കാപ്പന്റെ കാലുമാറ്റം പാലാ പൊറുക്കില്ല ; കേരളവും

0
62

– കെ വി –

കാലുമാറ്റക്കാരെ പൊറുപ്പിക്കാത്ത മണ്ണാണ് രാഷ്ട്രീയകേരളത്തിന്റേത്. അതിന് തെളിവായി മുൻ കാലാനുഭവങ്ങൾ പലതുമുണ്ട് ചൂണ്ടിക്കാട്ടാൻ. നയപരമായ ഭിന്നാഭിപ്രായത്തിന്റെ പേരിൽ നേതാക്കൾ പാർട്ടി വിടുന്നതും മുന്നണി മാറുന്നതും സ്വാഭാവികമാണ്. അതുപോലെയല്ല തനിക്ക് മത്സരിക്കാൻ കിട്ടേണ്ട ഒരു സീറ്റിന്റെ കാര്യം മാത്രം പറഞ്ഞുള്ള കൂറുമാറ്റം .

യു ഡി എഫ് നേതൃത്വത്തിന്റെ പ്രലോഭനങ്ങളിൽ മയങ്ങി എൻ സി പിയുമായി അകന്ന മാണി സി കാപ്പന്റേതുപോലുള്ള , മാന്യത തൊട്ടുതീണ്ടാത്ത മറുകണ്ടം ചാട്ടം വേറെ അധികമില്ല. അങ്ങനെ പോയവരെ പൊരുരംഗത്തുനിന്നേ കെട്ടുകെട്ടിച്ചിട്ടുണ്ട് പ്രബുദ്ധരായ മലയാളികൾ. കാപ്പന്റെ മനസ്സിലെ കോപ്പുകൂട്ടൽ അത്ര എളുപ്പത്തിൽ ഫലം കാണുന്ന മണ്ഡലമല്ല പാലായും . അത് അധികം വൈകാതെ ബോധ്യപ്പെടും.

മോഹാധിക്യത്തിന് അടിപ്പെട്ട കാപ്പൻ ഓർക്കാനിടയില്ലാത്ത സമീപകാലത്തെ ചില കാലുമാറ്റക്കാരുടെ കഥ അറിയണോ. കോൺഗ്രസിലെ ആന്റണിപക്ഷം ഇടതു കക്ഷികളുമായി ഇടഞ്ഞതിനെ തുടർന്നുള്ള 1982 ലെ ഇടക്കാല തെരഞ്ഞെടുപ്പ് മുതൽ തുടങ്ങാം. കാസർക്കോട് ജില്ലയിലെ ഉദുമ നിയമസഭാ മണ്ഡലത്തിൽ അപ്രാവശ്യം വിജയിച്ചത് എം കുഞ്ഞിരാമൻ നമ്പ്യാരായിരുന്നു . ഇടതുപക്ഷ – ജനാധിപത്യ പാർട്ടികളുടെ പിന്തുണയുള്ള സ്വതന്ത്രനായി മത്സരിച്ച അദ്ദേഹത്തിന് നല്ല ഭൂരിപക്ഷവുമുണ്ടായിരുന്നു. എന്നാൽ ഏതാനും മാസങ്ങൾ കഴിഞ്ഞപ്പോൾ അദ്ദേഹം കാലുമാറി ഇന്ദിരാ കോൺഗ്രസിലേക്ക് തിരിച്ചുപോയി.

1984 ൽ യു ഡി എഫ് സ്ഥാനാർത്ഥിയായി വീണ്ടും മത്സര രംഗത്ത് വരികയും ചെയ്തു. പക്ഷേ,സി പി ഐ – എം നേതാവ് അഡ്വ. കെ പുരുഷോത്തമനോട് ഏറ്റുമുട്ടി കനത്ത തോൽവിയാണ് ഏറ്റുവാങ്ങേണ്ടിവന്നത്.പിന്നീടദ്ദേഹത്തെ രാഷ്ടീയത്തിൽ ഒരു വേദിയിലും കണ്ടിട്ടേയില്ല.ഒറ്റപ്പാലത്ത് തുടർച്ചയായി ജയിച്ചുപോന്ന വി സി കബീർ മാസ്റ്റർ വിപുലമായ ജനസമ്മതിയുള്ള കോൺഗ്രസ്-എസ് നേതാവായിരുന്നു. രാജിവെച്ച് കോൺഗ്രസ് – ഐയിൽ ചേർന്ന് യു ഡി എഫിൽ പോയ അദ്ദേഹത്തിന് പിന്നെ നിയമസഭ കാണാനായില്ല. 2006 ൽ സി പി ഐ – എമ്മിലെ എം ഹംസയോട് 20000 ത്തോളം വോട്ടിനാണ് തോറ്റത്. മാത്രമല്ല, ക്രമേണ പൊതുജീവിതത്തിൽനിന്നേ വിരമിക്കേണ്ടിയും വന്നു.

