ഏഴ് ജില്ലകൾ, ആയിരം കണക്ഷനുകൾ കെ ഫോൺ പദ്ധതി ദ്രുതഗതിയിൽ പുരോഗമിക്കുന്നു

0
82

എൽ ഡി എഫ് സർക്കാരിന്റെ വിവരസാങ്കേതിക രംഗത്തെ ബദൽ പദ്ധതിയായ കെ ഫോൺ ദ്രുതഗതിയിൽ പുരോഗമിക്കുകയാണ്. കുറഞ്ഞ ചിലവിൽ അതിവേഗ ഇന്റർനെറ്റ് സർക്കാരിന്റെ കീഴിൽ ലഭ്യമാക്കുന്ന പദ്ധതി ഏഴ് ജില്ലകളിലായി ആയിരം സർക്കാർ സ്ഥാപനങ്ങളിലാണ് കണക്ടിവിറ്റി പൂർത്തിയായതെന്ന് ഐ.ടി.സെക്രട്ടറി മുഹമ്മദ് വൈ സഫീറുള്ള കെ ഫോൺ വിശദീകരണ യോഗത്തിൽ അറിയിച്ചു.

തിരുവനന്തപുരം, ആലപ്പുഴ ,പത്തനംതിട്ട, എറണാകുളം, തൃശൂർ, പാലക്കാട് ജില്ലകളിലാണ് കണക്ടിവിറ്റി ആദ്യഘട്ടത്തിൽ പൂർത്തീകരിക്കുന്നത്. കേരളത്തിലുടനീളമുള്ള 5700 നടുത്ത് സർക്കാർ ഓഫീസുകളിൽ കണക്റ്റിവിറ്റി ഉടൻ പൂർത്തീകരിക്കും. 110 /120 /400 കെവി ഇലക്ട്രിക്കൽ ടവറുകൾ വഴി 2900 കെഎംഒപിജിഡബ്ല്യു കേബിളിടാൻ ഉള്ളതിൽ 360 കിലോമീറ്റർ കേബിൾ പൂർത്തീകരിച്ചതായും ഐ .ടി സെക്രട്ടറി അറിയിച്ചു.

സുശക്തമായ ഒപ്ടിക്കൽ ഫൈബർ ശൃംഖല സംസ്ഥാനത്ത് സ്ഥാപിക്കുകയാണ് പദ്ധതിയിലൂടെ ലക്ഷ്യമിടുന്നത്. അതുവഴി അതിവേഗ ഇൻറർനെറ്റ് കണക്ഷൻ മുപ്പതിനായിരത്തോളം ഓഫീസുകളിലും കൂടാതെ ഇൻഫ്രാസ്ട്രക്ച്ചർ ഉപയോഗിച്ച് ഹൈസ്പീഡ് ബ്രോഡ്ബാൻഡ് കണക്ട്വിറ്റി സർവീസ് പ്രൊവൈ ഡേഴ്സ് മുഖേന വീടുകളിലും എത്തിക്കുന്നതാണ്. എല്ലാവർക്കും ഇൻറർനെറ്റ് അവകാശമായി പ്രഖ്യാപിച്ച സംസ്ഥാനമാണ് കേരളം. ഈ പദ്ധതി വഴി സംസ്ഥാനത്തെ 20 ലക്ഷത്തോളം വരുന്ന സാമ്പത്തികമായി പിന്നോക്കം നിൽക്കുന്ന ഭവനങ്ങളിലേക്ക് സൗജന്യമായും മറ്റുള്ളവർക്ക് മിതമായ നിരക്കിലും ഇൻറർനെറ്റ് ലഭ്യമാക്കാൻ സഹായകമാകും. സംസ്ഥാന സർക്കാരിൻ്റെയും മറ്റ് സ്വകാര്യ ടെലികോം സർവീസ് പ്രൊവൈഡർമാരുടെയും നിലവിലുള്ള ബാൻഡ് വിഡ്ത്ത് പരിശോധിച്ച് അതിൻറെ അപര്യാപ്തത മനസ്സിലാക്കി അത് പരിഹരിച്ച് ഭാവിയിലേക്ക് ആവശ്യമായ ബാൻഡ് വിഡ്ത്ത് സജ്ജമാക്കുന്ന രീതിയിലാണ് പദ്ധതി വിഭാവനം ചെയ്തിട്ടുള്ളത്.