സമര പ്രഹസനം : അതിരുവിടുന്നവർ ഓർക്കണം രാജീവ് ഗോസ്വാമിയെ

0
74

– കെ വി –

വിശ്വവിഖ്യാതനായ ആംഗലേയ സാഹിത്യകാരൻ വില്യം ഷേക്സ്പിയറുടെ ഒരു നാടകമുണ്ട് – ജൂലിയസ് സീസർ. രാഷ്ട്രീയ നേതാക്കന്മാരിൽ ചിലരൊക്കെ സ്ഥാനം തെറ്റിയും പ്രയോഗിക്കുന്ന മാർക് ആന്റണിയുടെ പ്രസംഗഭാഗമുള്ള കൃതി. “You too
Brutus (Et tu, Brute) ” – ബ്രൂട്ടസേ നീയും എന്ന ഉദ്ധരണി വളരെ പ്രസിദ്ധമാണല്ലോ. അതിവൈകാരികത ള്ളക്കിവിട്ട് എങ്ങനെ പൊതുജനങ്ങളെ ഉദ്ദിഷ്ടകാര്യസാധ്യത്തിന് പാകപ്പെടുത്താം എന്നതിന്റെ ഉത്തമോദാഹ രണമാണ് സീസർ ചക്രവർത്തിയുടെ കൊട്ടാരസഭാംഗമായ മാർക് ആന്റണിയുടെ പ്രഭാഷണം. മഹാനായ സീസറുടെ ചോരയൊലിക്കുന്ന മൃതദേഹം ചൂണ്ടിക്കാട്ടിയുള്ള അദ്ദേഹത്തിന്റെ ഓരോ വാക്കും ചുറ്റുമുള്ള ഏവരുടെയും മനസ്സിൽ തീപ്പൊരി വിതറുന്നതായിരുന്നു. ചില പ്രശ്നങ്ങളെ , സാഹചര്യങ്ങളെ വികാരവിക്ഷുബ്ധമാക്കി പരമാവധി മുതലെടുക്കുക എന്ന രാഷ്ട്രീയതന്ത്രം ഇന്നും ഊനം തട്ടാതെ തുടരുകയാണ്. അത് ചിലപ്പോൾ തീക്കളിയായി മാറുന്നതും നാം കാണുന്നു.

 

രാജ്യചരിത്രത്തിൽ അതിന് നിരവധി സാക്ഷ്യങ്ങളുണ്ട്. എന്നാൽ ആസൂത്രിതമായ ” ആത്മാഹൂതി “കൾകൊണ്ട് രംഗം കൊഴുപ്പിച്ചത് മണ്ഡൽ കമ്മീഷൻ ശുപാർശ നടപ്പാക്കുന്നതിനെതിരെയുള്ള സവർണ ജാതിസംഘടനക്കാരുടെ പ്രക്ഷോഭത്തിലായിരുന്നു. അന്ന് അവരുടെ ചതിയിൽപെട്ട് മരിച്ച യുവാവാണ് രാജീവ് ഗോസ്വാമി . യു ഡി എഫ് നേതൃത്വത്തിലെ ആവേശക്കോമരങ്ങളുടെ നിർദേശം കേട്ട് ഇവിടെ സമരാഭാസത്തിനിടെ ദേഹത്ത് എണ്ണയൊഴിച്ച് തുള്ളുന്ന ചെറുപ്പക്കാർ രാജീവ് ഗോസ്വാമിയുടെ ദാരുണാന്ത്യം ഓർക്കുന്നത് നന്ന്. മനുഷ്യജീവനേക്കാൾ താല്ക്കാലിക രാഷ്ട്രീയ നേട്ടത്തിന് വില കല്പിക്കുന്ന കശ്മലന്മാർ സെക്രട്ടരിയറ്റ് നടയിലും തീപ്പെട്ടിക്കൊള്ളിയെറിയാൻ ഒളിഞ്ഞിരിപ്പുണ്ടാകും.

