സാന്ത്വന സ്പര്‍ശം പ്രതിസന്ധിയിലായവര്‍ക്കുള്ള സര്‍ക്കാരിന്റെ കൈത്താങ്ങ് : ധനമന്ത്രി

0
195
പ്രതിസന്ധിക്കാലത്തു ജനങ്ങള്‍ക്കു കൈത്താങ്ങാകുക എന്ന ലക്ഷ്യത്തിലാണു ജില്ലകള്‍തോറും സംസ്ഥാന സര്‍ക്കാര്‍ സാന്ത്വനസ്പര്‍ശം അദാലത്ത് സംഘടിപ്പിക്കുന്നതെന്നു ധനമന്ത്രി ഡോ. ടി.എം. തോമസ് ഐസക്.
മഹാമാരിയും പ്രളയവും ഉണ്ടാക്കിയിട്ടുള്ള പ്രതിസന്ധി സര്‍ക്കാരിനെ ബാധിച്ചിട്ടുണ്ടെങ്കിലും കഴിയാവുന്ന എല്ലാ സഹായവും പൊതുജനങ്ങള്‍ക്ക് അദാലത്തുവഴി നല്‍കുമെന്നും ധനമന്ത്രി പറഞ്ഞു.  നെയ്യാറ്റിന്‍കരയില്‍ സാന്ത്വന സ്പര്‍ശം അദാലത്തിന്റെ ഉദ്ഘാടന ചടങ്ങില്‍ സംസാരിക്കുകയായിരുന്നു അദ്ദേഹം.
പ്രളയവും മഹാമാരിയും ജനങ്ങളുടെ സാധാരണ ജീവിതത്തെ വലിയതോതില്‍ ബാധിച്ചിട്ടുണ്ട്. പലര്‍ക്കും തൊഴിലും വരുമാനവുമില്ലാത്ത സാഹചര്യമുണ്ടായി.  ഈ പ്രതിസന്ധികള്‍ക്കിടയിലും കേരളത്തില്‍ ഒരാള്‍പോലും പട്ടിണികിടക്കാന്‍ പാടില്ലെന്ന നിശ്ചയദാര്‍ഢ്യം സര്‍ക്കാരിനുണ്ടായിരുന്നു. അത് യാഥാര്‍ഥ്യമാക്കാന്‍ കഴിഞ്ഞു.
കോവിഡ് മഹാമാരിയെ നേരിടുന്നതിലും കേരളം മികവുകാട്ടി.  എല്ലാവര്‍ക്കും മികച്ച ചികിത്സ കിട്ടണമെന്ന ദൃഢനിശ്ചയമായിരുന്നു ഇതിനു പിന്നിലും. കോവിഡിനെ പ്രതിരോധിക്കുന്നതില്‍ സര്‍ക്കാരിനൊപ്പം പൊതുജനങ്ങളും ഒന്നിച്ചുനിന്നു.
മാസ്‌ക് ധരിക്കുന്നതില്‍പ്പോലും നാം മാതൃകയായി.  ഇതിന്റെ ഫലമായി കോവിഡ് മൂലമുള്ള മരണ നിരക്കും രോഗവ്യാപന നിരക്കും രാജ്യ ശരാശരിയേക്കാള്‍ കുറച്ചു നിര്‍ത്താന്‍ നമുക്കായെന്നും ധനമന്ത്രി ചൂണ്ടിക്കാട്ടി.