ഉത്തരാഖണ്ഡിലെ ദുരന്തം: മരണം പതിനാറായി

0
61

ഉത്തരാഖണ്ഡിലെ ദുരന്തത്തിൽ മരിച്ചവരുടെ എണ്ണം പതിനാറായി. ദൗലി ഗംഗ നദിയിൽ നിന്ന് എട്ട് മൃതദേഹങ്ങൾ കണ്ടെടുത്തു. പ്രളയമുണ്ടായ ചമോലിയിൽ രക്ഷാപ്രവർത്തനം വൈകുന്നതായി വിമർശനം ഉയർന്നു. മന്ദാഗിനി നദി കരകവിഞ്ഞൊഴുകുന്നതാണ് രക്ഷാപ്രവർത്തനം വൈകാൻ കാരണം.

ഇരുന്നൂറോളം പേർ മണ്ണിനടിയിൽ കുടുങ്ങിക്കിടക്കുന്നതായി സംശയമുണ്ട്. വ്യോമസേനയുടെ രക്ഷാപ്രവർത്തനം പുനഃരാരംഭിച്ചു. അപകട കാരണം കണ്ടെത്തുന്നതിന് വിദഗ്ധ സംഘം ഇന്ന് ദുരന്ത മേഖല സന്ദർശിക്കും. രക്ഷാപ്രവർത്തനത്തിന് പിന്തുണയുമായി ഐക്യരാഷ്ട്രസഭയും രംഗത്തെത്തി.

ദൗലി ഗംഗ നദിയിൽ ഋഷിഗംഗ പ്രൊജക്ടിന്റെ ഭാഗമായി നിർമിച്ച തുരങ്കം പൂർണമായും അടഞ്ഞത് രക്ഷാപ്രവർത്തനത്തെ സാരമായി ബാധിച്ചിട്ടുണ്ട്. നിരവധി പേർ ഈ പ്രൊജക്ടിന്റെ ഭാഗമായി ജോലി ചെയ്തിരുന്നു. നൂറ്റിയെൺപതോളം പേരെ കാണാതായതായാണ് വിവരം. തുരങ്കത്തിലെ മണ്ണ് നീക്കി കുടുങ്ങിക്കിടക്കുന്നവരെ പുറത്തെത്തിക്കാനാണ് ശ്രമം. കാലാവസ്ഥ പ്രതികൂലമായി തുടരുന്നതും രക്ഷാപ്രവർത്തനത്തെ ബാധിച്ചിട്ടുണ്ട്.