 

തെരഞ്ഞെടുപ്പ് മുന്നിൽകണ്ട് സങ്കുചിത ലക്ഷ്യത്തോടെ തുടങ്ങിയ സമരം ആളിപ്പടർത്താൻ എന്തതിക്രമത്തിനും മുതിരുന്ന അവർക്ക് മുമ്പിൽ നിങ്ങൾ നിമിഷങ്ങൾക്കകം കത്തിത്തീർന്നു പോവും …
മൂന്നുപതിറ്റാണ്ടു മുമ്പാണ് പിന്നാക്ക സമുദായക്കാർക്ക് പൊതുജോലി ഒഴിവുകളിലെ നിയമ നത്തിലും ഉന്നത വിദ്യാഭ്യാസ അവസരങ്ങളിലും 27 ശതമാനം സംവരണം എന്ന ശുപാർശ നടപ്പാക്കാൻ പ്രധാനമന്ത്രി വി പി സിംഗ് തീരുമാനിച്ചത് –
1990 ആഗസ്റ്റ്
7 ന് . അക്കാലത്ത് അതിനെതിരെ സംഘടിപ്പിച്ച പ്രക്ഷോഭത്തിന്റെ മുന്നണിയിൽ ബി ജെ പിയായിരുന്നു. ഒപ്പം ഏതാനും സവർണ സാമുദായിക സംഘടനകളും . അക്കൂട്ടത്തിൽ ചിലരാണ് രാജീവ് ഗോസ്വാമിയെ ചതിച്ചുകൊന്നത്. ഡെൽഹിയിൽ ബഹുജനങ്ങളുടെയും മാധ്യമങ്ങളുടെയും ശ്രദ്ധയാകർഷിക്കാൻ ദേഹത്ത് പെട്രോളൊഴിച്ച് ഭീഷണി മുഴക്കുകയായിരുന്നു ഒരുസംഘം വിദ്യാർത്ഥികൾ . അതിനിടെ ആരോ സിഗാർ ലൈറ്ററുരച്ച് തീ ചിന്തി. അങ്ങനെയാണ് തീയാളിപ്പടർന്ന് രാജീവ് ഗോസ്വാമി കരിഞ്ഞമർന്നത്. പിറ്റേന്ന് വാർത്താ മാധ്യമങ്ങൾ ആത്മാഹൂതി ആക്കി അത് ആഘോഷിച്ചു.

 

ഡെൽഹി സർവകലാശാലക്ക് കീഴിലെ ദേശബന്ധു കോളേജ് വിദ്യാർത്ഥിയായിരുന്നു രാജീവ് ഗോസ്വാമി .
മാധ്യമവാർത്തകളിൽ ഇടം നേടാനും സമരം പൊലിപ്പിക്കാനുള്ള തന്ത്രമെന്ന നിലയ്ക്കും ഇത്തരം പ്രഹസനങ്ങൾക്ക് മുതിരുന്നത് ആരായാലും കഥകേടാണ്. നെയ്യാറ്റിൻകരയിൽ ഈയിടെ കിടപ്പാടവുമായി ബന്ധപ്പെട്ട തർക്കത്തെ തുടർന്ന് ഒഴിപ്പിക്കൽ നേരിട്ട ദമ്പതികൾ വെന്തുമരിച്ചത് നാടിനെ നടുക്കിയ ദാരുണ സംഭവമായിരുന്നു. കോടതി വിധി നടപ്പാക്കാനെത്തിയ പൊലീസുകാർക്കു മുമ്പിൽ ഒരു ഭീഷണി പ്രയോഗമേ അവർ ഉദ്ദേശിച്ചിരുന്നുള്ളൂ.

 

പി എസ് സി വഴിയുള്ള നിയമനം സംബന്ധിച്ച് ആശങ്ക പരത്തി തങ്ങളുടെ അനുയായികളായ യുവാക്കളെ രംഗത്തിറക്കിയുള്ള സമരമാണ് സെക്രട്ടറിയറ്റിന് മുന്നിൽ യു ഡി എഫ് നടത്തുന്നത്. മറ്റൊരു സമരവും ഏശാതായതോടെ തൊടുക്കുന്ന ആവനാഴിയിലെ അന്ത്യാസ്ത്രമാണ് തൊഴിൽരഹിതരെ തെറ്റിദ്ധരിപ്പിക്കുന്ന പ്രചാരണം. മുൻ ഭരണത്തിലേതിലും കൂടുതൽ പി എസ് സി നിയമനങ്ങൾ എൽ ഡി എഫ് കാലയളവിൽ നടത്തിയുണ്ടെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ ഇതിനകം വിശദമാക്കിയിട്ടുണ്ട്. 10 വർഷത്തിലധികമായി പല സ്ഥാപനങ്ങളിലും താൽക്കാലികക്കാരായി തുടരുന്നവരെ സ്ഥിരപ്പെടുത്തുന്നതിനെക്കുറിച്ച് ഉന്നയിച്ച ആരോപണങ്ങളും സാമാന്യ നീതിക്ക് നിരക്കുന്നതല്ല.