‘വെള്ളം’ സിനിമയുടെ എച്ച്.ഡി പ്രിന്‍റ് ചോര്‍ന്നു; അന്വേഷണം ശക്തമാക്കി പൊലീസ്

0
33

പ്രജേഷ് സെന്‍-ജയസൂര്യ കൂട്ടുക്കെട്ടിലെത്തിയ ‘വെള്ളം’ സിനിമയുടെ എച്ച്.ഡി പ്രിന്‍റ് ചോര്‍ന്നതുമായി ബന്ധപ്പെട്ട അന്വേഷണം ശക്തമാക്കിയതായി പൊലീസ്. എറണാകുളം നോർത്ത് പൊലീസ് ആണ് കേസ് അന്വേഷിക്കുന്നത്. വ്യാജ പ്രിന്‍റ് അപ്‌ലോഡ് ചെയ്തിരിക്കുന്നത് നാല് സ്ഥലങ്ങളിൽ നിന്നാണെന്ന് പൊലീസ് കണ്ടെത്തി. ദുബൈയിൽ നിന്നടക്കം വ്യാജ പ്രിന്‍റ് അപ്‌ലോഡ് ചെയ്തിട്ടുണ്ട്. കോപ്പിറൈറ്റ് വയലേഷൻ ആക്ട് പ്രകാരമാണ് പൊലീസ് കേസെടുത്തിരിക്കുന്നത്.

114 തീയേറ്ററുകളില്‍ നല്ല രീതിയില്‍ ഓടിക്കൊണ്ടിരിക്കുന്ന മലയാള സിനിമയാണ് വെള്ളമെന്നും അതിനെ നശിപ്പിക്കാന്‍ ഒരു കൂട്ടം ആള്‍ക്കാര്‍ ശ്രമിച്ചുകൊണ്ടിരിക്കുകയാണെന്നും നിര്‍മ്മാതാവ് മുരളി കുന്നുംപുറം പറഞ്ഞു. മലയാള സിനിമയെ നശിപ്പിച്ചു കഴിഞ്ഞു. ഇനി ഇതിന് തിരിച്ചു വരാന്‍ സാധിക്കില്ല. യൂട്യൂബിലാണ് സിനിമ ആദ്യം അപ്‍ലോഡ് ചെയ്തിട്ടുള്ളത്. കോഴിക്കോട് സ്വദേശിയാണ് ഒറിജിനല്‍ പതിപ്പ് അപ്‍ലോഡ് ചെയ്തതെന്നും ഇദ്ദേഹം പറഞ്ഞു. ഇതിനെതിരെ കേരള പൊലീസിനും ക്രൈംബ്രാഞ്ചിനും പരാതി നല്‍കിയിട്ടുണ്ട്. സിനിമ ഡൗണ്‍ലോഡ് ചെയ്തവര്‍ക്കെതിരെ നടപടി ഉണ്ടാകുമെന്നാണ് പൊലീസ് ഉറപ്പ് നല്‍കിയെന്നും മുരളി കുന്നുംപുറത്ത് കണ്ണൂരില്‍ പറഞ്ഞു. ഇദ്ദേഹത്തിന്‍റെ ജീവിതകഥയെ ആസ്പദമാക്കിയാണ് വെള്ളം സിനിമ ഒരുക്കിയത്.

അതെ സമയം സിനിമ ഒ.ടി.ടി പ്ലാറ്റ്ഫോമില്‍ നിന്നാണ് ചോര്‍ന്നതെന്നാണ് സംശയിക്കുന്നത്. ചിത്രം ഒലിഫ്ലിക്സ് എന്ന ഒ.ടി.ടി പ്ലാറ്റ്ഫോമില്‍ റിലീസ് ചെയ്തിരുന്നു. ഫെബ്രുവരി അഞ്ചിനാണ് ചിത്രം ഒലിഫ്ലിക്സില്‍ പുറത്തിറങ്ങിയത്. ഇന്ത്യ, ജി.സി.സി എന്നീ രാജ്യങ്ങള്‍ക്ക് പുറത്താണ് സിനിമ ലഭ്യമായിരുന്നത്. അതിനാല്‍ തന്നെ പുറം രാജ്യങ്ങളില്‍ നിന്നാകാം സിനിമ അപ്‍ലോഡ് ചെയ്യപ്പെട്ടതെന്നാണ് കരുതുന്നത്. ടെലിഗ്രാമിലാണ് സിനിമ വ്യാപകമായി പ്രചരിക്കുന്നത്.