കർഷകപ്രക്ഷോഭത്തെ പിന്തുണച്ചുള്ള ‘ടൂൾകിറ്റ്’ സമൂഹമാധ്യമ പ്രചാരണത്തിന്റെ പേരിൽ അറസ്റ്റ് ചെയ്ത യുവ പരിസ്ഥിതി പ്രവർത്തക ദിഷ രവിയെ (21) പൊലീസ് കസ്റ്റഡിയിൽ വിട്ടതിൽ മജിസ്ട്രേറ്റ് കൃത്യവിലോപം നടത്തിയെന്ന ആരോപണവുമായി നിയമ വിദഗ്ധർ രംഗത്ത്. ദിഷയെ ഡൽഹി പൊലീസിന്റെ സൈബർ സെല്ലാണ് ബെംഗളൂരുവിലെ വീട്ടിൽനിന്നു ശനിയാഴ്ച അറസ്റ്റ് ചെയ്തത്. ഏഴു ദിവസത്തെ കസ്റ്റഡിയാണ് ആവശ്യപ്പെട്ടതെങ്കിലും ഡൽഹി കോടതി മജിസ്ട്രേറ്റ് ദോവ് സഹോ അഞ്ചു ദിവസം അനുവദിക്കുകയായിരുന്നു.
ഡൽഹി പട്യാല ഹൗസ് കോടതിയിൽ ഹാജരാക്കിയപ്പോൾ ദിശ രവിക്കു വേണ്ടി അഭിഭാഷകർ ആരും ഹാജരായിരുന്നില്ല. അഭിഭാഷകരുടെ അസാന്നിധ്യത്തിൽ ദിശ രവിയെ ജുഡീഷ്യൽ കസ്റ്റഡിയിൽ വിടുന്നതിന് പകരം പൊലീസ് കസ്റ്റഡിയിൽ വിട്ട മജിസ്ട്രേറ്റിന്റെ നടപടി തെറ്റാണെന്ന് മുതിർന്ന അഭിഭാഷക റബേക്ക ജോൺ പറഞ്ഞു. ബെംഗളൂരുവിൽനിന്ന് കസ്റ്റഡിയിലെടുത്ത ദിശയെ ട്രാൻസിറ്റ് റിമാൻഡ് ഇല്ലാതെ ഡൽഹിയിലേക്ക് കൊണ്ടുവന്നത് എങ്ങനെയെന്നും റബേക്ക ജോൺ ചോദിച്ചു. ഒരു അക്രമത്തിനും ആഹ്വാനം ചെയ്യാത്ത ടൂൾ കിറ്റിന്റെ പേരിലുള്ള അറസ്റ്റ് നിയമവിരുദ്ധമാണെന്ന് അഭിഭാഷകരായ കോളിൻസ് ഗോൺസാലസും സൗരഭ് കൃപാലും ചൂണ്ടിക്കാട്ടി.
സ്വീഡിഷ് പരിസ്ഥിതിപ്രവർത്തക ഗ്രേറ്റ ട്യുൻബെർഗ് കർഷകപ്രക്ഷോഭത്തിന് അനുകൂലമായ സമൂഹമാധ്യമ പ്രചാരണത്തിന്റെ നടപടിക്രമങ്ങൾ ‘ടൂൾകിറ്റ്’ എന്ന പേരിൽ ട്വിറ്ററിൽ പോസ്റ്റ് ചെയ്തിരുന്നു. ദിശ ഇത് എഡിറ്റ് ചെയ്യുകയും സമൂഹമാധ്യമങ്ങളിൽ പ്രചരിപ്പിക്കുകയും ചെയ്തെന്നാണു കേസ്. രാജ്യദ്രോഹം, മതസ്പർധ വളർത്തൽ, ക്രിമിനൽ ഗൂഢാലോചന എന്നീ വകുപ്പുകളാണു ചുമത്തിയിരിക്കുന്നത്. ഖലിസ്ഥാൻ ബന്ധം ആരോപിച്ചാണു കേസിൽ പൊലീസ് എഫ്ഐആർ റജിസ്റ്റർ ചെയ്തത്. സംഭവവുമായി ബന്ധപ്പെട്ട ആദ്യ അറസ്റ്റാണിത്. 2 പേരെ കൂടി തിരയുന്നതായി പൊലീസ് പറഞ്ഞു.