വയനാട് ജില്ലയുടെ സമഗ്രവികസനത്തിന് 7000 കോടി രൂപയുടെ പഞ്ചവത്സര പാക്കേജ്

0
79

വയനാട് ജില്ലയുടെ സമഗ്രവികസനത്തിന് 7000 കോടി രൂപയുടെ പഞ്ചവത്സര പാക്കേജ് പ്രഖ്യാപിച്ചു.രാജ്യം രൂക്ഷമായ കാർഷിക പ്രതിസന്ധിയിൽ വലയുന്ന സാഹചര്യത്തിൽ കാർഷിക വിളകളുടെ നാടായ വയനാട് ജില്ലയുടെ സമഗ്രവികസനത്തിന് ഒരു പരിപാടി ഇടതുപക്ഷ ജനാധിപത്യ മുന്നണി സർക്കാർ മുന്നോട്ടുവയ്ക്കുകയാണ്.

ഈ പാക്കേജിന്റെ മർമ്മം പ്രധാന വിളയായ കാപ്പിയിൽ നിന്നുള്ള വരുമാനം അഞ്ചു വർഷംകൊണ്ട് ഇരട്ടിയാക്കുകയാണ്.
ഇതോടൊപ്പം കുരുമുളക്, വാഴ, ഇഞ്ചി, തേയില തുടങ്ങിയ വിളകളുടെ അഭിവൃദ്ധിക്കും സ്‌കീമുകളുണ്ട്. ടൂറിസമാണ് മറ്റൊരു സുപ്രധാന വികസന മേഖല.

യാത്രാക്ലേശം പരിഹരിക്കുകയും വിദ്യാഭ്യാസ-ആരോഗ്യ സൗകര്യങ്ങൾ മികവുറ്റതാക്കുകയും ചെയ്യും. പരിസ്ഥിതി സന്തുലനാവസ്ഥ സംരക്ഷിച്ചുകൊണ്ട് ജനങ്ങളുടെ ജീവിതനിലവാരം ആസൂത്രിതമായി ഉയർത്തും. ഇതിനായുള്ള പദ്ധതികളാണ് താഴെ പറയുന്നത്.

വയനാട് കാപ്പി

ഇന്ന് കാപ്പിപ്പൊടിയുടെ ചില്ലറ വിലയുടെ പത്തുശതമാനം മാത്രമാണ് വയനാട്ടിലെ കാപ്പി
ക്കുരു കൃഷിക്കാർക്കു ലഭിക്കുന്നത്. ഇത് 20 ശതമാനമായെങ്കിലും ഉയർത്താനാവണം. ഇതിന് വയനാട്ടിലെ കാപ്പിപ്പൊടി ”വയനാട് കാപ്പി” എന്ന പേരിൽ ബ്രാൻഡ് ചെയ്ത് വിൽക്കുന്നതിനാണ് പദ്ധതി ലക്ഷ്യമിടുന്നത്.

ഇതിന് കൽപ്പറ്റയിൽ കിഫ്ബി ധനസഹായത്തോടെയുള്ള 150 കോടി രൂപയുടെ കിൻഫ്രാ മെഗാ ഫുഡ് പാർക്ക് സ്ഥാപിക്കും. 2019ൽ തറക്കല്ലിട്ട പാർക്കിന്റെ ഡി.പി.ആർ തയ്യാറായിട്ടുണ്ട്. അത് ഈ ചടങ്ങിൽ വച്ച് വ്യവസായ മന്ത്രി പ്രകാശനം ചെയ്യും. കാപ്പിപ്പൊടി ഉൽപ്പാദനത്തിന് ഏറ്റവും ആധുനികമായ പ്ലാന്റ് ഇവിടെയുണ്ടാകും.

അതോടൊപ്പം ചക്ക തുടങ്ങിയ മറ്റു കാർഷിക വിഭവങ്ങൾ സംസ്‌കരിക്കുന്നതിനുള്ള പൊതുസംസ്‌ക്കരണ സംവി
ധാനങ്ങളുമുണ്ടാകും. സ്വകാര്യ സംരംഭകർക്ക് കാർഷിക സംസ്‌കരണ വ്യവസായങ്ങൾ സ്ഥാപിക്കുന്നതിനുള്ള വർക്ക്‌ഷെഡ്ഡുകളും പ്ലോട്ടുകളും പാർക്കിൽ ലഭ്യമായിരിക്കും. 2022 അവസാനത്തോടെ പാർക്കിന്റെ നിർമ്മാണം പൂർത്തീകരിക്കാനാണ് ലക്ഷ്യമിടുന്നത്.

കൃഷിക്കാർക്ക് ഉയർന്ന വില ലഭ്യമാക്കുന്നതിന് പാർക്ക് പൂർത്തിയാക്കുന്നതുവരെ കാത്തിരിക്കാനാവില്ല. വയനാട് ബ്രാൻഡ് കാപ്പിപ്പൊടി ഉൽപ്പാദനം ഇപ്പോൾ തന്നെ ആരംഭിക്കുകയാണ്. നിർദ്ദിഷ്ട ഗുണനിലവാരത്തിലുള്ള കാപ്പിക്കുരുവിന് കിലോയ്ക്ക് 90 രൂപയാണ് ബജറ്റിൽ പ്രഖ്യാപിച്ചത്. ഇത് നിലവിലുള്ള കമ്പോള വിലയേക്കാൾ 50 ശതമാനം ഉയർന്നതാണ്.

കോഫി പാർക്ക് പൂർത്തിയാകുന്നതുവരെ ബ്രഹ്‌മഗിരി സൊസൈറ്റിയുടെ കാപ്പിപ്പൊടി പ്ലാന്റിൽ ഉൽപ്പാദനം ആരംഭിക്കുന്നതിനാണ് തീരുമാനിച്ചിട്ടുള്ളത്. ഈ പ്ലാന്റ് വിപുലപ്പെടുത്തുന്നതിന് 5 കോടി രൂപ ബജറ്റിൽ അനുവദിച്ചിട്ടുണ്ട്. വയനാട് കാപ്പിയുടെ വിപണനത്തിനായി അടിയന്തരമായി 500 ഓഫീസ് വെൻഡിംഗ് മെഷീനുകളും 100 കിയോസ്‌കുകളും കുടുംബശ്രീയുടെ ആഭിമുഖ്യത്തിൽ ആരംഭിക്കുന്നതാണ്.

