കത്വ ഫണ്ട് തട്ടിപ്പ്: യൂത്ത്‌ ലീഗ്‌ ഫണ്ടിന്റെ വിവരങ്ങൾ പുറത്തുവിടണമെന്ന്‌ ഡിവൈഎഫ്‌ഐ

0
43

കത്വ കേസിലെ ഇരയുടെ കുടുംബത്തിനുവേണ്ടി യൂത്ത്‌ ലീഗ്‌ പിരിച്ച ഫണ്ടിന്റെ വിവരങ്ങൾ പുറത്തുവിടണമെന്ന്‌ ഡിവൈഎഫ്‌ഐ. പണം കൈമാറ്റം നടന്നിട്ടുണ്ടെങ്കിൽ അതിന്റെ തെളിവും പുറത്തുവിടണമെന്ന്‌ സംസ്ഥാന സെക്രട്ടറി എ എ റഹിം ആവശ്യപ്പെട്ടു. കോഴിക്കോട്‌ വാർത്താസമ്മേളനത്തിൽ സംസാരിക്കുകയായിരുന്നു അദ്ദേഹം.

പണം തട്ടാൻ അഭിഭാഷക ദീപിക സിങിനെ ഒഴിവാക്കാൻ ശ്രമിച്ചു. യൂത്ത്‌ ലീഗ്‌ വിശ്വാസത്തെ മറയാക്കിയാണ്‌ പണം പിരിച്ചത്‌. വിശ്വാസ സമൂഹം ഇതിനോട്‌ പ്രതികരിക്കണം. ദീപിക സിങിന്റെ വെളിപ്പെടുത്തൽ ഗുരുതരമാണ്‌. ബാങ്ക്‌ ബാലൻസ്‌ ഷീറ്റ്‌ അടക്കം പുറത്തുവിടാൻ യൂത്ത്‌ലീഗ്‌ തയ്യാറുണ്ടോ എന്നും എ എ റഹിം ചോദിച്ചു.

പിരിച്ചെടുത്ത പണം കേസ് നടത്തിപ്പിനായി ചെലവഴിച്ചു എന്ന ലീഗ് നേതാക്കളുടെ വാദം അഭിഭാഷകർ തള്ളിയിരുന്നു. കേരളത്തിൽ നിന്നും കേസ് നടത്തിപ്പിനായി ഒരുരൂപ പോലും ലഭിച്ചിട്ടില്ലെന്ന് കത്വയിലെ ഇരയുടെ അഭിഭാഷകയായ ദീപികാ സിങ് രജാവത്ത് പറഞ്ഞു.

കേരളത്തിൽ നിന്ന് കേസ് നടത്തിപ്പിനായി ആരെങ്കിലും പണം പിരിച്ചു എന്നത് ആശ്ചര്യജനകമാണ്. പണത്തിന്റെ ആവശ്യമുണ്ടായിരുന്നില്ല. ജമ്മു ഹൈക്കോടതിയിലും സുപ്രീംകോടതിയിലും കേസ് താൻ പൂർണമായും സൗജന്യമായാണ് നടത്തിക്കൊണ്ടിരിക്കുന്നത്. മുബീൻ ഫറൂഖി എന്ന അഭിഭാഷകന് ഈ കേസ് നടത്തിപ്പുമായി യാതൊരു ബന്ധവുമില്ലെന്നും ദീപിക പറഞ്ഞു. അഡ്വ.മുബീൻ ഫറൂഖിയ്ക്ക് പണം നൽകിയെന്നായിരുന്നു യൂത്ത് ലീഗിന്റെ ന്യായീകരണം.

യൂത്ത് ലീഗ് മുൻ ദേശീയ സമിതിയംഗമായ യൂസഫ് പടനിലമാണ് കത്വ-ഉന്നാവോോ ഫണ്ട് വെട്ടിപ്പുമായി ബന്ധപ്പെട്ട് ആരോപണം ഉന്നയിച്ചത്. പിരിച്ചെടുത്ത പണത്തിൽ നിന്ന് ഒരു രൂപ പോലും ആർക്കും നൽകിയിട്ടില്ല. നേതാക്കൾ സ്വന്തം ആവശ്യത്തിന് പണം ദുരുപയോഗിക്കുകയായിരുന്നു എന്നാണ് ആരോപണം.