ഉദ്യോഗാർത്ഥികളെ വഞ്ചിച്ച് യുപിഎ സർക്കാരും‌ , ഇല്ലാതാക്കിയത‍് 7 ലക്ഷം തൊഴിൽ

0
90

കേന്ദ്രസർവീസിലുണ്ടായിരുന്ന ഗ്രൂപ്പ്‌ ഡി(ലാസ്‌റ്റ്‌ ഗ്രേഡ്‌) തസ്‌തികകൾ അവസാനിപ്പിച്ച് ഉദ്യോഗാർത്ഥികളെ വഞ്ചിച്ച് യുപിഎ സർക്കാരും‌. തസ്‌തികകൾ അവസാനിപ്പിച്ചതോടെ ഇല്ലാതായത്‌ ഏഴ്‌ ലക്ഷത്തോളം തൊഴിലവസരം. ആറാം ശമ്പളകമീഷൻ ശുപാർശയുടെ അടിസ്ഥാനത്തിലാണ്‌ 2008ൽ ഗ്രൂപ്പ്‌ ഡി തസ്‌തികകൾ നിർത്തലാക്കിയത്‌.

റെയിൽവേയിൽ മാത്രം മൂന്നരലക്ഷത്തിൽപ്പരം തസ്‌തികകൾ ഇല്ലാതായി. സാമൂഹ്യമായും സാമ്പത്തികമായും പിന്നോക്കംനിൽക്കുന്നവർക്ക്‌ സർക്കാർ സർവീസിൽ പ്രവേശിക്കാനുള്ള വലിയ അവസരവും ഇതോടെ ഇല്ലാതായി‌. ഉദ്യോഗാർഥികൾക്ക്‌ കനത്ത പ്രഹരം സമ്മാനിച്ച്‌‌ ഗ്രൂപ്പ്‌ ‘സി’യിലും നിയമനം മന്ദീഭവിച്ചു.

തസ്‌തിക ഇല്ലാതാക്കിയതോടെ കരാർനിയമനം വ്യാപകമായി‌. മൂന്ന്‌ ലക്ഷത്തോളം കരാർ ജീവനക്കാരാണ്‌ കേന്ദ്രസർക്കാർ വകുപ്പുകളിൽ ജോലിചെയ്യുന്നത്‌. മാനദണ്ഡങ്ങൾ പാലിക്കാതെയാണ്‌ കരാർ നിയമനം. വിരമിച്ചവരെ ദിവസവേതനാടിസ്ഥാനത്തിൽ ജോലിചെയ്യിപ്പിക്കുന്നതും റെയിൽവേയിലടക്കം പതിവായി.

എട്ട്‌ ലക്ഷത്തോളം തസ്‌തികകൾ‌ കേന്ദ്രസർവീസിൽ സ്ഥിരം നിയമനം നടത്താതെ ഒഴിച്ചിട്ടിട്ടുണ്ട്‌‌. ഭൂരിപക്ഷം സംസ്ഥാനങ്ങളിലും ഇപ്പോൾ കരാർനിയമനമാണ്‌ സർക്കാർ വകുപ്പുകളിലുൾപ്പെടെ നടത്തുന്നത്‌. ജോലികൾ പുറംതൊഴിൽ കരാറും നൽകുന്നു.

തസ്‌തിക ഇല്ലാതാക്കുമ്പോൾ ഗ്രൂപ്പ്‌ ഡി വിഭാഗത്തിലുള്ളവർക്ക്‌ സേവനകാലയളവിന്റെയും യോഗ്യതയുടെയും അടിസ്ഥാനത്തിൽ ‌ സ്ഥാനക്കയറ്റം നൽകിയാണ്‌ ജീവനക്കാരുടെ പ്രതിഷേധം പരിഹരിച്ചത്‌. നിർദിഷ്ട യോഗ്യതയില്ലാത്തവർക്ക്‌ ഗ്രേഡ്‌ പേ സ്‌കെയിലും അനുവദിച്ചു.