ങളും പൊതുവായി ഉപയോഗിക്കാൻ സൗകര്യമൊരുക്കുമെന്ന് മുഖ്യമന്ത്രി പറഞ്ഞു.

ചർച്ചയിൽ എംപ്ലോയ്മെൻറ്-ഇൻഡസ്ട്രിയൽ ട്രെയിനിംഗ് വകുപ്പ് ഡയറക്ടർ ഡോ. എസ്. ചിത്ര, വിവിധ ഓട്ടോ തൊഴിലാളി സംഘടനകളെ പ്രതിനിധീകരിച്ച് കെ.എസ്. സുനിൽകുമാർ, സൂസി, മുരളി, കെ.എസ്. രാജീവ്, നിസാറുദ്ദീൻ, ബീന, പി.എ. റഹ്‌മാൻ, യു.വി. രാമചന്ദ്രൻ, മൈക്കിൾ സെബാസ്റ്റ്യൻ, പ്രവീൺ, സി.ടി. വിനോദ്, സേതുമാധവൻ, മുരളീധരൻ, വിശ്വംഭരൻ, കെ.ജി. ബാബുക്കുട്ടൻ, റിയാസ്, അസഫ് അലി, ജയകൃഷ്ണൻ, ടി.എസ്. ബൈജു തുടങ്ങിയവർ സംസാരിച്ചു.