ഇതിന് 20 കോടി രൂപ കുടുംബശ്രീക്ക് അനുവദിച്ചിട്ടുണ്ട്. 500 സപ്ലൈകോ സൂപ്പർമാർക്കറ്റുകളിലും വയനാട് കാപ്പിയുടെ വെൻഡിംഗ് മെഷീനുകൾ സ്ഥാപിക്കുന്നതാണ്. കാപ്പിക്കുരു സംഭരണത്തിന് വയബിലിറ്റി ഗ്യാപ് ഫണ്ടിംഗും ബജറ്റിൽ പ്രഖ്യാപിച്ചിട്ടുണ്ട്. അങ്ങനെ ഇന്ന് വയനാട് ജില്ലയുടെ ഒരു ചിരകാലാഭിലാഷം യാഥാർത്ഥ്യമാവുകയാണ്.

കാർബൺ ന്യൂട്രൽ വയനാട്

കാർബൺ ന്യൂട്രൽ വയനാട് കുന്നുകളിൽ വിളയുന്ന കാപ്പിപ്പൊടി എന്നതായിരിക്കും വയനാട് കാപ്പിപ്പൊടിയുടെ ആഗോള ബ്രാൻഡിംഗിന്റെ ഏറ്റവും പ്രധാനപ്പെട്ട സവിശേഷത. ജില്ലയിലെ കാർബൺ ബഹിർഗമനം പരമാവധി കുറയ്ക്കുന്നതിനും അവശേഷിക്കുന്ന കാർബൺ വാതകങ്ങൾ വലിച്ചെടുക്കുന്നതിനും ആവശ്യമായത്ര മരങ്ങൾ നടുന്നതിനും ഒരു പദ്ധതി ആവിഷ്‌കരിക്കും. ഇതിനുള്ള പദ്ധതി പ്രഖ്യാപിക്കുകയാണ്.

1) വയനാട് ജില്ലയിലെ വിവിധ മേഖലകളുടെ കാർബൺ ബഹിർഗമനം സംബന്ധിച്ച് പ്രാഥമിക പഠനം പൂർത്തിയായിട്ടുണ്ട്. ഇതു പരിഷ്‌കരിച്ച് അവസാനരൂപം നൽകും. ഓരോ തദ്ദേശഭരണ സ്ഥാപനത്തിന്റെ അടിസ്ഥാനത്തിൽ പ്രത്യേക വിലയിരുത്തലുകളും തയ്യാറാക്കുന്നതാണ്.

2) ഊർജ്ജ ദുർവ്യയം ഒഴിവാക്കുന്നതിനും കാർബൺ മലിനീകരണം കുറയ്ക്കുന്നതിനും തദ്ദേശഭരണ പദ്ധതികളുടെ ഭാഗമായി പ്രത്യേക ഘടകപദ്ധതികൾ തയ്യാറാക്കുന്നതാണ്. അഞ്ചു വർഷംകൊണ്ട് ഓരോ പ്രദേശത്തെയും കാർബൺ മലിനീകരണം പരമാവധി കുറയ്ക്കുകയാണ് ലക്ഷ്യം.

3) ഇപ്പോൾ ജില്ലയിലെ കാർബൺ എമിഷൻ 15 ലക്ഷം ടണ്ണാണെന്നാണ് മതിപ്പു കണക്ക്. ഇതിൽ 13 ലക്ഷം ടൺ കാർബൺ ആഗിരണം ചെയ്യാൻ നിലവിലുള്ള മരങ്ങൾക്കു കഴിയും. ബാക്കിയുള്ള കാർബൺ ന്യൂട്രലൈസ് ചെയ്യാൻ 6500 ഹെക്ടർ ഭൂമിയിൽ മുളയും 70 ലക്ഷം മരങ്ങളും നട്ടുപിടിപ്പിക്കണം. മരം നടുന്നത് പ്രോത്സാഹിപ്പിക്കുന്നതിന് മീനങ്ങാടി മാതൃകയിൽ ട്രീ ബാങ്കിംഗ് നടപ്പിലാക്കാം.

മരം വച്ചുപിടിപ്പിക്കുന്ന കൃഷിക്കാർക്ക് മരം വെട്ടുമ്പോൾ വായ്പ തിരിച്ചടച്ചാൽ മതിയെന്ന അടിസ്ഥാനത്തിൽ ആന്വിറ്റി വായ്പയായി മരം ഒന്നിന് 50 രൂപ വീതം നൽകുന്നതാണ് പദ്ധതി. കിഫ്ബിയുടെ ഗ്രീൻ ബോണ്ടുകളിൽ നിന്നും ഇത്തരത്തിൽ വായ്പ നൽകുന്നതിന് ബാങ്കുകൾക്ക് ധനസഹായം നൽകാൻ കഴിയും.

4) മരങ്ങൾ നടുന്നതിന് ജിയോടാഗ് നൽകുന്നതടക്കമുള്ള ഡോക്യുമെന്റേഷനുകൾ കൃത്യ
മായി നടത്തി അന്തർദേശീയ മാർക്കറ്റിൽ കാർബൺ ക്രെഡിറ്റ് നേടുന്നതിനുള്ള സംവിധാനമൊരുക്കും.

പ്രാദേശിക കാർഷിക കാലാവസ്ഥാ ഘടകങ്ങൾ കണക്കിലെടുത്ത് കാപ്പിത്തോട്ടങ്ങളെ തരംതിരിക്കുകയും ശാസ്ത്രീയ പരിപാലനം ഉറപ്പവരുത്തുകയും ചെയ്യും. അതിന്റെ അടിസ്ഥാനത്തിലുള്ള തരംതിരിവ് ടാഗോടെ പ്രാദേശിക സംഭരണ കേന്ദ്രങ്ങളിൽ എത്തിക്കണം. ഇതി
നുള്ള ചുമതല കൃഷിക്കാരുടെ സഹകരണ സംഘങ്ങൾക്കും പ്രൊഡ്യൂസർ കമ്പനികൾക്കുമായിരിക്കും. കാപ്പിക്കുരു വാങ്ങുമ്പോൾത്തന്നെ ന്യായവില കൃഷിക്കാരുടെ അക്കൗണ്ടി ലേക്കു നൽകും.

