മനോരമയുടെ വ്യാജവാർത്തയ്ക്ക് മറുപടിയുമായി എ എ റഹീമിന്റെ ഭാര്യ

0
109

നിയമനത്തിന്റെ പേരില്‍ വ്യാജവാര്‍ത്ത നല്‍കിയ മലയാള മനോരമയ്‌‌‌ക്കെതിരെ ഡിവൈഎഫ്‌ഐ സംസ്ഥാന സെക്രട്ടറി എ എ റഹീമിന്റെ ഭാര്യ അമൃത. വെള്ളിയാഴ്ച്ച പുറത്തിറങ്ങിയ മനോരമയുടെ ഒന്നാം പേജില്‍ ‘ഡിവൈഎഫ്‌ഐ സംസ്ഥാന സെക്രട്ടറി എ എ റഹീമിന്റെ ഭാര്യയുടെ നിയമനവും വിവാദത്തിലായിരുന്നു’ എന്ന വാര്‍ത്ത നല്‍കിയത്. വാര്‍ത്തയ്ക്ക് മറുപടിയായി മനോരമ എഡിറ്റര്‍ക്ക് അമൃത അയച്ച കത്തും, അതിനുശേഷം അമൃതയുടെ വിശദീകരണത്തിന്മേല്‍ ഞായറാഴ്ച്ച മനോരമ പ്രസിദ്ധീകരിച്ച വാര്‍ത്തയും അമൃത ഫെയ്‌‌‌സ്‌ബുക്ക് പോസ്റ്റില്‍ പങ്കുവെച്ചു.

സ്വന്തം വിദ്യാഭ്യാസവും കഴിവും യോഗ്യതയും കൊണ്ട് അവര്‍ ഉണ്ടാക്കുന്ന നേട്ടങ്ങളെ തിരസ്‌കരിക്കുകയും ഒരു മോഷ്ടാവിനെ പോലെ സമൂഹത്തിനു മുന്നില്‍ അവതരിപ്പിക്കുന്നതും ശരിയായ രീതി അല്ല. നിലവില്‍ ഒരു സര്‍ക്കാര്‍ ജോലി നേടുകയോ, നേടാന്‍ ശ്രമിക്കുകയോ ചെയ്യാതിരുന്നിട്ടും തെറ്റായ വാര്‍ത്ത നല്‍കി അപകീര്‍ത്തിപ്പെടുത്താനുള്ള നീക്കം കേവലം രാഷ്ട്രീയമല്ലാതെ മറ്റൊന്നുമല്ല.

നിയമത്തില്‍ ബിരുദാനന്തര ബിരുദവും, മാധ്യമ പഠനത്തില്‍ പി ജി ഡിപ്ലോമയും നേടിയ ഒരാള്‍ ആണ് താന്‍. നാളിത് വരെ ഒരു സര്‍ക്കാര്‍ ജോലിയും നേടാന്‍ ശ്രമിക്കുകയോ നേടുകയോ ചെയ്തിട്ടില്ല. കഴിഞ്ഞ 6 വര്‍ഷമായി തിരുവനന്തപുരം മാര്‍ ഗ്രിഗോറിയോസ് ലോ കോളേജില്‍ അധ്യാപികയായി തുടരുകയാണ് 2019ല്‍ കേരള സര്‍ക്കാര്‍ തീരദേശ പരിപാലന അതോറിറ്റി അംഗമായി (നിയമ വിദഗ്ധ)കേന്ദ്ര പരിസ്ഥിതി മന്ത്രാലയത്തിന് ശുപാര്‍ശ ചെയ്യുകയും അവര്‍ തന്നെ സമിതിയില്‍ ഉള്‍പ്പെടുത്തുകയും ചെയ്തിരുന്നു. എന്നാല്‍ ഇത് ഒരു ശമ്പളം പറ്റുന്ന ജോലിയല്ല എന്നും ഒരു സമിതിയിലെ അംഗം മാത്രമാണെന്നും അമൃത കത്തില്‍ പറയുന്നു.

അമൃതയുടെ ഫെയ്‌‌സ്‌ബുക്ക് പോസ്റ്റ് – പൂര്‍ണരൂപം

മലയാള മനോരമ പത്രത്തില്‍ 5/02/2021ല്‍ ലീഡ് വാര്‍ത്തയായി എന്റെ പേര് തെറ്റായി പരാമര്‍ശിച്ചിരുന്നു. ഇത് സംബന്ധിച്ച് എഡിറ്റര്‍ക്ക് എഴുതിയ കത്തും, മനോരമയിന്ന് ഇത് സംബന്ധിച്ച് പ്രസിദ്ധീകരിച്ച വാര്‍ത്തയും……..

രണ്ട് കുഞ്ഞുങ്ങളെ അമ്മയില്ലാതെ 20 വര്‍ഷം വളര്‍ത്തുകയും,30ലേറെ വര്‍ഷം ഒരു പ്രൈവറ്റ് ബസില്‍ കണ്ടക്ടര്‍ ആയി പണിയെടുത്ത് ആ കുഞ്ഞുങ്ങള്‍ക്ക് വിദ്യാഭ്യാസം നല്‍കുകയും ചെയ്ത്, അവരുടെ വിദ്യാഭ്യാസ നേട്ടങ്ങളില്‍ അഭിമാനിച്ചിരുന്ന ഒരു അച്ഛന്‍ ഇന്ന് കിടപ്പു രോഗിയായി എനിക്കൊപ്പമുണ്ട്, ആ അച്ഛന്റെ മനോവേദന കണ്ടതില്‍ നിന്നും എഴുതുന്ന കത്ത് .