നെയ്യാറ്റിൻകരയിലെ ആർ സെൽവരാജിനെ ഉമ്മൻ ചാണ്ടിയുടെ ഭരണത്തിൽ കാലുമാറ്റി ച്ചതിന്റെ നാറ്റക്കഥ പി സി ജോർജ് എം എൽ എ ഇടക്കിടെ ഓർമിപ്പിക്കാറുള്ളതാണ്. അധികാര പിൻബലത്തിൽ പല വിധത്തിൽ വശീകരിച്ചാണ് ശെൽവരാജിനെ എൽ ഡി എഫിൽനിന്ന് അന്ന് അടർത്തിയെടുത്തത്. വൻ തോതിൽ ഭരണസ്വാധീനമുപയോഗിക്കുകയും പണമൊഴുക്കുകയും ചെയ്തിട്ടും ഉപ തെരഞ്ഞെടുപ്പിൽ ശെൽവരാജിനെ ജയിപ്പിച്ചെടുക്കാനായത് നേരിയ ഭൂരിപക്ഷത്തിലായിരുന്നു. 2016 ലാകട്ടെ എൽ ഡി എഫ് സ്ഥാനാർത്ഥി കെ അൻസലനോട് വലിയ വോട്ടുവ്യത്യാസത്തിൽതോൽക്കുകയാണുണ്ടായത്. അതിനു ശേഷം പൊതുരംഗത്തേയില്ല.

ഇടതുപക്ഷ – ജനാധിപത്യ മുന്നണിയിലെ എൻ സി പി പ്രതിനിധിയായാണ് പാലായിൽ മാണി സി കാപ്പൻ ഉപതെരഞ്ഞെടുപ്പിൽ ജയിച്ചത്. ഇപ്പോൾ എൽ ഡി എഫുമായി തെറ്റിപ്പിരിയുന്നതിന് അദ്ദേഹം നിരത്തുന്ന കാരണങ്ങൾ തികച്ചും സ്വാർത്ഥതയിലൂന്നിയ താണ്. ജോസ് കെ മാണി യു ഡി എഫ്ബന്ധം വിഛേദിച്ച് ഇപ്പുറം വന്നതുതൊട്ടേ പാലാ സീറ്റ് കൈവിട്ടു പോവുമോ എന്ന ആശങ്കയിലാണ് കാപ്പൻ. പക്ഷേ, എൽ ഡി എഫിൽ സീറ്റുവിഭജന ചർച്ച തുടങ്ങിയിട്ടേയില്ല. അതിനു മുമ്പേതന്നെ യു ഡി എഫുമായി തരംതാണ വിലപേശൽ നടത്തിവരികയായിരുന്നു കാപ്പൻ. താൻ നയിക്കുന്ന ജാഥ കൊച്ചിയിലെത്തുമ്പോഴേക്ക് ചില പാർട്ടികൾ യു ഡി എഫിലേക്ക് വരുമെന്ന് പ്രതിപക്ഷ നേതാവ് ചെന്നിത്തല നേരത്തേ പ്രസ്താവിച്ചിരുന്നു. കാപ്പനുമായുണ്ടാക്കിയ ധാരണയായിരുന്നു അതിൽ നിഴലിച്ചത്. പക്ഷേ, കിട്ടിയത് കാപ്പനെയും വിരലിലെണ്ണാവുന്ന കൂട്ടാളികളെയും മാത്രമാണ്. എൻ സി പി യെ തെറ്റിക്കാനുള്ള തന്ത്രമൊന്നും ഏശിയതേയില്ല. കോട്ടയത്തെ പ്രസിഡന്റ് ഒഴികെ മുഴുവൻ ജില്ലാ – പ്രാദേശികഘടകം ഭാരവാഹികളും എൻ സി പി സംസ്ഥാന നേതൃത്വത്തിന്റെ തീരുമാനത്തിൽ ഉറച്ചുനിൽക്കുകയാണ്. ദേശീയനേതാക്കളും ഒറ്റമനസ്സോടെ ഇതിനെ പിന്തുണയ്ക്കുന്നു.

പൊതുസമൂഹം വില കല്പിക്കുന്ന ഒരു ന്യായവും മാണി സി കാപ്പന് പറയാനില്ല. അതുതന്നെയാണ് അദ്ദേഹം പാർട്ടിയിലും പുറത്തും ഒറ്റപ്പെട്ടതിനുള്ള കാരണവും.