ജില്ലയിൽ 65000 ഹെക്ടർ സ്ഥലത്താണ് കാപ്പികൃഷിയുള്ളത്. പകുതിയിലധികവും 50 വർഷത്തിലേറെ പഴക്കമുള്ള തോട്ടങ്ങളാണ്. പുതുകൃഷിയിറക്കുകയും ശാസ്ത്രീയ കൃഷി രീതികളിലൂടെ ഉൽപ്പാദനക്ഷമത ഗണ്യമായി ഉയർത്തുകയും വേണം. റീ-പ്ലാന്റിംഗിന് പലിശ സബ്‌സിഡിയോടുകൂടിയുള്ള വായ്പാ പദ്ധതി നടപ്പിലാക്കും.

മറ്റു കാർഷിക വിളകൾ

അനിയന്ത്രിതമായ ഇറക്കുമതിമൂലം അടയ്ക്ക, കുരുമുളക്, ഏലം, തേയില തുടങ്ങിയ നാണ്യവിളകളുടെ വിലയിൽ വലിയ അനിശ്ചിതത്വം ഉണ്ടാകുന്നുണ്ട്. കേന്ദ്രസർക്കാരിന്റെ നയം മൂലം ഉണ്ടാകുന്ന ഈ കാർഷിക തകർച്ചയിൽ നിന്ന് കൃഷിക്കാരെ രക്ഷിക്കാനുള്ള ചുമതല കേന്ദ്രസർക്കാർ ഏറ്റെടുത്തേ തീരൂ.

വയനാട്ടിലെ രണ്ടാമത്തെ പ്രധാന വിളയായ കുരുമുളകിനെ വിലയിടിവു മാത്രമല്ല, വള്ളിവാട്ട രോഗവും ചേർന്ന് തകർത്തിരിക്കുകയാണ്. കുരുമുളകിന്റെ പുനരുദ്ധാരണത്തിനു പ്രത്യേക കാർഷിക പദ്ധതി രൂപം നൽകുന്നതാണ്. പ്രതിവർഷം 10 കോടി രൂപ വീതം 50 കോടി രൂപ ഇതിനായി ചെലവഴിക്കും. കാർബൺ ന്യൂട്രൽ പദ്ധതിയുടെ ഭാഗമായുള്ള പരിസ്ഥിതി പുനഃസ്ഥാപനം കുരുമുളകിന്റെ അഭിവൃദ്ധിക്ക് സഹായകരമാകും.

തേയിലയടക്കമുള്ള പ്ലാന്റേഷനുകളുടെ പുനരുദ്ധാരണത്തിന് പ്രത്യേക പാക്കേജ് കേരള സർക്കാർ തയ്യാറാക്കിയിട്ടുണ്ട്. ഭൂപരിഷ്‌കരണ നിയമങ്ങൾക്കു വിഘ്‌നം വരാത്ത രീതിയിൽ മറ്റു ഫലവൃക്ഷങ്ങൾ വളർത്തുന്നതിന് അനുവാദം നൽകുക, ഫാം ടൂറിസം പ്രോത്സാഹിപ്പിക്കുക, നികുതിയിളവുകൾ അനുവദിക്കുക, പ്ലാന്റേഷൻ മേഖലയിൽ തദ്ദേശഭരണ സ്ഥാപനങ്ങളുടെ വികസന പ്രവർത്തനങ്ങൾ നടത്തുന്നതിനുള്ള തടസ്സങ്ങൾ ഇല്ലാതാക്കുക തുടങ്ങിയവയാണ് ഈ പാക്കേജിലെ പ്രധാനകാര്യങ്ങൾ. തോട്ടം തൊഴിലാളികൾക്കുള്ള വയനാട്ടെ നിർദ്ദിഷ്ട പാർപ്പിട സമുച്ചയങ്ങൾ 2021ൽ പൂർത്തീകരിക്കും.

16 ഇനം പച്ചക്കറികൾക്ക് താങ്ങുവില പ്രഖ്യാപിച്ചതിന്റെ ആദ്യ ഗുണഭോക്താക്കൾ വയനാട് ജില്ലയിലെ വാഴകൃഷിക്കാരായിരുന്നു. ഈ താങ്ങുവില സമ്പ്രദായം അനുഭവത്തിന്റെ അടിസ്ഥാനത്തിൽ കൂടുതൽ ഫലപ്രദമാക്കുന്നതിന് നടപടി സ്വീകരിക്കുന്നതാണ്. ശീതകാല പച്ചക്കറി കൃഷിക്ക് പ്രത്യേക പ്രോത്സാഹനം നൽകും.

വയനാടിനെ പൂകൃഷിയ്ക്കുള്ള പ്രത്യേക അഗ്രിക്കൾച്ചറർ സോണായി തിരഞ്ഞെടുത്തി
ട്ടുണ്ട്. ക്ലസ്റ്റർ അടിസ്ഥാനത്തിൽ പൂകൃഷി സംഘടിപ്പിക്കും. അമ്മായിപ്പാലത്ത് ആർ.എ.ഡബ്ല്യു മാർക്കറ്റിൽ പാക്ക്ഹൗസ് സ്ഥാപിക്കുന്നതാണ്. കാർഷിക സർവ്വകലാശാല കേന്ദ്രത്തിലെ പുഷ്പപ്രദർശനം സംസ്ഥാനതല ഉത്സവമാക്കുന്നതാണ്.

ചക്ക പോലുള്ള മറ്റു കാർഷിക വിഭവങ്ങളുടെ മൂല്യവർദ്ധിത ഉൽപ്പന്നങ്ങൾക്കു വേണ്ടിയും പദ്ധതിയുണ്ടാക്കും. ചക്കയുടെ പ്രാഥമിക സംസ്‌കരണം വിവിധ പഞ്ചായത്തുകളിലെ കേന്ദ്രങ്ങളിൽ നടത്തി കുരുവും പഴവും കോഫി പാർക്കിൽ എത്തിച്ച് അവിടെ ആധുനിക യന്ത്രസംവിധാന സഹായത്തോടെ ഉൽപ്പന്നങ്ങളായി മാറ്റും. ഇന്ന് ഏതാണ്ട് പൂർണ്ണമായി പാഴായിപ്പോകുന്ന ചക്കപ്പഴം ഒരു ഉപവരുമാന മാർഗ്ഗമായി മാറും.

