മക്കൾ മാഹാത്മ്യം : മാറ്റുകൂട്ടാൻ കുഞ്ഞൂഞ്ഞിന് പിറകെ ഇബ്രാഹിംകുഞ്ഞും

0
118

-കെ വി –

കോടതി കല്പിച്ച ജാമ്യ വ്യവസ്ഥവരെ ലംഘിച്ച് പാലാരിവട്ടം ഫെയിം ഇബ്രാഹിംകുഞ്ഞ് എം എൽ എ പാണക്കാട്ട് ചെന്ന് അപേക്ഷ സമർപ്പിച്ചിരിക്കയാണ് – തനിക്കില്ലെങ്കിൽ മോൻ അബ്ദുൾ ഗഫൂറിന് കളമശ്ശേരി നിയമസഭാ സീറ്റ് തരണം. തികച്ചും ന്യായമായ ആവശ്യമാണിത്. സംസ്ഥാന ലീഗധ്യക്ഷൻ ഹൈദരലി ശിഹാബ് തങ്ങൾക്കും അത് ബോധ്യപ്പെട്ടിട്ടുണ്ടത്രെ. വേറെ കുറേ മക്കൾ പിതൃദായക വഴിയിൽ യു ഡി എഫിൽ എം എൽ എ മാരായി വാഴിക്കപ്പെട്ടിട്ടുണ്ടല്ലോ. മറ്റു ചിലർ അരയും തലയും മുറുക്കി അങ്കത്തട്ടിലേറാൻ കാത്തിരിപ്പുണ്ടുതാനും. അക്കൂട്ടത്തിൽ ഒരാൾകൂടി എന്നല്ലാതെ ഇബ്രാഹിം കുഞ്ഞിന്റെ പ്രിയ സന്താനത്തിനുമാത്രം എന്താ ഒരു പോരായ്ക…!

മക്കൾ സാന്നിധ്യ മാഹാത്മ്യംകൊണ്ട് സമ്പന്നമാണ് യു ഡി എഫ് പണ്ടേ . മുസ്ലീം ലീഗിന്റെ കേരളത്തിലെ സ്ഥാപകനേതാക്കളിൽ പെടുന്ന സി എച്ച് മുഹമ്മദ് കോയയുടെ മകൻ എം കെ മുനീർ മെഡിസിനിൽ ഉപരിപഠനം ആഗ്രഹിച്ചതാണ്. എന്നിട്ട് ആതുര ശുശ്രൂഷയിലേക്ക് തിരിയാമെന്നും കരുതിയതായിരുന്നു. അത്രകാലം ജനങ്ങളെ കാത്തിരുത്തി വിഷമിപ്പിക്കേണ്ടെന്നു വെച്ചാണ് നേരത്തേതന്നെ രാഷ്ട്രീയസേവനത്തിനിറങ്ങിയത്. പക്ഷേ, പഠനകാലത്ത് വല്ല എം എസ് എഫുകാരനും മെമ്പർഷിപ് ബുക്കുമായി ചെന്ന് മുനീറിനെ ബുദ്ധിമുട്ടിച്ചേക്കുമോ എന്ന് സ്നേഹനിധിയായ പിതാവിന് കടുത്ത ആശങ്കയുണ്ടായിരുന്നു. അതുകൊണ്ടുകൂടി യായിരുന്നു മുനീറിനെ കർണാടകത്തിൽ കൊണ്ടുപോയി എം ബി ബി എസിന് ചേർത്തത്. പിന്നീട് കോഴ്സിന്റെ രണ്ടാം പാതിയിൽ കേരളത്തിലേക്ക് മാറ്റം വാങ്ങേണ്ടിവന്നതാണ് – സി എച്ച് അന്തരിച്ചതിനെ തുടർന്നുള്ള കുടുംബത്തിലെ പ്രത്യേക സാഹചര്യത്തിൽ.

ചെറുപ്പത്തിലേ മനസ്സിൽ താലോലിച്ച മെഡിക്കൽ അഭിലാഷങ്ങളും ചിത്രരചനയും കവിതാ പാരായണവുമെല്ലാം ഉപേക്ഷിച്ചാണ് മുനീർ പെട്ടെന്ന് കളം മാറിക്കളിച്ച് രാഷ്ട്രീയത്തിൽ ഉദിച്ചുയർന്നത്. വെച്ചടിവെച്ചടി കയറ്റമായിരുന്നു പിന്നെ . കുഞ്ഞാപ്പയോട് ഇടഞ്ഞതേ ഇടയ്ക്കൊരു തടസ്സമായിരുന്നുള്ളൂ. അതാകട്ടെ ലീഗിൽ ഒന്നാം സ്ഥാനത്തിനുള്ള കിടമത്സരത്തിന്റെ ഭാഗമായിരുന്നു. തന്റെ ഉടമസ്ഥതയിലുള്ള ഇന്ത്യാവിഷൻ ന്യൂസ് ചാനലിലൂടെ ഐസ് ക്രീം പാർലർ കേസിലെ ആരോപണങ്ങൾ കത്തിച്ച് ആഞ്ഞടിച്ചതാണ് കുഞ്ഞാലിക്കുട്ടിയെ . അതിന് തിരിച്ചടിയായി ഏറ്റുസഹിച്ച മാരക ഒളിയമ്പുകൾ ഏറെ…

