Fact Check: സി പി ഓ നിയമനം : പ്രതിപക്ഷത്തിനൊപ്പം മനോരമയുടെ വ്യാജ പ്രചാരണം, പൊളിച്ചടുക്കി കണക്കുകൾ

0
212

സി പി ഓ നിയമനത്തിന്റെ പേരിൽ സർക്കാരിനെതിരെ വ്യാജ പ്രചാരണം അഴിച്ചു വിടുകയും ഉദ്യോഗാർത്ഥികളെ തെറ്റിദ്ധരിപ്പിച്ച് രാഷ്ട്രീയമായി ഉപയോഗിക്കാനുള്ള നീക്കത്തിന് പ്രതിപക്ഷത്തിന് മനോരമയുടെ വിടുപണി. ഇല്ലാത്ത കണക്കുകൾ പെരുപ്പിച്ച് കാണിച്ചും, നിയമനത്തിന്റെ ഒഴിവുകളെക്കുറിച്ചും സർക്കാർ നടത്തിയ നിയമനത്തിന്റെ കണക്കുകളും വളച്ചൊടിച്ചാണ് മനോരമയുടെ വാർത്ത. എന്നാൽ കണക്കുകൾ പരിശോധിച്ചാൽ ഇതിൽ യാതൊരു വസ്തുതയും ഇല്ലെന്ന് മനസിലാക്കാം.

കാലാവധി കഴിയുംമുമ്പ്‌ 2022 ജനുവരി ഒന്നുവരെയുള്ള 1046 പ്രതീക്ഷിത ഒഴിവിലടക്കം നിയമനം നടത്തിയിട്ടും സിവിൽ പൊലീസ്‌ ഓഫീസർ (സിപിഒ) റാങ്ക്‌ പട്ടികയുടെ പേരിൽ മനോരമയുടെ കള്ളവാർത്ത. റാങ്ക്‌ പട്ടിക റദ്ദാക്കണമെന്ന യുഡിഎഫ്‌, ബിജെപി ആവശ്യത്തിന്‌ കൂട്ടുനിന്ന മനോരമ, ഇപ്പോൾ നഷ്‌ടപ്പെട്ട കാലത്തേക്കുറിച്ച്‌ വിലപിക്കുന്നു. 1200 ഒഴിവിൽ നിയമനം നടത്തിയില്ലെന്ന കള്ളം നിരത്തി റാങ്ക്‌ ഹോൾഡർമാരുടെ വികാരം ആളിക്കത്തിക്കാനാണ്‌ ശ്രമം.

റാങ്ക്‌ പട്ടികയ്‌ക്ക്‌ പാരപണിതത്‌ പ്രതിപക്ഷം

യൂണിവേഴ്‌സിറ്റി കോളേജ്‌ സംഘർഷക്കേസിൽ പ്രതികളായ മൂന്നുപേർ കെഎപി നാലിന്റെ സിപിഒ റാങ്ക്‌ പട്ടികയിൽ ഉൾപ്പെട്ടിരുന്നു. ഇതിന്റെ പേരിൽ പട്ടികതന്നെ റദ്ദാക്കാൻ പ്രതിപക്ഷ നേതാവടക്കം ഗവർണറെ സമീപിച്ചു. പട്ടികയിലെ മറ്റുള്ളവരും തെറ്റുകാരല്ലെന്ന്‌ എങ്ങനെ അറിയുമെന്ന്‌ ചോദിച്ച രമേശ്‌ ചെന്നിത്തല, അന്വേഷണം സിബിഐക്ക്‌ വിടണമെന്നും ‌ആവശ്യപ്പെട്ടു. പട്ടിക റദ്ദാക്കണമെന്ന്‌ മുൻ ഡിജിപി ടി പി സെൻകുമാർ ഉൾപ്പെടെയുള്ള ബിജെപി നേതാക്കളും ആവശ്യപ്പെട്ടു. മനോരമയും ഇതിനെ‌ അനുകൂലിച്ച്‌ വാർത്തകൾ നൽകി. എന്നാൽ, പട്ടിക റദ്ദാക്കുന്നത്‌ നിരപരാധികളുടെ അവസരം നഷ്‌ടമാക്കുമെന്ന്‌ പിഎസ്‌സി നിലപാടെടുത്തു. ക്രൈംബ്രാഞ്ച്‌ അന്വേഷണം നടത്തി കുറ്റക്കാരെ പട്ടികയിൽനിന്ന്‌ ഒഴിവാക്കി നിയമനം ആരംഭിച്ചു.