ഭൗമസൂചിക ലഭിച്ചിട്ടുള്ള സുഗന്ധ നെൽകൃഷി പോലുള്ള നാടൻ നെല്ലിനങ്ങൾ സംരക്ഷി
ക്കുന്നവർക്ക് പ്രത്യേക പ്രോത്സാഹനം നൽകും. വയനാട്ടിലെ കാർഷിക ഉൽപ്പന്നങ്ങൾ ബത്തേരി ആർ.എ.ഡബ്ല്യു മാർക്കറ്റിലെ സൗകര്യങ്ങൾ പ്രയോജനപ്പെടുത്തി വിളവെടുപ്പാനന്തര സംസ്‌കരണത്തിനുശേഷം ഓൺലൈൻ പ്ലാറ്റ്‌ഫോം വഴി വയനാട് ഓർഗാനിക് എന്ന ലേബലിൽ വിപണനം ചെയ്യുന്നതാണ്.

കാർഷിക മേഖലയ്ക്ക് പ്രതിവർഷം 75 കോടി രൂപ വീതം വയനാട് ജില്ലയ്ക്കുവേണ്ടി വകയിരുത്തും.

ജലസേചനം

കാരാപ്പുഴ ജലസേചന പദ്ധതിയാണ് ജില്ലയിലെ പ്രധാന വൻകിട പദ്ധതി. 1978ൽ ആരംഭിച്ച ഈ സ്‌കീം സമഗ്രവിലയിരുത്തലിന്റെ അടിസ്ഥാനത്തിൽ ആവശ്യമായ പണം വകയിരുത്തി സമയബന്ധിതമായി പൂർത്തീകരിക്കുന്നതാണ്. അന്തർസംസ്ഥാന നദീജലവുമായി ബന്ധപ്പെട്ട കബനി, കാവേരി തടങ്ങളിലെ ഇടത്തരം ജലസംരക്ഷ പ്രവർത്തനങ്ങൾ ഏറ്റെടുത്തിട്ടുണ്ട്.

ഇതിനുപുറമേ ഒട്ടേറെ ചെറുകിട ചെക്ക് ഡാമുകളും മണ്ണുജല സംരക്ഷണ പ്രവർത്തനങ്ങളും ജില്ലയിൽ നിലവിലുണ്ട്. ജില്ലയുടെ വടക്കൻ മേഖലയിലെ കബനീതടം കൂടുതൽ ഊഷരമായി തീരുന്നതിനെ പ്രതിരോധിക്കുന്നതിന് നീർത്തടാസൂത്രണം വളരെ പ്രധാന
മാണ്.  ജലസേചനത്തിനും മണ്ണുജല സംരക്ഷണ പ്രവർത്തനങ്ങൾക്കുമായി പ്രതിവർഷം 50 കോടി രൂപ വീതം ചെലവഴിക്കുന്നതാണ്.

മൃഗസംരക്ഷണം

പൂക്കോട്ടെ വെറ്ററിനറി സർവ്വകലാശാല കേന്ദ്രം വിപുലീകരിക്കും. ഇതുമായി ബന്ധപ്പെടുത്തിക്കൊണ്ട് മൃഗപരിപാലന മേഖലയെ പുഷ്ടിപ്പെടുത്തുന്നതിന് നടപടികൾ സ്വീകരിക്കുന്നതാണ്. പശു, ആട്, കോഴി എന്നിവയുടെ പ്രോത്സാഹനത്തിനുള്ള സ്‌കീമുകളിൽ നിന്ന് കൂടുതൽ വകയിരുത്തൽ ജില്ലയ്ക്ക് ഉറപ്പുവരുത്തും. മൃഗസംരക്ഷണ വകുപ്പിൽ നിന്ന് ജില്ലയ്ക്കുവേണ്ടി വർഷംതോറും 20 കോടി രൂപ വകയിരുത്തും.

ടൂറിസം

ജൈവവൈവിധ്യ വർദ്ധനയും മരവൽക്കരണവും ഇക്കോ ടൂറിസത്തിന് പ്രോത്സാഹനമാകും. ക്യാമ്പിംഗ് ഗ്രൗണ്ടുകൾ, വഴിയോര ഭക്ഷണശാലകൾ തുടങ്ങിയവ ഉറപ്പുവരുത്തിക്കൊണ്ടുള്ള ട്രക്കിംഗ് ട്രെയിലുകൾക്ക് രൂപം നൽകും. പരിസ്ഥിതി സംരക്ഷിച്ചുകൊണ്ടും കാലാവസ്ഥ വ്യതിയാനത്തിന് രാജ്യത്തിനാകെ മാതൃകയാവുന്ന പ്രതിരോധം ഉയർത്തിക്കൊണ്ടും ജനങ്ങളുടെ വരുമാനത്തിൽ എടുത്തുചാട്ടം സൃഷ്ടിക്കാനാകുമെന്ന് വയനാട് തെളിയിക്കാൻ പോവുകയാണ്.

ബാണാസുരസാഗർ കേന്ദ്രമായി പ്രവർത്തിക്കുന്ന ഹൈഡൽ ടൂറിസം സെന്റർ വിപുലപ്പെടുത്തും. പരിസ്ഥിതിക്ക് ഇണങ്ങുംവിധം കൂടുതൽ സൗകര്യങ്ങൾ ഏർപ്പെടുത്തി 50 കോടി രൂപയുടെ വികസന പ്രവർത്തനങ്ങൾ ആസൂത്രണം ചെയ്യും.

ഇളമ്പിലേരി സാഹസിക ടൂറിസം കേന്ദ്രം, ആറാട്ടുപാറമടയിലെ ട്രക്കിംഗ് കേന്ദ്രം, കുറുമ്പാലക്കോട്ട വികസനം എന്നിവയാണ് പരിഗണനയിലുള്ള മറ്റുചില ടൂറിസം പദ്ധതികൾ. തലശ്ശേരി ടൂറിസം സർക്യൂട്ടിൽ വയനാടിനെയും ഉൾപ്പെടുത്തുന്നുണ്ട്. പ്രതിവർഷം 20 കോടി രൂപയെങ്കിലും ടൂറിസം വികസനത്തിനായി വകയിരുത്തും.

റോഡുകളും പാലങ്ങളും

കനത്ത പ്രളയ നാശനഷ്ടങ്ങൾക്ക് ഇരയായ മലയോര മേഖലകൾക്ക് റീബിൽഡ് പദ്ധതിയിൽ സവിശേഷ പരിഗണന നൽകിയിട്ടുണ്ട്. 255 കോടി രൂപയുടെ റോഡുകൾക്കാണ് അനുവാദം നൽകിയിട്ടുള്ളത്.

