വയനാട് മെഡിക്കൽ കോളേജിൽ 140 തസ്തികകൾ സൃഷ്ടിക്കാൻ തീരുമാനിച്ചു

0
54

വയനാട് മെഡിക്കൽ കോളേജിന്റെ പ്രവർത്തനം തുടങ്ങുന്നതിന് 140 തസ്തികകൾ സൃഷ്ടിക്കാൻ തീരുമാനിച്ചു.115 അധ്യാപക തസ്തികകൾ ഉൾപ്പടെയാണ് 0 തസ്തികകൾ സൃഷ്ടിക്കുന്നത്.

കേരള കയർ തൊഴിലാളി ക്ഷേമനിധി ബോർഡിൽ 16 യു.ഡി.സി., 17 എൽ.ഡി.സി. ഉൾപ്പടെ 55 തസ്തികകൾ സൃഷ്ടിക്കാനും മന്ത്രിസഭാ യോഗത്തിൽ തീരുമാനമായി.മലബാർ ദേവസ്വം ബോർഡിൽ 6 എൻട്രി കേഡർ തസ്തികകൾ സൃഷ്ടിക്കാൻ തീരുമാനിച്ചു.

അഡ്വക്കേറ്റ് ജനറൽ ഓഫീസിൽ വിവിധ വിഭാഗങ്ങളിലായി 60 തസ്തികകൾ സൃഷ്ടിക്കും. ഇതിൽ 23 തസ്തികകൾ അസിസ്റ്റന്റിന്റേതാണ്.

സ്ഥിരപ്പെടുത്തൽ

സംസ്ഥാന യുവജനക്ഷേമ ബോർഡിൽ പി.എസ്.സി.ക്ക് വിടാത്ത തസ്തികകളിൽ 10 വർഷത്തിലധികമായി ജോലി ചെയ്യുന്ന 37 പേരെ സ്ഥിരപ്പെടുത്താൻ തീരുമാനിച്ചു.

കോ-ഓപ്പറേറ്റീവ് അക്കാദമി ഓഫ് പ്രൊഫഷണൽ എഡ്യൂക്കേഷനിൽ 10 വർഷത്തിലധികമായി കരാർ അടിസ്ഥാനത്തിൽ ജോലി ചെയ്യുന്ന 14 ജീവനക്കാരെ സ്ഥിരപ്പെടുത്താൻ തീരുമാനിച്ചു.

കേരള ടൂറിസം ഡവലപ്പ്മെന്റ് കോർപ്പറേഷനിൽ 10 വർഷത്തിലധികമായി ജോലി ചെയ്യുന്ന 100 കരാർ ജീവനക്കാരെ സ്ഥിരപ്പെടുത്താൻ തീരുമാനിച്ചു.

പി.എസ്.സി.ക്ക് വിടാത്ത തസ്തികകളിൽ മാത്രമേ സ്ഥിരപ്പെടുത്തൽ ബാധകമാകൂ.

പ്രൊബേഷൻ നയം അംഗീകരിച്ചു

സംസ്ഥാനത്ത് പ്രൊബേഷൻ അഥവാ നല്ലനടപ്പ് സംവിധാനത്തിന്റെ ഭാഗമായി നയം രൂപീകരിക്കാൻ തീരുമാനിച്ചു. സാമൂഹ്യനീതി വകുപ്പ് തയ്യാറാക്കിയ കരട് പ്രൊബേഷൻ നയത്തിന് മന്ത്രിസഭ അംഗീകാരം നൽകി. ഗുരുതരമല്ലാത്ത കുറ്റങ്ങൾ ചെയ്തവരെയും സമൂഹത്തിന്റെ മുഖ്യധാരയിൽ നിന്ന് മാറ്റിനിർത്തപ്പെട്ടവരെയും സമൂഹത്തിന് ഉതകുന്നവരാക്കി മാറ്റുന്ന സാമൂഹിക ചികിത്സാസമ്പ്രദായമാണ് നല്ലനടപ്പ് അല്ലെങ്കിൽ പ്രൊബേഷൻ. ഈ ലക്ഷ്യം ഫലപ്രദമായി നടപ്പാക്കുന്നതിനുള്ള നിർദ്ദേശങ്ങളാണ് നയത്തിലുള്ളത്.

സംസ്ഥാനത്ത് പുതുതായി രൂപീകരിച്ച കുന്നംകുളം, പയ്യന്നൂർ താലൂക്കുകളിൽ താലൂക്ക് സപ്ലൈ ഓഫീസുകൾ സ്ഥാപിക്കാൻ തീരുമാനിച്ചു. ഇതിന് ആവശ്യമായ തസ്തികകൾ സൃഷ്ടിക്കും.

കേരളത്തിലെ വിവിധ സർവകലാശാലകളുമായി അഫിലിയേറ്റ് ചെയ്ത സ്വാശ്രയ കോളേജുകളിലെ അധ്യാപക-അനധ്യാപക ജീവനക്കാരുടെ നിയമനരീതിയും സേവന വ്യവസ്ഥകളും നിശ്ചയിക്കുന്നതിന് ഓർഡിനൻസ് പുറപ്പെടുവിക്കാൻ ഗവർണറോട് ശുപാർശ ചെയ്യാൻ തീരുമാനിച്ചു.