ഒരു ഒഴിവും ബാക്കിവച്ചില്ല

അന്വേഷണത്തിനായി‌ കുറച്ച്‌ ദിവസം നിയമനം നിർത്തിവച്ചെങ്കിലും പട്ടികയുടെ കാലാവധി തീർന്ന ജൂൺ 30ന്‌ മുമ്പ്‌ ഒഴിവ്‌ ബാക്കി വയ്‌ക്കാതെ നിയമനം പൂർത്തിയാക്കി. പട്ടിക അനുസരിച്ച്‌ 2021 ജൂൺ 30വരെയുള്ള പ്രതീക്ഷിത ഒഴിവിലാണ്‌ നിയമനം നടത്തേണ്ടത്‌. എന്നാൽ, ഡിസംബർ 31 കണക്കാക്കി 2022 ജനുവരി ഒന്നുവരെയുള്ള പ്രതീക്ഷിത ഒഴിവ്‌ പിഎസ്‌സിക്ക്‌ റിപ്പോർട്ട്‌ ചെയ്‌തു. ഇങ്ങനെ കണ്ടെത്തിയ 1200 പ്രതീക്ഷിത ഒഴിവിൽ ഐആർ ബറ്റാലിയനുള്ള 154 ഒഴികെ 1046 എണ്ണത്തിനും പിഎസ്‌സി നിയമന ശുപാർശ അയച്ചു.

രണ്ട്‌ ഘട്ടങ്ങളിലായാണ്‌ ഒഴിവുകൾ റിപ്പോർട്ട്‌ ചെയ്‌തത്‌. 2020 ഫെബ്രുവരി മൂന്നിനും ജൂൺ 25നും വിവിധ ബറ്റാലിയനുകളിൽ റിപ്പോർട്ട്‌ ചെയ്‌ത ഒഴിവുകൾ അതത്‌ ബറ്റാലിയനുതന്നെ നൽകി. നിയമന ശുപാർശ അയക്കാൻ 1200 താൽക്കാലിക ട്രെയിനിങ്‌‌ തസ്‌തികയ്‌ക്ക്‌ മുൻകാല പ്രാബല്യത്തോടെ സർക്കാർ അനുമതി നൽകി.

റാങ്ക്‌ പട്ടികയുടെ കാലയളവിൽ പ്രതീക്ഷിത ഒഴിവ്‌ അടക്കം 5,044 ഒഴിവാണുണ്ടായിരുന്നത്‌. 585 എൻജെഡി ഉൾപ്പെടെ 5,629 ഒഴിവ്‌ പിഎസ്‌സിക്ക്‌ റിപ്പോർട്ട്‌ ചെയ്‌തു. ഇതിൽ എൻസിഎ/എൻജെഡി 20 ഒഴികെ 5609 എണ്ണത്തിലും നിയമന ശുപാർശയും പിന്നാലെ നിയമന ഉത്തരവും നൽകി. ഇവരിൽ 2356 പേർ പരിശീലനം പൂർത്തിയാക്കി. 2391 പേരുടെ രണ്ടാം ബാച്ച്‌ പരിശീലനത്തിലാണ്‌. നിയമാനുസൃതമായി സമയം നീട്ടി ചോദിച്ച ബാക്കിയുള്ളവർക്കും പിന്നീട്‌ പരിശീലനം നൽകും. ഈ വസ്തുതകൾ മറച്ചുവച്ചാണ്‌ മുഴുവൻ പേർക്കും നിയമനം നൽകിയില്ലെന്ന അപഹാസ്യകരമായ വാദം യുഡിഎഫിനും ബിജെപിക്കുംവേണ്ടി മനോരമ നിരത്തുന്നത്‌.