പൊതുമരാമത്ത് വകുപ്പ് 286 കോടി രൂപയുടെ റോഡുകളാണ് ഇപ്പോൾ വയനാട് ജില്ലയിൽ ഏറ്റെടുത്തിട്ടുള്ളത്. പ്രതിവർഷം 100 കോടി രൂപയെങ്കിലും വിവിധ പൊതുമരാമത്ത് പ്രവൃത്തികൾക്കായി വിനിയോഗിക്കും.

കിഫ്ബിയിൽ നിന്ന് 780 കോടി രൂപയുടെ നിർമ്മാണ പ്രവൃത്തികളാണ് ജില്ലയിൽ നടക്കുന്നത്. അവയിൽ ഏറ്റവും വലുത് 114 കോടി രൂപയുടെ മലയോര ഹൈവേയാണ്. ഇതിനു പുറമേ ഏതാണ്ട് 1000 കോടി രൂപ ചെലവു വരുന്ന വയനാട് തുരങ്കപ്പാതയുടെ പാരിസ്ഥിതിക പഠനം നടക്കുകയാണ്.

ഡിപിആർ തയ്യാറായിക്കൊണ്ടിരിക്കുന്നു. തുരങ്കപ്പാതയുടെ നിർമ്മാണം 2021-22ൽ ആരംഭിക്കും. വയനാട് ബന്ദിപ്പൂർ എലവേറ്റഡ് ഹൈവേയ്ക്ക് അനുമതി ലഭിച്ചാൽ അതിന്റെ ചെലവിൽ ഒരു ഭാഗം കേരളം വഹിക്കാമെന്ന് വ്യക്തമാക്കിയിട്ടുണ്ട്. കിഫ്ബിയുടെ പരിഗണനയിലുള്ള നിർമ്മാണ പ്രവൃത്തികൾകൂടി ഉൾപ്പെടുത്തിയാൽ 2000 കോടിയുടെ നിക്ഷേപമാണ് ജില്ലയിൽ ഉണ്ടാവുക.

റെയിൽവേ

കൊങ്കൺ റെയിൽവേ തലശ്ശേരി  നിലമ്പൂർ റെയിൽ പാതയുടെ പഠനം ഏതാണ്ട് പൂർത്തിയാക്കിയിട്ടുണ്ട്. നിലമ്പൂർ – നഞ്ചങ്കോട് റെയിൽപാതയുടെ ഡിപിആർ തയ്യാറാക്കുന്ന പ്രവർത്തനം കെആർഡിസി ഏറ്റെടുത്തിട്ടുണ്ട്. ഈ രണ്ട് റെയിൽ പാതകളുടെയും നിർമ്മാണം കേന്ദ്രാനുമതി വാങ്ങി അടുത്ത അഞ്ചു വർഷത്തിനുള്ളിൽ ആരംഭിക്കാൻ കഴിയുമെന്നാണ് പ്രതീക്ഷിക്കുന്നത്.

വിദ്യാഭ്യാസവും ആരോഗ്യവും

വയനാടുകാരുടെ ദീർഘകാല അഭിലാഷമാണ് മെഡിക്കൽ കോളേജ് എന്നത്. 2021-22ൽ അത് യാഥാർത്ഥ്യമാകും. ജില്ലാ ആശുപത്രികളെ മെഡിക്കൽ കോളേജ് ആശുപത്രിയായി ഉയർത്തുന്നതിനുള്ള കേന്ദ്ര സർക്കാരിന്റെ സ്‌കീമിനെ ഉപയോഗപ്പെടുത്തുന്നതിനായി മാനന്തവാടി ജില്ലാ ആശുപത്രിയെ തെരഞ്ഞെടുത്തിരിക്കുകയാണ്. അനിവാര്യമായ 150 ഓളം അധ്യാപക തസ്തികകൾ കഴിഞ്ഞ കാബിനറ്റ് അംഗീകരിച്ചു. ബാക്കിയുള്ള തസ്തികകളും ഉടൻ സൃഷ്ടിക്കും. മെഡിക്കൽ കോളേജ് ആസ്ഥാനം പിന്നീട് തീരുമാനിക്കും.

കിഫ്ബിയിൽ നിന്ന് 300 കോടി രൂപ ഇപ്പോൾ അനുവദിച്ചിട്ടുണ്ട്. മെഡിക്കൽ കോളേജ് നിർമ്മാണ ചെലവ് 600 കോടി രൂപയെങ്കിലും വരുമെന്നാണ് കണക്കാക്കുന്നത്. പുതിയ മെഡിക്കൽ കോളേജിന്റെ ഭാഗമായി സിക്കിൾസെൽ തുടങ്ങിയ ജനിതക രോഗങ്ങളെ പഠിക്കുന്നതിനുവേണ്ടി ഹീമോ ഗ്ലോബിനോപ്പതി റിസർച്ച് & കെയർ സെന്റർ സ്ഥാപിക്കുന്നതാണ്. 100 കോടി രൂപ മുടക്കി താലൂക്ക് ആശുപത്രികൾ നവീകരിക്കും.

കിഫ്ബിയിൽ നിന്നും 46 സ്‌കൂൾ കെട്ടിടങ്ങൾ 84 കോടി രൂപ ചെലവിൽ നിർമ്മിക്കുന്നു. മറ്റ് 42 സ്‌കൂൾ കെട്ടിടങ്ങൾക്ക് പ്ലാൻ ഫണ്ടിൽ നിന്നും 42 കോടി രൂപ അനുവദിച്ചിട്ടുണ്ട്. അവയുടെ നിർമ്മാണം പുരോഗമിക്കുന്നു.

പഴശ്ശി ട്രൈബൽ കോളേജ് ആരംഭിക്കും. കാർഷിക സർവ്വകലാശാല, വെറ്ററിനറി സർവ്വകലാശാല എന്നിവയുടെ കേന്ദ്രങ്ങൾ വിപുലീകരിക്കും. കാലിക്കറ്റ് യൂണിവേഴ്‌സിറ്റിയുടെ കീഴിലുള്ള ചെതലയത്തെ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് ട്രൈബൽ സ്റ്റഡീസ് ആൻഡ് റിസർച്ച് സെന്ററിന്റെ നിർമ്മാണം പൂർത്തീകരിക്കും. വയനാട്ടെ കോളേജുകളിൽ കൂടുതൽ കോഴ്‌സുകൾ അനുവദിക്കും.

