സർക്കാരിന്റെ വികസന പദ്ധതികൾ ജനങ്ങളിലേക്ക്‌ എത്തിയതാണ്‌ യുഡിഎഫിന്റെ ആശങ്ക : എ വിജയരാഘവൻ

0
29

സർക്കാരിന്റെ വികസന പദ്ധതികൾ ജനങ്ങളിലേക്ക്‌ എത്തിയതാണ്‌ യുഡിഎഫിന്റെ ആശങ്കയെന്ന്‌ എൽഡിഎഫ്‌ കൺവീനർ എ വിജയരാഘവൻ. വൻ വികസനമാണ്‌ സംസ്ഥാനത്ത്‌ നടത്തുകൊണ്ടിരിക്കുന്നത്‌. യുഡിഎഫ്‌ ‐ ബിജെപി സംയുക്ത സമരത്തിന്‌ കാരണം ഇതാണെന്നും വിജയരാഘവൻ വാർത്താസമ്മേളനത്തിൽ പറഞ്ഞു.

ജനജീവിതം ദുസഹമാക്കുന്ന സാഹചര്യമാണ്‌ കേന്ദ്രനയം മൂലം ഉണ്ടാകുന്നത്‌. പാചകവാതകവില ഇന്നലെ അർധരാത്രിയും കൂട്ടി. ഇന്ധനവില തുടർച്ചയായി വർധിപ്പിക്കുന്നു. കേന്ദ്രഭരണത്തിനെതിരെ കോൺഗ്രസിന്‌ മൗനമാണ്‌. പൊതുമേഖല സ്വകാര്യവൽക്കരണത്തിലൂടെ വലിയ തോതിലുള്ള തൊഴിൽ സാധ്യത കുറയുകയാണ്‌.

യുവാക്കളുടെ അവസരങ്ങളാണ്‌ ഇല്ലാതാകുന്നത്‌. ഇതിനെതിരെ തോതിലുള്ള ജനകീയ പ്രതിഷേധം രൂപപ്പെടുത്തണം. അതിന്‌ മുൻകൈ എടുത്താണ്‌ ഇടതുപക്ഷ ജനാധിപത്യ മുന്നണി പ്രവർത്തനങ്ങൾ നടത്തുന്നത്‌. എൽഡിഎഫ്‌ ആ രീതിയിലാണ്‌ ഇത്തരം വിഷയങ്ങളെ കാണുന്നത്‌.

കേരളത്തിൽ വളരെ പ്രാധാന്യമുള്ള വികസന മുന്നേറ്റമാണ്‌ കഴിഞ്ഞ ദിവസങ്ങളിൽ ഉദ്‌ഘാടനം ചെയ്യപ്പെട്ടത്‌. കെ ഫോൺ ഉദാഹരണമാണ്‌. സാധാരണക്കാരന്‌ ഇന്റർനെറ്റ്‌ ലഭ്യമാകുന്ന രീതിയിലേക്ക്‌ കേരളം മാറുകയാണ്‌. കേരളത്തിന്റെ അടിസ്ഥാന സൗകര്യ വിപുലീകരണത്തിന്‌ മുന്നേറ്റം സർക്കാർ നയങ്ങളിലൂടെ സാധ്യമാണ്‌.

ഏറ്റവും പിന്നോക്കം കിടക്കുന്ന വയനാടിനുവേണ്ടി പ്രത്യേക പാക്കേജ്‌ കൊണ്ടുവരികയാണ്‌. ഓരോ പ്രദേശത്തിന്റെയും പ്രത്യേകത മനസ്സിലാക്കിയാണ്‌ ഈ സർക്കാർ ഇടപെടുന്നത്‌.

ജനങ്ങൾ ഇത്‌ തിരിച്ചറിയുന്നുണ്ട്‌. അതിന്‌ തെളിവാണ്‌ തദ്ദേശ തെരഞ്ഞെടുപ്പിൽ ഉണ്ടായ മുന്നേറ്റം. ബിജെപി ഭരിക്കുന്ന കേന്ദ്രത്തിന്റെ നിലപാടുകളുമായും, കഴിഞ്ഞ ഉമ്മൻചാണ്ടി സർക്കാരിന്റെ നിലപാടുകളുമായും അവർ എൽഡിഎഫ്‌ ഭരണത്തെ താരതമ്യം ചെയ്യുന്നുണ്ട്‌. ഇത്‌ യുഡിഎഫിനെ അസ്വസ്ഥപ്പെടുത്തുന്നുണ്ട്‌. അതാണ്‌ അവരെ അക്രമസമരങ്ങൾക്ക്‌ തയ്യാറാക്കുന്നത്‌.

പിഎസ്‌സി വഴി ഏറ്റവും കൂടുതൽ ആളുകളെ നിയമിച്ചത്‌ എൽഡിഎഫ്‌ സർക്കാരാണ്‌. ഉള്ള ഒഴിവിലും സാധ്യതയുള്ള ഒഴിവിലേക്കും നിയമിക്കാം. ഇല്ലാത്തതിൽ നിയമനം നടത്തണമെന്നത്‌ നിയമപരമായി നടക്കാത്ത കമ്യേമാണ്‌.

