ഭിന്നശേഷിക്കാരുടെ ആനുകൂല്യങ്ങൾക്ക് കുടുംബവരുമാനം എന്നതുമാറ്റി വ്യക്തിഗത വരുമാനം അടിസ്ഥാന മാനദണ്ഡമാക്കുന്നത് പരിശോധിക്കുമെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ പറഞ്ഞു. ഭിന്നശേഷിക്കാരുമായുള്ള സംവാദത്തിൽ പങ്കെടുത്ത് ആശയങ്ങളും നിർദേശങ്ങൾ കേട്ടശേഷം മറുപടി പറയുകയായിരുന്നു മുഖ്യമന്ത്രി.
തൊഴിൽ സംവരണങ്ങളുമായി ബന്ധപ്പെട്ട പ്രശ്നങ്ങൾ ഗൗരവമായി കണ്ട് കുറവുകൾ പരിഹരിക്കുന്ന കാര്യം പരിഗണിക്കുമെന്ന് മുഖ്യമന്ത്രി പറഞ്ഞു. പൊതു കെട്ടിടനിർമാണങ്ങൾ ഭിന്നശേഷി സൗഹൃദമാക്കും.
ഭിന്നശേഷിക്കാർക്ക് സഹായങ്ങൾക്ക് അസിസ്റ്റഡ് ലിവിംഗ് സൗകര്യമെന്ന അഭിപ്രായം നയപരമായി തീരുമാനമെടുക്കേണ്ടതിനാൽ ഗൗരവമായി ആലോചിക്കും. വൈകല്യങ്ങൾ കുറയ്ക്കാൻ ഗർഭാവസ്ഥയിൽ ജനറ്റിക് പരിശോധനകൾ നടത്തണമെന്ന നിർദേശം ഭാവിയിൽ പരിശോധിക്കും.
ഭിന്നശേഷി കുട്ടികളുടെ സർഗവാസന വളർത്താൻ ഡിഫറൻറ് ആർട്ട് സെൻററുകൾ ജില്ലകൾ തോറും തുടങ്ങുന്ന കാര്യം ആലോചനയുണ്ട്. പി.എസ്.സി ഉൾപ്പെടെയുള്ള വെബ്സൈറ്റുകൾ കാഴ്ചപരിമിത സൗഹൃദമായ സൗകര്യങ്ങൾ ഒരുക്കുന്നതിന്റെ സാധ്യത പരിശോധിക്കും.
ബസുകൾ ഉൾപ്പെടെയുള്ള വാഹനങ്ങളിൽ ഭിന്നശേഷി യാത്രാ സൗകര്യങ്ങൾ വർധിപ്പിക്കുന്നതിനുള്ള നടപടികൾ പടിപടിയായി ആലോചിക്കും. സർക്കാരിന്റെ സാമ്പത്തികശേഷിക്കനുസരിച്ചാണ് സഹായങ്ങളും ആനുകൂല്യങ്ങളും നൽകിവരുന്നത്. അതേസമയം കൂടുതൽ ഇടപെടൽ ആവശ്യമായിടത്ത് അതിനുള്ള നടപടിയുണ്ടാകും.
പഞ്ചായത്തടിസ്ഥാനത്തിൽ ഭിന്നശേഷിക്കാരെ കണ്ടെത്താൻ നടപടികൾ എടുക്കുന്നുണ്ട്. തദ്ദേശസ്ഥാപനങ്ങൾ മുഖേന ഭിന്നശേഷിക്കാരെ സന്നദ്ധസേവകരുടെ സേവനം ഉൾക്കൊണ്ട് സഹായിക്കുന്ന കാര്യം പരിശോധിക്കും. ഭിന്നശേഷിക്കാർക്ക് സഹായം, മരുന്നുകൾ തുടങ്ങിയ ഇത്തരത്തിൽ എത്തിക്കാനാകും.