കണ്ണൂർ യൂണിവേഴ്‌സിറ്റിയുടെ മാനന്തവാടി കാമ്പസ്, അക്കാദമിക് ബ്ലോക്ക്-കം-റിസർച്ച് സെന്റർ, പശ്ചിമഘട്ട ട്രോപ്പിക്കൽ ബയോ ഡൈവേഴ്‌സിറ്റി സ്റ്റഡി സെന്റർ, ഇന്റർ ഡിസിപ്ലിനറി ഇന്റർവെൻഷൻ ഇൻ എസ് & റ്റി എന്നിവയുടെ നിർമ്മാണം പൂർത്തിയായി വരുന്നു. ഐ.എച്ച്.ആർ.ഡിയുടെ കീഴിലുള്ള അപ്ലൈഡ് സയൻസ് കോളേജിന് രണ്ടുനിലകൂടി നിർമ്മിക്കുന്നതാണ്. കൽപ്പറ്റ, മാനന്തവാടി ഗവൺമെന്റ് കോളേജുകളും മീനങ്ങാടി, മാനന്തവാടി പോളിടെക്‌നിക്കുകളും 21 കോടി രൂപ കിഫ്ബിയിൽ നിന്ന് ചെലവഴിച്ച് നവീകരിച്ചുകൊണ്ടിരിക്കുകയാണ്. ഇവയ്ക്കു പുറമെ വിദ്യാഭ്യാസ മേഖലയിൽ പ്രതിവർഷം 20 കോടി രൂപ ചെലവഴിക്കും.

കുടിവെള്ളം

കിഫ്ബിയിൽ നിന്നും മാനന്തവാടി, ഇടവക, നല്ലൂർനാട് വില്ലേജുകളുടെ 18 കോടി രൂപയുടെ കുടിവെള്ള വിതരണ ശൃംഖല പൂർത്തിയായിക്കഴിഞ്ഞു. കോഴിക്കോട് സർക്കിളിലെ വിതരണ ലൈനുകൾ മാറ്റിസ്ഥാപിക്കുന്നതിനുള്ള 39 കോടി രൂപയുടെ പ്രവൃത്തികൾ പുരോഗമി
ക്കുന്നു. വാട്ടർ അതോറിറ്റി 600 കോടി രൂപയുടെ കുടിവെള്ള പദ്ധതികളാണ് വയനാട് ജില്ലയിൽ ഏറ്റെടുക്കാൻ ഉദ്ദേശിക്കുന്നത്. ജൽജീവൻ മിഷൻ ഊർജ്ജിതമായി നടപ്പാക്കും.

വൈദ്യുതി

നിലവിൽ വയനാട്ടിലെ വൈദ്യുതി പ്രസരണ ശൃംഖല പ്രധാനമായും 66 കെവിയിലാണ് പ്രവർത്തിക്കുന്നത്. 100 കോടി രൂപ ചെലവഴിച്ച് ഇത് 110 കെവിയിലേയ്ക്ക് മാറ്റി ശക്തിപ്പെ
ടുത്തും.

വയനാടിലെ 400 കെവി ശ്രംഖലയിൽ ഉൾപ്പെടുത്തുന്നതിന് ഗ്രീൻ കോറിഡോർ പദ്ധതി നടപ്പാക്കും. ഇതിന്റെ ഭാഗമായി മാനന്തവാടിക്കടുത്ത് പയ്യമ്പള്ളിയിൽ 400 കെവി സബ്‌സ്റ്റേഷനും അവിടെ നിന്ന് കാസർഗോഡേയ്ക്ക് 400 കെവി ലൈനും നിർമ്മിക്കും. 850 കോടി രൂപ
യാണ് പദ്ധതിച്ചെലവ്.

ആദിവാസി വികസനം

നാളിതുവരെയുള്ള പട്ടികവർഗ്ഗ വികസന പ്രവർത്തനങ്ങൾ ആദിവാസികളുടെ പിന്നോക്കാവസ്ഥ ദൂരീകരിച്ചിട്ടില്ല. തദ്ദേശഭരണ സ്ഥാപനങ്ങളുടെയും സർക്കാരിന്റെയും പട്ടികവർഗ്ഗ ഉപപദ്ധതികളുടെ നടത്തിപ്പ് സംബന്ധിച്ച് സമഗ്രമായ അവലോകനം തെരഞ്ഞെടുപ്പു കഴിഞ്ഞാലുടൻ നടപ്പാക്കും. ഇതിന്റെ അടിസ്ഥാനത്തിലായിരിക്കും പതിനാറാം പഞ്ചവത്സര പദ്ധതി തയ്യാറാക്കുക.

പാർപ്പിട നിർമ്മാണം, സ്ത്രീകളുടെ ശാക്തീകരണം, ഊരുകൂട്ട സംഘാടനം തുടങ്ങിയവ
യിൽ അഹാഡ്‌സിന്റെ അനുഭവത്തിൽനിന്നും ഏറെ പഠിക്കാനുണ്ട്. 2020-21ൽ ലൈഫ് മിഷനിൽ നിന്നും 5000 വീടുകളെങ്കിലും വയനാട് നിർമ്മിക്കുന്നതിനാണ് ലക്ഷ്യമിടുന്നത്.

ബജറ്റിൽ പ്രഖ്യാപിച്ച ദാരിദ്ര്യനിർമ്മാർജ്ജന മൈക്രോ പ്ലാൻ പദ്ധതിയുടെ ഏറ്റവും വലിയ ഗുണഭോക്താക്കൾ വയനാട്ടെ ആദിവാസികളായിരിക്കും. കുടുംബ പ്ലാനുകൾ തയ്യാറാക്കുന്നതിന് ബ്ലോക്ക് പഞ്ചായത്ത്  മുനിസിപ്പൽ തലത്തിൽ രൂപീകരിക്കുന്ന റിസോഴ്‌സ് പേഴ്‌സൺസ് ടീമുകൾക്ക് രൂപം നൽകും.  ഓരോ കുടുംബത്തിന്റെയും ആവശ്യങ്ങൾ കണക്കിലെടുത്തുകൊണ്ട് നിലവിലുള്ള സ്‌കീമുകളെ പരമാവധി പ്ലാനുകളിൽ സംയോജിപ്പിക്കും.