തൊഴിലില്ലാത്തവരോട്‌ അനുഭാവപൂർവ്വം ഇടപെടുന്ന നിലപാടാണ്‌ എൽഡിഎഫിനുള്ളത്‌. പിഎസ്‌സി റാങ്ക്‌ ലിസ്‌റ്റിൽ ഉൾപ്പെട്ട തൊഴിലില്ലാത്തവരോട്‌ മാത്രമല്ല ഇത്‌. ലക്ഷക്കണക്കിന്‌ തൊഴിലില്ലാത്തവർ എല്ലാ മേഖലയിലും ഉണ്ട്‌. വ്യത്യസ്‌ത യോഗ്യതകൾ ഉള്ളവർ.

കോൺഗ്രസിന്റെ നിലപാടുകളാണ്‌ നാട്ടിൽ തൊഴിലില്ലായ്‌മ രൂക്ഷമാകാൻ കാരണം. കേന്ദ്ര ഗവൺമെൻറ് നിയമനം നടത്താതിരിക്കുന്നതിൽ ആരും പ്രശ്‌നമുന്നയിക്കുന്നില്ല. ബാങ്കിംഗ് മേഖലയിലും ഇപ്പോൾ നിയമനം നടത്തുന്നില്ല.

ഇത്‌ കോൺഗ്രസ്‌ ചോദ്യംചെയ്യുന്നത്‌ കണ്ടിട്ടില്ല. പിഎസ് സി വഴി നിയമനം നടത്തുന്ന ഒരു തസ്‌തികയിലും ഈ സർക്കാരിൻ്റെ കാലത്ത് താൽക്കാലികക്കാരെ നിയമിച്ചിട്ടില്ല. തദ്ദേശ തെരഞ്ഞെടുപ്പിന് മുമ്പുള്ള രാഷ്ട്രീയ ആഭാസങ്ങളുടെ തുടർച്ചയാണ് ഇപ്പോൾ നടത്തുന്നത്‌.

തദ്ദേശ തെരഞ്ഞെടുപ്പിന്‌ മുമ്പ്‌ യുഡിഎഫ്‌ ബിജെപിയുമായി ആലോചിച്ച സമരങ്ങൾ ധാരാളം ഉണ്ടായിട്ടുണ്ട്‌. ജനങ്ങൾ അതിനെ അനുകൂലിച്ചിട്ടില്ല. നിയമസഭാ തെരഞ്ഞെടുപ്പ്‌ മുന്നിൽക്കണ്ട്‌ പിഎസ്‌സി റാങ്ക്‌ ഹോൾഡേഴ്‌സിനെ മുന്നിൽവച്ച്‌ അക്രമസമരം അഴിച്ചുവിടുകയാണ്‌ കോൺഗ്രസ്‌.

തദ്ദേശ തെരഞ്ഞെടുപ്പിന്‌ മുന്നേ തുടങ്ങിയ സമരാഭാസമാണ്‌ ഇവർ തുടരുന്നത്‌. കേന്ദ്രത്തിനെതിരെ നിശബ്‌ദത പാലിച്ചുകൊണ്ടാണ്‌ കോൺഗ്രസ്‌ മുന്നോട്ടുപോകുന്നത്‌. എൽഡിഎഫിന്റെ ജനസ്വീകാര്യത വർധിക്കുന്നതിലുള്ള ആശങ്കയാണ്‌ യുഡിഎഫിനുള്ളത്‌.

പിഎസ്‌സിക്ക്‌ വിടേണ്ട ഒഴിവുകളല്ല താൽക്കാലിക ജീവനക്കാരെ വയ്‌ക്കുക. പോസ്‌റ്റില്ലാത്ത സാഹചര്യത്തിലാണ്‌ താൽക്കാലികക്കാരെ നിയമിക്കുക. യുഡിഎഫ്‌ സർക്കാരിന്റെ കാലത്ത്‌ യൂണിവേഴ്‌സിറ്റി തുടങ്ങിയപ്പോൾ സ്ഥിരനിയമനമാണോ നടത്തിയത്‌?. ഒരു സ്ഥാപനം തുടങ്ങുമ്പോത്തന്നെ അവിടെ തസ്‌തിക ഉണ്ടാകുമോ?. അങ്ങനെയുള്ളപ്പോഴാണ്‌ താൽക്കാലിക ജീവനക്കാഴര നിയമിക്കുക. ഇത്‌ എൽഡിഎഫ്‌ തുടങ്ങിവച്ച പ്രക്രിയയല്ല. കെഎസ്‌ആർടിസി എം പാനൽ ജീവനക്കാരുടെ സമരം നടന്നത്‌ ഇവിടെയല്ലേ.

പത്ത്‌ വർഷം ജോലിചെയ്‌തവരെ പിരിച്ചുവിടാൻ കോടതി വിധി വന്നപ്പോൾ എല്ലാവരും അവരോടൊപ്പം നിന്നു. മാനുഷികതയാണ്‌ അത്‌. താൽക്കാലിക ജീവനക്കാരുടെ പ്രശ്‌നങ്ങൾ മനസ്സിലാക്കാൻ അന്ന്‌ മാധ്യമങ്ങൾ മുന്നിലുണ്ടായിരുന്നു.

മാധ്യമപ്രവർത്തകർ പ്രകടിപ്പിച്ച ആശങ്കയെ അംഗീകരിക്കുകയാണ്‌. പിഎസ്‌സി എന്നല്ല, ഏത്‌ സമരംചെയ്യുന്ന ആളുകളെയും വിളിച്ച്‌ സംസാരിച്ച്‌ ബോധ്യപ്പെടുത്തുക എന്നത്‌ ജനാധിപത്യത്തിന്റെ മൂല്യമാണ്‌. എൽഡിഎഫ്‌ ആ നയം തുടരുമെന്നും വിജയരാഘവൻ പറഞ്ഞു.