ശബരിമല നിയമം: പ്രതിപക്ഷത്തിന്റെ വായടപ്പിച്ച് എൻ എസ് എസ്

0
96

– കെ വി –

തെരഞ്ഞെടുപ്പുകാലത്തെ എൻ എസ് എസ് നിലപാടിന് മുഖ്യധാര വാർത്താ മാധ്യമങ്ങൾ മുമ്പൊക്കെ വലിയ പ്രാധാന്യവും പരിഗണനയും നൽകാറുള്ളതാണ്. എന്നാൽ, ശബരിമല ആചാരം സംബന്ധിച്ച പ്രതിപക്ഷത്തിന്റെ വാഗ്ദത്ത നിയമത്തെക്കുറിച്ചുള്ള സംഘടനാ ജനറൽ സെക്രട്ടറി സുകുമാരൻ നായരുടെ പ്രസ്താവന അവ വല്ലാതെ മുക്കിക്കളഞ്ഞു.

കാരണം മറ്റൊന്നുമല്ല, അത് യു ഡി എഫിന്റെയും ബി ജെ പി യുടെയും തട്ടിപ്പുപ്രചാരവേലയ്ക്കുള്ള വായടപ്പൻ മറുപടിയായിരുന്നു. സുപ്രീം കോടതിയുടെ വിശാല ബെഞ്ചിന്റെ പുനപ്പരിശോധനയിലിരിക്കുന്ന വിഷയത്തിൽ സംസ്ഥാനത്ത് നിയമം നിർമിക്കുമെന്ന് ഇവർ പറയുന്നത് വിശ്വാസികളെ കബളിപ്പിക്കലാണെന്നാണ് അദ്ദേഹം പ്രതികരിച്ചത്. ആത്മാർത്ഥതയുണ്ടെങ്കിൽ രണ്ടുകൂട്ടർക്കും നേരത്തേ ഇതിന് ശ്രമിച്ചുകൂടായിരുന്നോ എന്ന എൻ എസ് എസ് നേതാവിന്റെ ചോദ്യം വളരെ പ്രസക്തമാണ്.

പഴയ ആചാരം നിലനിർത്തണമെന്നുണ്ടെങ്കിൽ സുപ്രീം കോടതി വിധി വന്ന ഉടൻതന്നെ ബി ജെ പി നയിക്കുന്ന കേന്ദ്രസർക്കാരിന് നിയമംകൊണ്ടുവരാമായിരുന്നു. ഏത് നിയമമുണ്ടാക്കാനും വേണ്ട ഭൂരിപക്ഷം പാർലമെന്റിൽ ആ കക്ഷിക്കുണ്ടല്ലോ. മാത്രമല്ല, തൽക്കാലം വിധി മരവിപ്പിച്ചു നിർത്താൻ ഓർഡിനൻസും ഇറക്കാമായിരുന്നു.

ക്രമസമാധാന പ്രശ്നംകൂടി ചൂണ്ടിക്കാട്ടി നിയമോപദേശം തേടി അങ്ങനെ ചെയ്യാമായിരുന്നില്ലേ. പക്ഷേ, ആ നിലയ്ക്കൊന്നും ആലോചനയേയുണ്ടായില്ല. ആദ്യം ആർ എസ് എസ് നേതൃത്വമടക്കം , ശബരിമലയിൽ പ്രായഭേദമന്യേ സ്ത്രീകൾക്ക് ദർശനാനുമതി നൽകിയ വിധിയെ സ്വാഗതം ചെയ്തതാണല്ലോ. അതേപോലെ സ്ത്രീവിലക്ക് ഒഴിവാക്കാൻ പരമോന്നത നീതിപീഠത്തെ സമീപിച്ച ഇന്ത്യൻ യങ് ലോയേഴ്സ് യൂനിയൻ അംഗങ്ങളും സംഘപരിവാറുമായി അടുപ്പമുള്ളവരായിരുന്നുതാനും.