ഭിന്നശേഷിക്കാർക്ക് സംരംഭങ്ങളും മറ്റും ആരംഭിക്കാൻ പരമാവധി ഓൺലൈൻ സൗകര്യങ്ങൾ പരിശോധിക്കും. തദ്ദേശതലത്തിൽ മറ്റുള്ളവ സന്നദ്ധസേവകരുടെ സഹായം ഉപയോഗിച്ച് പൂർത്തികരിക്കാൻ സംവിധാനം പരിഗണിക്കും. പകൽവീട് മാതൃകയിൽ പ്രത്യേക സംവിധാനം ഭിന്നശേഷിക്കാരുടെ സംരക്ഷണത്തിന് ഒരുക്കുന്നതിന്റെ സാധ്യത പരിശോധിക്കും. പൊതു വിദ്യാർഥികൾക്കുള്ള കലോൽസവങ്ങൾക്കൊപ്പം സ്പെഷ്യൽ സ്‌കൂൾ വിദ്യാർഥികൾക്കും കലോൽസവങ്ങളും കായികമേളകളും നടത്തുന്നത് പരിഗണനയിലുണ്ട്.
സ്പെഷ്യൽ സ്‌കൂളുകളിലെ അധ്യാപകർ, മറ്റു സൗകര്യങ്ങൾ എന്നിവയിലും പ്രത്യേക ശ്രദ്ധയുണ്ടാകും. സ്‌കോളർഷിപ്പുകളിലെ പ്രശ്നങ്ങൾ പരിഹരിക്കാൻ ആവശ്യമായ ഇടപെടലുകൾ ഉണ്ടാകും. സംസ്ഥാനത്തെ ഭിന്നശേഷി സൗഹൃദമായി ഉയർത്താൻ വലിയതോതിൽ ശ്രമങ്ങൾ സർക്കാരിൽനിന്ന് ഉണ്ടായിട്ടുണ്ടെന്നും മുഖ്യമന്ത്രി പറഞ്ഞു.
സംവാദത്തിൽ പങ്കെടുത്ത ഭിന്നശേഷിക്കാരായ പ്രണവ്, സ്വപ്ന അഗസ്റ്റിൻ, സനോജ് നടയിൽ എന്നിവർ വരച്ച മുഖ്യമന്ത്രിയുടെ ചിത്രങ്ങൾ അവർ നേരിട്ട് അദ്ദേഹത്തിന് ചടങ്ങിൽ കൈമാറി. ഇതിൽ പ്രണവും സ്വപ്നയും കാൽവിരലുകൾ കൊണ്ട് വരച്ച ചിത്രങ്ങളാണ് സമ്മാനിച്ചത്. ഇതിനൊപ്പം കാൽകൊണ്ട് മുഖ്യമന്ത്രിക്കൊപ്പം സെൽഫിയെടുക്കാനും പ്രണവ് സമയം കണ്ടെത്തി.
ഭിന്നശേഷിക്കാരെയും ഭിന്നശേഷി സംഘടനകളെയും പ്രതിനിധീകരിച്ച് ജി. വിജയരാഘവൻ, ധന്യ രവി, ഗോപിനാഥ് മുതുകാട്, ടിഫാനി ബ്രാർ, ഒ. വിജയൻ, സ്വപ്ന അഗസ്റ്റിൻ, രശ്മി മോഹൻ, ജോബി, ദീജ സതീശൻ, കൃഷ്ണകുമാർ, ഗിരീഷ് കീർത്തി, ഡോ: ശ്യാമപ്രസാദ്, മഹേഷ് ഗുപ്തൻ, പ്രണവ് എം.ബി, സിക്കന്ദർ, ഫൈസൽ ഖാൻ, അക്ഷയകൃഷ്ണ, റിൻഷ, ലൈല നസീർ എന്നിവർ സംസാരിച്ചു.
ചടങ്ങിൽ ആരോഗ്യ-സാമൂഹികനീതി വകുപ്പ് മന്ത്രി കെ.കെ. ശൈലജ ടീച്ചർ അധ്യക്ഷത വഹിച്ചു. ആസൂത്രണ ബോർഡ് വൈസ് ചെയർമാൻ ഡോ. വി.കെ. രാമചന്ദ്രൻ, വികലാംഗക്ഷേമ കോർപറേഷൻ ചെയർമാൻ അഡ്വ: പരശുവയ്ക്കൽ മോഹനൻ, സാമൂഹികനീതി സെക്രട്ടറി ബിജു പ്രഭാകർ, ഡയറക്ടർ ഷീബാ ജോർജ് എന്നിവർ സംബന്ധിച്ചു.