ഫണ്ട് സമാഹരണത്തിന് പാര വെച്ച് ഇന്ത്യാ വിഷൻ കമ്പനി പൊളിച്ചത് ഒന്ന്. രാഷ്ടീയപ്പക വീട്ടലോ – ഉറച്ച സീറ്റുകളിൽ തഴയപ്പെട്ട് ജയസാധ്യത കുറഞ്ഞ മണ്ഡലമേ പിന്നെ മത്സരിക്കാൻ കിട്ടിയുള്ളൂ. ഒരിക്കൽ മലപ്പുറം ജില്ലയിലെ മങ്കട മണ്ഡലത്തിൽ ഇടതുപക്ഷ സ്വതന്ത്രനായിരുന്ന മഞ്ഞളാംകുഴി അലിയോട് ഏറ്റുമുട്ടി തോൽക്കേണ്ടിയും വന്നു. ഒടുവിൽ കഴിഞ്ഞ നിയമസഭാ തെരഞ്ഞെടുപ്പിൽതന്നെ ലീഗിന് പറയത്തക്ക സ്വാധീനമില്ലാത്ത കോഴിക്കോട് സൗത്തിലാണ് സ്ഥാനാർത്ഥിത്വം ലഭിച്ചത്. അവിടെ കഷ്ടിച്ച് രക്ഷപ്പെട്ടത് പിതാവിന്റെ പഴയ സൽകീർത്തിയുടെ പിൻബലത്തിലായിരുന്നു. നർമം കലർന്ന പ്രസംഗത്തിൽ പേരെടുത്തിരുന്ന പി സീതി ഹാജിയുടെ മകൻ പി കെ ബഷീർ, അവുക്കാദർകുട്ടി നഹയുടെ മകൻ അബ്ദുറബ് മുതലായ പിതൃത്വപിന്മുറക്കാരായ എം എൽ എമാർ വേറെയുമുണ്ട് ലീഗിൽ. ഇവരാരും രാഷ്ട്രീയത്തിലെ പ്രവർത്തന പാരമ്പര്യമോ നേതൃശേഷിയോകൊണ്ട് ജനപ്രതിനിധികൾ ആയവരല്ല.

കോൺഗ്രസിലാകട്ടെ വിമതസ്വരത്തിൽ പലപ്പോഴും ഒന്നാമനാവുന്ന കെ മുരളീധരൻ മുതൽ പുതിയ സ്ഥാനാർത്ഥിക്കുപ്പായമിട്ട ചാണ്ടി ഉമ്മൻ വരെ നേതൃപുത്രന്മാർ അനവധിയാണ്. കെ എസ് യുവുമായൊന്നും അത്ര അടുപ്പമില്ലാതിരുന്ന മുരളി പഠിത്തം നിർത്തി ഗൾഫിൽ ജോലിക്ക് പോയതായിരുന്നു . മണലാരണ്യത്തിൽ മകൻ കഷ്ടപ്പെട്ടുപോകുമോയെന്ന് ഭയന്ന് തിരിച്ചുവിളിച്ച് രാഷ്ടീയത്തിൽ തിരുകിക്കയറ്റിയ പിതാവ് കെ കരുണാകരനെ കുറ്റം പറയാനാകുമോ … കോൺഗ്രസിലെ ഉൾപ്പാർട്ടി തർക്കത്തിൽ വെടിനിർത്തലുണ്ടായ ഒരിടവേളയിൽ പാർലമെന്ററി പദവിയിലേക്ക് മുരളിയെ നിർദേശിച്ചത് എ കെ ആന്റണിയാണെന്നാണ് ലീഡർ അവകാശപ്പെടാറുണ്ടായിരുന്നത്. സ്ഥാനാർത്ഥി നിർണയത്തിനുള്ള നിർവാഹക സമിതി യോഗത്തിനിടയ്ക്ക് കരുണാകരന് മൂത്രശങ്കയുണ്ടായതും തിരിച്ചുവരുമ്പോഴേക്ക് ആന്റണി പണി ഒപ്പിച്ചതും രാഷ്ട്രീയ വൃത്തങ്ങളിൽ അന്ന് നല്ലൊരു ഫലിതമായിരുന്നു.