കോൺഗ്രസ് – യു ഡി എഫ് നേതാക്കളുടെ പ്രത്യേക നിയമസൃഷ്ടി വാദവും വിശ്വാസികളെ വഞ്ചിക്കാനുള്ള അടവാണെന്ന് എൻ എസ് എസ് വിശദമാക്കിയിട്ടുണ്ട്. നിയമസഭയിൽ ഏതംഗത്തിനും തങ്ങൾക്ക് താല്പര്യമുള്ള വിഷയത്തിൽ സ്വകാര്യ ബിൽ അവതരിപ്പിക്കാമല്ലോ. എന്തുകൊണ്ട് യു ഡി എഫിലെ ആരും അതിന് തുനിഞ്ഞില്ല ? ആചാരങ്ങളോടോ ഭക്തരോടോ കൂറുണ്ടെങ്കിൽ അത്രയെങ്കിലും ചെയ്യാമായിരുന്നില്ലേ … അതിനൊന്നും തയ്യാറാകാത്തവർ ഇനി അധികാരത്തിൽ വന്നാൽ നിർമിക്കാനുദ്ദേശിക്കുന്ന നിയമത്തെക്കുറിച്ച് വാചാലരാകുന്നത് ആര് മുഖവിലയ്ക്കെടുക്കും….

യഥാർത്ഥത്തിൽ, സ്ത്രീപ്രവേശന വിഷയത്തിൽ സുപ്രീം കോടതിയുടെ വിധി പ്രാബല്യത്തിലിരിക്കെ അതിന് നിരക്കാത്ത നിയമമുണ്ടാക്കാൻ ഒരു സംസ്ഥാന സർക്കാരിനും സാധിക്കില്ല. പല നിയമജ്ഞരും ഇക്കാര്യം ചൂണ്ടിക്കാട്ടിയിട്ടുണ്ട്. ശബരിമലയിൽ സ്ത്രീകളോട് പുലർത്തുന്ന വിവേചനം ഭരണഘടനാപരമായ അവകാശ ലംഘനമാണെന്ന വിധി ഇപ്പോഴും നിലനിൽക്കുന്നുണ്ട്.

അത് റദ്ദാക്കിയിട്ടില്ല ; ക ണിശമായി പുനപ്പരിശോധിക്കപ്പെട്ടിട്ടുമില്ല. വിശ്വാസ സ്വാതന്ത്ര്യവുമായി ബന്ധപ്പെട്ട വിഷയങ്ങളിൽ കോടതിക്ക് എത്രമാത്രം ഇടപെടാൻ കഴിയും എന്നത് മറ്റൊരു വിശാലബെഞ്ച് പരിശോധിക്കണമെന്ന വിധിയേ പിന്നീടുണ്ടായിട്ടുള്ളൂ.

ചീഫ് ജസ്റ്റിസ് രഞ്ജൻ ഗൊഗോയ് അധ്യക്ഷനായ അഞ്ചംഗ ബെഞ്ച് 2019 നവംബർ 14 നാണ് ഭൂരിപക്ഷാഭിപ്രായമനുസരിച്ച് ആ ഉത്തരവിട്ടത്. അതിൽതന്നെ ജസ്റ്റിസുമാരായ ചന്ദ്രചൂഡും നരിമാനും വിയോജിപ്പ് രേഖപ്പെടുത്തിയിരുന്നു. അതായത്, ശബരിമല കേസിലെ വിധിയിൽ പുനപ്പരിശോധന വേണോ എന്ന കേസ് പരിഗണിക്കൽ വിശാല ബെഞ്ചിനുവിട്ട് നീട്ടിവെക്കുകയേ സുപ്രീം കോടതി ചെയ്തിട്ടുള്ളൂ. അതിനാൽ നിലവിലുള്ള വിധിക്ക് വിരുദ്ധമായ വിധത്തിൽ സംസ്ഥാനത്ത് വേറൊരു നിയമം ഇപ്പോൾ നിർമിച്ചാൽ അതിന് സാധുതയുണ്ടാവില്ല. വരാനിരിക്കുന്ന സുപ്രീം കോടതി വിധി എങ്ങനെയാകുമെന്നും ഊഹിക്കാനാവില്ല.