ഉദാഹരണത്തിന് പരമദരിദ്രരുടെ ഒരു മുഖ്യപ്രശ്‌നം പാർപ്പിടമാണ്. ഭൂമി ഉണ്ടാകണമെന്നില്ല. നിശ്ചയമായും അവർ ലൈഫ് മിഷന്റെ ലിസ്റ്റിൽ വന്നിരിക്കും. ഇല്ലെങ്കിൽ ബദൽമാർഗ്ഗം കണ്ടെത്തും. ഇതുപോലെ വിദ്യാഭ്യാസ, ആരോഗ്യ, തൊഴിലാദി കാര്യങ്ങളിലെല്ലാം നിലവിലുള്ള സ്‌കീമുകളെ ഉപയോഗപ്പെടുത്തിയാണ് പ്ലാൻ ഉണ്ടാക്കുക.

പ്രത്യേകമായി നിർദ്ദേശങ്ങൾക്കും രൂപം നൽകാം. ജോലി ചെയ്യുന്നതിനും വരുമാനം ആർജ്ജിക്കുന്നതിനും നിവർത്തിയില്ലാത്ത കുടുംബങ്ങൾക്ക് ഇൻകം ട്രാൻസ്ഫറായി മാസംതോറും സഹായം നൽകുന്നതിനും അനുവാദവും ഉണ്ടാകും. അധിക  ചെലവിന്റെ പകുതി തദ്ദേശഭരണ സ്ഥാപനങ്ങൾ വഹിക്കണം. ബാക്കി കുടുംബശ്രീ വഴി സർക്കാർ ലഭ്യമാക്കും.

ഇതിനു പുറമേ ഊരുകളിൽ മിനിമം പൊതുസൗകര്യങ്ങൾ ഉറപ്പുവരുത്തുന്നതിനു പ്രത്യേക ഏര്യാ പ്ലാനുകൾ തയ്യാറാക്കുന്നതാണ്. ഇതിനുവേണ്ടി മൂന്നുതട്ട് തദ്ദേശഭരണ സ്ഥാപനങ്ങളുടെയും, കേന്ദ്ര-സംസ്ഥാന സർക്കാരുകളുടെയും സ്‌കീമുകളെ സംയോജിപ്പിക്കും.

എല്ലാ ആദിവാസി ഊരുകളിലും അവരുടെ സ്വാശ്രയ സംഘങ്ങൾക്ക് റേഷൻകടകൾ അനുവദിക്കും. അർഹതപ്പെട്ട റേഷൻ വിഹിതം ഉറപ്പാക്കും. ആദിവാസി സ്വാശ്രയ സംഘങ്ങളെക്കൊണ്ട് അവരുടെ ഇഷ്ട ധാന്യങ്ങളായ റാഗി, തിന തുടങ്ങിയവ കൃഷി ചെയ്യിപ്പിച്ച് അവ സർക്കാർതലത്തിൽ സംഭരിച്ച് റേഷ³കടകൾ വഴി വിതരണം ചെയ്യും.

പട്ടികജാതി-പട്ടികവർഗ്ഗ ഫണ്ടിൽ നിന്ന് പ്രതിവർഷം 150 കോടി രൂപയെങ്കിലും ജില്ലയിൽ ചെലവഴിക്കുന്നതാണ്.

കുടുംബശ്രീ

ആദിവാസി വികസനത്തിനും ദാരിദ്ര്യനിർമ്മാർജ്ജനത്തിനും സ്ത്രീ ശാക്തീകരണത്തിനുമുള്ള സുപ്രധാന ഏജൻസിയാണ് കുടുംബശ്രീ. കുടുംബശ്രീ വഴിയുള്ള വിവിധ വായ്പാ പദ്ധതികളിലൂടെ 500 കോടി രൂപയെങ്കിലും അധികമായിസാധാരണക്കാർക്കു ലഭ്യമാക്കും. സ്ത്രീകൾക്കെതിരായ അതിക്രമങ്ങൾ കുറയ്ക്കുന്നതിനുവേണ്ടിയുള്ള ക്രൈം മാപ്പിംഗ് കാമ്പയിൻ ഏറ്റെടുക്കും.

തദ്ദേശഭരണ സ്ഥാപനങ്ങൾ

കാർബൺ ന്യൂട്രൽ പദ്ധതി, നീർത്തടവികസനം, ദാരിദ്ര്യനിർമ്മാർജ്ജനം, തൊഴിലവസരസൃഷ്ടി തുടങ്ങിയ നടപ്പാക്കുന്നതിന്റെ കേന്ദ്രബിന്ദു തദ്ദേശഭരണ സ്ഥാപനങ്ങളാണ്. 5000 പേർക്കെങ്കിലും കാർഷികേതര മേഖലയിൽ ഓരോ വർഷവും തൊഴിൽ നൽകുന്നതിനു ലക്ഷ്യമിടണം. ഇതിനുള്ള പദ്ധതികൾ തയ്യാറാക്കിയാൽ ധനകാര്യസ്ഥാപനങ്ങളെ ജില്ലാതല
ത്തിൽ ഏകോപിപ്പിച്ച് വായ്പ ഉറപ്പാക്കുന്നതിനു നടപടി സ്വീകരിക്കും.

വന സംരക്ഷണം

വയനാടിന്റെ ഭാവി വികസനത്തിന് വനങ്ങൾ സുപ്രധാന പങ്കുവഹിക്കും. പാരിസ്ഥിതിക സന്തുലനാവസ്ഥ മെച്ചപ്പെടുത്തിക്കൊണ്ട് ജനങ്ങളുടെ വരുമാനം ഉയർത്തുന്നതിനാണ് ഈ പാക്കേജിലൂടെ ശ്രമിച്ചത്. വനസംരക്ഷണം ഉറപ്പാക്കുമ്പോൾ ജനങ്ങളുടെ നിലവിലുള്ള ഉപജീവന മാർഗ്ഗങ്ങൾക്ക് വിഘ്‌നമുണ്ടാകില്ലായെന്ന് ഉറപ്പുവരുത്തുക. ഇത്തരമൊരു പരിശോ
ധനയുടെ അടിസ്ഥാനത്തിലേ ബഫർസോൺ നടപ്പാക്കൂ.

വനഭൂമിയിലെ യൂക്കാലിപ്റ്റ്‌സ്, അക്വേഷ്യ, പൈൻ തുടങ്ങിയ പുറം മരങ്ങൾ പിഴുതുമാറ്റി കാട്ടുമരങ്ങൾ വച്ചുപിടിപ്പിക്കും. ഇതുപോലെ പ്രകൃത്യാ സസ്യജാലങ്ങൾക്ക് ഭീഷണിയായി പെരുകുന്ന പുറംകളളെ ഇല്ലാതാക്കും. ഉൾക്കാടിൽ താമസിക്കുന്നവർ സന്ന²രെങ്കിൽ പുനരധിവസിപ്പിക്കും.

