കോടതി നടപടികൾക്കിടെ പൊട്ടിക്കരഞ്ഞ് ദിഷ

0
29

കര്‍ഷക സമരത്തെ പിന്തുണച്ച് സ്വീഡിഷ് പരിസ്ഥിതി പ്രവര്‍ത്തകയായ ഗ്രേറ്റ തുന്‍ബര്‍ഗ് പങ്കുവെച്ച ടൂള്‍ കിറ്റുമായി ബന്ധപ്പെട്ട കേസില്‍ അറസ്റ്റിലായ ദിഷ രവിയെ അഞ്ചു ദിവസത്തെ പൊലീസ് കസ്റ്റഡിയില്‍ വിട്ടു. ഏഴു ദിവസത്തെ കസ്റ്റഡിയാണ് ആവശ്യപ്പെട്ടതെങ്കിലും ഡല്‍ഹി കോടതി മജിസ്‌ട്രേറ്റ് ദോവ് സഹോറ അഞ്ചു ദിവസം അനുവദിക്കുകയായിരുന്നു.

കോടതി നടപടികള്‍ക്കിടെ ദിഷ പൊട്ടിക്കരഞ്ഞു. ടൂള്‍ കിറ്റിലെ രണ്ടുവരി എഡിറ്റ് ചെയ്യുക മാത്രമാണ് താന്‍ ചെയ്തതെന്നും കര്‍ഷകപ്രക്ഷോഭത്തെ പിന്തുണയ്ക്കുക എന്നേ അതുകൊണ്ട് ഉദ്ദേശിച്ചിരുന്നുള്ളൂ എന്നും ദിഷ കോടതിയില്‍ പറഞ്ഞു.

എന്നാല്‍ നിരോധിത സംഘടന ഖലിസ്താന്‍ അനുകൂല സംഘടനകളുമായി ദിശയ്ക്ക് ബന്ധമുണ്ടെന്ന് പൊലീസ് ആരോപിക്കുന്നു. വാട്‌സ്ആപ്പ് ഗ്രൂപ്പുണ്ടാക്കി ടൂള്‍ കിറ്റ് ഡോക്യുമെന്റ് തയ്യാറാക്കാന്‍ മുന്‍ കൈയ്യെടുത്തത് ദിശയാണെന്നാണ് പൊലീസ് വാദം. ഫെബ്രുവരി മൂന്നിനാണ് ദിഷ ടൂള്‍ കിറ്റ് എഡിറ്റ് ചെയ്ത് അയച്ചു കൊടുത്തത്. ദിഷയെകൂടാതെ നിരവധി പേര്‍ ഇതില്‍ പങ്കാളികളായിട്ടുണ്ടെന്നും പൊലീസ് പറയുന്നു. ഡല്‍ഹി പൊലീസിന്റെ സൈബര്‍ സെല്ലാണ് കഴിഞ്ഞ ദിവസം ദിഷയെ അറസ്റ്റ് ചെയ്തത്.

കര്‍ഷക സമരത്തിന് പിന്തുണ നല്‍കാന്‍ ആഹ്വാനം ചെയ്തു കൊണ്ട് പുറത്തു വന്ന ടൂള്‍ കിറ്റിന്റെ നിര്‍മാതാക്കള്‍ക്കെതിരെ രാജ്യദ്രോഹം, ക്രിമിനല്‍ ഗൂഢാലോചന, വിദ്വേഷം വളര്‍ത്തല്‍ എന്നീ കുറ്റങ്ങള്‍ ചുമത്തിയാണ് ഡല്‍ഹി പൊലീസ് എഫ്‌ഐആര്‍ രജിസ്റ്റര്‍ ചെയ്തത്. കര്‍ഷക സമരത്തിന്റെ വിശദാശംങ്ങള്‍ വ്യക്തമാക്കുന്ന ഒരു ടൂള്‍ കിറ്റ് ഗ്രേറ്റ പങ്കുവച്ചതാണ് കേസിനാസ്പദമായ സംഭവം. പോയറ്റിക് ജസ്റ്റിസ് ഫൗണ്ടേഷന്‍ എന്ന ഖലിസ്ഥാന്‍ വാദ അനുകൂല സംഘടനയാണ് ഈ ടൂള്‍ കിറ്റ് നിര്‍മ്മിച്ചതെന്നാണ് ഡല്‍ഹി പൊലീസ് പറയുന്നത്. രാജ്യത്തിനെതിരെയുള്ള അന്താരാഷ്ട്ര ഗൂഢാലോചനയുടെ തെളിവാണ് ഈ ടൂള്‍ കിറ്റ് ആഹ്വാനമെന്നാണ് പൊലീസിന്റെ ആരോപണം.

2018 ഓഗസ്റ്റില്‍ തുടക്കം കുറിച്ച പരിസ്ഥിതി സംരക്ഷണ ക്യാമ്പയിനായ ഫ്രൈഡേ ഫോര്‍ ഫ്യൂച്ചറിന്റെ സഹസ്ഥാപകരിലൊരാളാണ് ദിഷ. ഗുഡ് മൈല്‍ക് എന്ന കമ്പനിയില്‍ ജോലി ചെയ്യുന്ന ദിഷ ബംഗളൂരുവിലെ മൗണ്ട് കാര്‍മല്‍ കോളേജിലെ ബിബിഎ വിദ്യാര്‍ത്ഥിനികൂടിയാണ്. ഇന്നലെ വൈകിട്ട് വീട്ടില്‍ വച്ചാണ് 21കാരിയായ ദിഷയെ ഡല്‍ഹി പൊലീസ് അറസ്റ്റ് ചെയ്തത്.