ഉമ്മൻ ചാണ്ടി ഇക്കുറി മകനെ പകരമിറക്കി മത്സര രംഗത്തുനിന്ന് പിന്മാറാനാണ് ആലോചിച്ചിരുന്നത്. ചാണ്ടി ഉമ്മനെ പുതുപ്പള്ളി മണ്ഡലത്തിൽ പരിചയപ്പെടുത്താൻ പരക്കെ പൊതുപരിപാടികൾ സംഘടിപ്പിച്ചുകൊടുക്കുകയും ചെയ്തിരുന്നു. ഈയിടെയാണ് അത്തരമൊരു വേദിയിൽ ക്രൈസ്തവ പള്ളികൾ പല രാജ്യങ്ങളിലും ബാറുകളാക്കുന്നതായി ആക്ഷേപിച്ച് വിവാദം സൃഷ്ടിച്ചത്. പക്ഷേ, ഓർക്കാപ്പുറത്ത് സംസ്ഥാന തെരഞ്ഞെടുപ്പ് മേൽനോട്ട സമിതി അധ്യക്ഷൻ എന്ന നറുക്ക് വീണതോടെ ആന്റണിക്ക് മനംമാറ്റം വന്നിട്ടുണ്ട്. ഇപ്പോൾ ചെന്നിത്തലയെ വെട്ടി യു ഡി എഫിന്റെ നായകസ്ഥാനം കൈയടക്കാനുള്ള ബഹുമുഖ അടവുകളിൽ മുഴുകിയിരിക്കയാണ്. അതിനാൽ ഒരിക്കൽകൂടി മത്സരിക്കാമെന്നും ഉദ്ദേശിക്കുന്നു. എന്നാൽ, യു ഡി എഫിന് ഭരണം പിടിക്കാനാവുമെന്ന ഉറപ്പില്ല. അതുകൊണ്ടുതന്നെ മകന് പറ്റിയൊരു മണ്ഡലത്തിനാണ് മുൻഗണന.


ജി കാർത്തികേയന്റെ മകൻ ശബരീനാഥ്, ടി എം ജേക്കബിന്റെ മകൻ അനൂപ് ജേക്കബ് തുടങ്ങിയവരും പൊതുരംഗത്ത് ഒരു മുൻപരിചയവും ഉള്ളവരല്ല. ഇരു നേതാക്കളുടെയും വിയോഗത്തിനുശേഷം പൊടുന്നനെ രാഷ്ടീയത്തിൽ വന്ന് സഹതാപവോട്ടിന്റെ ആനുകൂല്യത്തിൽ ജയിച്ച് നിയമസഭാ സാമാജികർ ആയവരാണ്. മുൻ ലാവണങ്ങളേക്കാൾ മെച്ചപ്പെട്ടതെന്ന തോന്നലിൽ വന്നു നേട്ടമുണ്ടാക്കുന്നവർ മാത്രം.

 

എന്തിനേറെ, താരതമ്യേന ശുദ്ധൻ എന്ന പരിവേഷമുള്ള എ കെ ആന്റണിയും മകൻ അനിലിന് യോജിച്ച ഔദ്യോഗികസ്ഥാനം തേടുകയാണ്. കെ പി സി സി യുടെ ഐ ടി സെൽ ചുമലക്കാരനായി ഇതിനകം നിയോഗിച്ചു കഴിഞ്ഞു. അനിൽ ആന്റണിയുടെ അടുത്ത ചാട്ടം പാർലമെന്ററി പദവിയിലേക്കായിരിക്കും. അതിന്റെ ചരടുവലികൾ തകൃതിയിൽ നടക്കുന്നു.
കേരളാ കോൺഗ്രസ് – ജെ ഗ്രൂപ്പ് ചെയർമാൻ അപു ജോസഫുമുണ്ട് ഇത്തവണ തെരഞ്ഞെടുപ്പു പോരാട്ട മുഖത്തേക്ക്. അദ്ദേഹം കോഴിക്കോട ജില്ലയിലെ തിരുവാമ്പാടിയിൽ യു ഡി എഫ് സ്ഥാനാർത്ഥിയാകുമെന്നാണ് വാർത്ത. അപു ജോസഫും പൊതുപ്രവർത്തനം എന്തെന്നറിയാത്ത കന്നിക്കാരനാണ്.