വന്യജീവി ആക്രമണങ്ങൾ കൃഷിക്കും ജനങ്ങളുടെ ജീവനും വലിയ ഭീഷണിയായിട്ടുണ്ട്. ഈ സംഘർഷം ലഘൂകരിക്കുന്നതിന് നടപടികൾ യു²കാലാടിസ്ഥാനത്തിൽ സ്വീകരിക്കും.

കിഫ്ബിയിൽ നിന്ന് അനുവദിച്ചിട്ടുള്ള 100 കോടി രൂപ ഉപയോഗപ്പെടുത്തി ഇലക്ട്രിക് ഫെൻസിംഗ്, മതിൽ, കിടങ്ങ് തുടങ്ങിയ നടപടികൾ സ്വീകരിക്കും.

ഇതോടൊപ്പം ചില ആഫ്രിക്കൻ രാജ്യങ്ങളിലെല്ലാം വിജയകരമായി പരീക്ഷിച്ചുവരുന്ന തേനിച്ച കൂടുകളുടെ ശൃംഖലയും പരീക്ഷിക്കുന്നതാണ്. കാട്ടാനകളുടെ ശല്യം കുറയ്ക്കുന്നതോടൊപ്പം ഇത് കൃഷിക്കാരുടെ വരുമാനവും വർദ്ധിപ്പിക്കും. മുത്തങ്ങയിലെ കുങ്കി എലിഫന്റ് സ്‌ക്വാഡ് ശക്തിപ്പെടുത്തും. വനസംരക്ഷണത്തിനു പ്രതിവർഷം 50 കോടി രൂപ വീതം ചെലവഴിക്കും.

ഉപസംഹാരം

വയനാട്ടെ ഏറ്റവും വലിയ നിക്ഷേപം കിഫ്ബിയിൽ നിന്നാണ്- 2000 കോടി രൂപ. വൈദ്യുതിബോർഡ്- 1200 കോടി രൂപ, മെഡിക്കൽ കോളേജ്- 700 കോടി രൂപ, കുടിവെള്ളം- 600 കോടി രൂപ എന്നിവയാണ് മറ്റു പ്രധാനപ്പെട്ട വലിയ ചെലവിനങ്ങൾ. ഇതിനു പുറമേ പ്രതിവർഷം കൃഷിയും അനുബന്ധ മേഖലകൾക്കും 150 കോടി രൂപയും പട്ടികജാതി  പട്ടികവർഗ്ഗ വികസനത്തിന് 150 കോടി രൂപയും റോഡുകൾക്ക് 100 കോടി രൂപയും വിദ്യാഭ്യാസം, ടൂറിസം, വനം തുടങ്ങി മറ്റു വികസന മേഖലകൾക്ക് 100 കോടി രൂപ വീതവും ചെലവഴിക്കുന്നതാണ്. അങ്ങനെ അഞ്ചു വർഷംകൊണ്ട് 2500 കോടി രൂപ ജില്ലയിൽ ചെലവഴിക്കും.

മൊത്തം വയനാട് പാക്കേജിന്റെ അടങ്കൽ 7000 കോടി രൂപ വരും. തദ്ദേശഭരണ സ്ഥാപനങ്ങളുടെ അടങ്കൽ ഇതിനു പുറമേയാണ്. ഇത്രയും വലിയ തുക ഏകോപിതമായും കാര്യക്ഷമമായും ചെലവഴിക്കാൻ കഴിഞ്ഞാൽ വയനാടിന്റെ മുഖച്ഛായ മാറും. മാസംതോറും ഈ പാക്കേജിന്റെ നടത്തിപ്പിനായി സ്‌പെഷ്യൽ ഓഫീസറെ നിയമിക്കുകയും  മാസംതോറും അവലോകനം നടത്തുകയും ചെയ്യും.

വയനാട് ജില്ല ഇന്ന് അഭിമുഖീകരിക്കുന്ന പ്രതിസന്ധി പരിഹരിക്കുന്നതിന് പര്യാപ്തമായ ഒരു പാക്കേജാണ് പ്രഖ്യാപിച്ചിട്ടുള്ളത്. കാർഷിക മേഖലയിലെ പ്രതിസന്ധിക്ക് പരിഹാരമുണ്ടാക്കാം. ദാരിദ്ര്യം തുടച്ചുമാറ്റാം. തൊഴിലില്ലായ്മ കുറയ്ക്കാം. അഞ്ചു വർഷത്തി
നുള്ളിൽ ജനങ്ങളുടെ വരുമാനം ഇരട്ടിയാകും. ഈ പാക്കേജ് നടപ്പിലാക്കുന്നതിന് സർക്കാരും തദ്ദേശഭരണ സ്ഥാപനങ്ങളും കക്ഷി-രാഷ്ട്രീയ ഭേദമന്യേ ജനങ്ങളും ഒരുമിച്ച് പ്രവർത്തിക്കണ
മെന്ന് അഭ്യർത്ഥിക്കുന്നു.

വയനാട് ജില്ലയുടെ സമഗ്രമായ വികസനം മുൻനിർത്തി പ്രവർത്തിക്കാനും ജനങ്ങളുടെ എല്ലാവിധ ആശങ്കകളും ദൂരീകരിക്കാനും സർക്കാർ പ്രതിജ്ഞാബദ്ധമാണ്. വന്യജീവി സങ്കേതത്തിനു ചുറ്റും ജനവാസ മേഖലകളെ പരിസ്ഥിതിലോല പ്രദേശമായി പ്രഖ്യാപിച്ച് അവിടെ താമസിക്കുന്ന സാധാരണക്കാർക്ക് ബുദ്ധിമുട്ടുണ്ടാകരുത് എന്ന കാര്യത്തിൽ സർക്കാരിന് നിർബന്ധമുണ്ട്. ഇക്കാര്യം കത്തിലൂടെ പ്രധാനമന്ത്രിയുടെ ശ്രദ്ധയിൽ പെടുത്തിയിട്ടുമുണ്ട്. വയനാട് പാക്കേജ് നടപ്പാക്കുന്നതിനൊപ്പം, ജില്ലയുടെ സമഗ്ര വികസനം ഉറപ്പാക്കാനുള്ള എല്ലാ നടപടികളും സർക്കാർ സ്വീകരിക്കും.