കര്‍ഷക സമരവുമായി ബന്ധപ്പെട്ട ടൂള്‍ കിറ്റ് കേസില്‍ രണ്ട് പേർക്കെതിരെ കൂടി അറസ്റ്റ് വാറണ്ട് പുറപ്പെടുവിച്ചു. അഭിഭാഷക നിഖിത ജേക്കബ്, ശന്തനു എന്നിവർക്കെതിരെയാണ് ഡല്‍ഹി പോലീസ് ജാമ്യമില്ലാ അറസ്റ്റ് വാറണ്ട് പുറപ്പെടുവിച്ചത്. നിഖിതയാണ് ടൂള്‍ കിറ്റ് നിര്‍മിച്ചതെന്ന് പോലീസ് പറയുന്നു. മുംബൈ കേന്ദ്രീകരിച്ച് പ്രവര്‍ത്തിക്കുന്ന അഭിഭാഷകയാണ് നിഖിത. നിഖിതയെ കാണാനില്ലെന്നും ഇവര്‍ക്കായി തിരച്ചില്‍ നടക്കുകയാണെന്നും പോലീസ് പറഞ്ഞു.
അതേസമയം ടൂള്‍ കിറ്റ് കേസുമായി ബന്ധപ്പെട്ട് കഴിഞ്ഞ ദിവസം അറസ്റ്റിലായ യുവ പരിസ്ഥിതി പ്രവര്‍ത്തക ദിഷ രവിയെ നടപടി ക്രമങ്ങള്‍ പാലിച്ചല്ല കോടതിയില്‍ ഹാജരാക്കിയതെന്ന് മുതിര്‍ന്ന അഭിഭാഷക റെബേക്ക മാമ്മന്‍ ജോണ്‍ പ്രതികരിച്ചു. അറസ്റ്റ് സംബന്ധിച്ചും കോടതിയില്‍ ഹാജരാക്കുമ്പോള്‍ അഭിഭാഷകനെ ഉറപ്പുവരുന്നതും സംബന്ധിച്ച നടപടിക്രമങ്ങള്‍ പാലിക്കപ്പെട്ടിട്ടില്ല എന്നാണ് റെബേക്കയുടെ ആരോപണം.
കര്‍ണാടകയിലെ ബെംഗളൂരുവില്‍നിന്നാണ് ദിഷയെ അറസ്റ്റ് ചെയ്തത്. അവിടെനിന്ന് ഡല്‍ഹിയിലേക്ക് കൊണ്ടുവന്നപ്പോള്‍ കര്‍ണാടകയില്‍നിന്ന് ട്രാന്‍സിറ്റ് ഓര്‍ഡര്‍ വാങ്ങിയില്ലെന്ന ആരോപണം റെബേക്ക ഉന്നയിക്കുന്നു. കൂടാതെ ഡല്‍ഹിയിലെ പാട്യാല കോടതിയില്‍ ഹാജരാക്കിയപ്പോള്‍, ദിഷയ്ക്ക് അഭിഭാഷകനെ ഉറപ്പാക്കുന്നതിനുള്ള നടപടികള്‍ മജിസ്‌ട്രേട്ട് കൈക്കൊണ്ടില്ലെന്നും റെബേക്ക പറയുന്നു. ദിഷയെ കോടതി അഞ്ചുദിവസത്തെ ഡല്‍ഹി പോലീസ് കസ്റ്റഡിയില്‍ വിട്ടിരിക്കുകയാണ്.
അതേസമയം, ദിഷ രവിക്ക് പിന്തുണയുമായി കോണ്‍ഗ്രസ് നേതാവ് പ്രിയങ്കാ ഗാന്ധി ഉള്‍പ്പെടെയുള്ളവര്‍ രംഗത്തെത്തി. നിരായുധയായ ഒരു പെണ്‍കുട്ടിയെ സര്‍ക്കാര്‍ ഭയപ്പെടുന്നു എന്നാണ് പ്രിയങ്കയുടെ വിമര്‍ശനം. ദിഷയുടെ അറസ്റ്റുമായി ബന്ധപ്പെട്ട് ദേശീയ തലത്തില്‍ വലിയ പ്രതിഷേധങ്ങളാണ് ഉണ്ടാകുന്നത്. നേരത്തെ, കോണ്‍ഗ്രസ് നേതാവ് ജയറാം രമേശ്, ഡല്‍ഹി മുഖ്യമന്ത്രി അരവിന്ദ് കെജ്‌രിവാള്‍ ഉള്‍പ്പെടെയുള്ളവരും പരിസ്ഥിതി സംഘടനകളും വിഷയത്തില്‍ വിമര്‍ശനം ഉന്നയിച്ചിരുന്നു.