‘DYFI സംസ്ഥാന സെക്രട്ടറി A. A. Rahim ന്റെ ഭാര്യയുടെ നിയമനവും വിവാദത്തില്‍ ആയിരുന്നു’ എന്നൊരു വാര്‍ത്ത വെള്ളിയാഴ്ച പ്രസിദ്ധീകരിച്ച മലയാള മനോരമ പത്രത്തിലെ ലീഡ് വാര്‍ത്തയുടെ ഭാഗമായി ശ്രദ്ധയില്‍പെട്ടിരുന്നു. ഈ പരാമര്‍ശിക്കപ്പെട്ട സെക്രട്ടറിയുടെ ഭാര്യ അമൃത സതീശന്‍ എന്ന ഞാന്‍, നിയമത്തില്‍ ബിരുദാനന്തര ബിരുദവും, മാധ്യമ പഠനത്തില്‍ പി. ജി.ഡിപ്ലോമയും നേടിയ ഒരാള്‍ ആണ്.

ഈ യോഗ്യതകള്‍ ഉള്ള ഞാന്‍ നാളിത് വരെ ഒരു സര്‍ക്കാര്‍ ജോലിയും നേടാന്‍ ശ്രമിക്കുകയോ നേടുകയോ ചെയ്തിട്ടില്ല. കഴിഞ്ഞ 6 വര്‍ഷമായി തിരുവനന്തപുരം മാര്‍ ഗ്രിഗോറിയോസ് ലോ കോളേജില്‍ അധ്യാപികയായി തുടരുകയാണ് കൂടാതെ 2019ല്‍ കേരള സര്‍ക്കാര്‍ തീരദേശ പരിപാലന അതോറിറ്റി അംഗമായി(നിയമ വിദഗ്ധ )കേന്ദ്ര പരിസ്ഥിതി മന്ത്രാലയത്തിന് ശുപാര്‍ശ ചെയ്യുകയും അവര്‍ എന്നെ സമിതിയില്‍ ഉള്‍പ്പെടുത്തുകയും ചെയ്തിരുന്നു.എന്നാല്‍ ഇത് ഒരു ശമ്പളം പറ്റുന്ന ജോലിയല്ല എന്നും ഒരു സമിതിയിലെ അംഗം മാത്രമാണെന്നും മാധ്യമ സ്ഥാപനമെന്ന നിലയില്‍ മനോരമയ്ക്കും ബോധ്യമുള്ളതാകും എന്ന് വിശ്വസിക്കുന്നു.

ഈ വസ്തുതകള്‍ മറച്ചു വച്ചുകൊണ്ട് ഈ നാട്ടിലെ ഞാനുള്‍പ്പടെയുള്ള ഉദ്യോഗാര്‍ഥികളെ ആശങ്കപ്പെടുത്തുന്നതിനു കരുതിക്കൂട്ടിമനോരമ നടത്തുന്ന ഇത്തരം മാധ്യമപ്രവര്‍ത്തന രീതിയില്‍ നിന്നും പിന്മാറണം. ഞാന്‍ DYFI സംസ്ഥാന സെക്രട്ടറിയുടെ ഭാര്യ യായി ജനിച്ചോരാളല്ല കുടുംബ സാഹചര്യവും വിദ്യാഭ്യാസവും ചേര്‍ന്നു സൃഷ്ടിച്ച ഒരു വ്യക്തിത്വമുള്ളയാള്‍ ആണ്.

 

അതുകൊണ്ട് തന്നെ എന്റെ യോഗ്യതകളോ നേട്ടങ്ങളോ എന്റെ ജീവിതപങ്കാളിയോടുള്ള രാഷ്ട്രീയ വിരോധമോ വിയോജിപ്പോ കൊണ്ട് അളക്കെണ്ടുന്ന ഒന്നല്ല. ഇത് എല്ലാ രാഷ്ട്രീയ പ്രവര്‍ത്തകരുടെയും അവരുടെ കുടുംബങ്ങളിലെ സ്ത്രീകളുടെയും കാര്യത്തില്‍ ബാധകമാണ് .സ്വന്തം വിദ്യാഭ്യാസവും കഴിവും യോഗ്യതയും കൊണ്ട് അവര്‍ ഉണ്ടാക്കുന്ന നേട്ടങ്ങളെ തിരസ്‌കരിക്കുകയും ഒരു മോഷ്ടാവിനെ പോലെ സമൂഹത്തിനു മുന്നില്‍ അവതരിപ്പിക്കുന്നതും ശരിയായ രീതി അല്ല.

 

നിലവില്‍ ഒരു സര്‍ക്കാര്‍ ജോലി നേടുകയോ, നേടാന്‍ ശ്രമിക്കുകയോ ചെയ്യാതിരുന്നിട്ടും തെറ്റായ വാര്‍ത്ത നല്‍കി അപകീര്‍ത്തിപ്പെടുത്താനുള്ള നീക്കം കേവലം രാഷ്ട്രീയമല്ലാതെ മറ്റൊന്നുമല്ല. ആരെ കുറിച്ചാണെങ്കിലും വസ്തുതകള്‍ക്ക് നിരക്കാത്ത ഇത്തരം വ്യാജ വാര്‍ത്ത നിര്‍മിതിയോടുള്ള എന്റെ പ്രതിഷേധം താങ്കളെ നേരിട്ടറിയിക്കാനുള്ള അവസരമായി ഇത് പ്രയോജനപ്പെടുത്തുന്നു.
എന്ന്

അമൃത സതീശന്‍