കെ സുധാകരന്റെ അധിക്ഷേപ പരാമർശം; കോൺഗ്രസ്‌ നിലപാട്‌ വ്യക്തമാക്കണം: സിപിഐ എം

0
63

മുഖ്യമന്ത്രി പിണറായി വിജയനെ അധിക്ഷേപിച്ച്‌ സംസാരിച്ച സംഭവത്തിൽ കെ സുധാകരനോടുള്ള നിലപാട്‌ കോൺഗ്രസ്‌ നേതൃത്വം വ്യക്തമാക്കണമെന്ന്‌ സിപിഐ എം സംസ്ഥാന സെക്രട്ടറിയുടെ ചുമതലയുള്ള എ വിജയരാഘവൻ ആവശ്യപ്പെട്ടു. സാംസ്‌കാരിക കേരളത്തിന്‌ അപമാനകരമായ പരാമർശങ്ങളാണ്‌ കെ സുധാകരൻ നിരന്തരം നടത്തുന്നത്‌.

കോൺഗ്രസ്‌ ജാഥയിൽ മുഖ്യമന്ത്രിയെ വ്യക്തിഹത്യ നടത്തുകയാണ്‌. പാർലമെന്റംഗം കൂടിയാണ്‌ അത്യന്തം ഹീനമായ പ്രസ്‌താവന നടത്തിയിരിക്കുന്നത്‌. ആധുനിക സമൂഹത്തിൽ സാധാരണ ഉപയോഗിക്കാത്ത രീതിശാസ്‌ത്രമാണ്‌ സുധാകരൻ സ്വീകരിച്ചത്‌. ഈ നിലപാടിനോട്‌ കോൺഗ്രസ്‌ പാർടി അവരുടെ നിലപാട്‌ വ്യക്തമാക്കേണ്ടതുണ്ട്‌.

നമ്മുടെ സംസ്ഥാനത്തിന്റെ മുഖ്യമന്ത്രിയെ അധിക്ഷേപിക്കാൻ ഈ പരിഷ്‌കൃത കാലത്ത്‌ ഇത്തരം വാക്കുകൾ ഉപയോഗപ്പെടുത്തിയത്‌ അപലപിക്കേണ്ട ഒന്നാണ്‌. കേരളം കടന്നുപോന്ന കാലത്തിന്റെ വഴികളെക്കുറിച്ചുള്ള ബോധക്കുറവ്‌ കൊണ്ടാണ്‌ സുധാകരൻ ഇങ്ങനെ സംസാരിക്കുന്നത്‌. ബാക്കിയുള്ളവർ ഇതിൽ ഉറച്ച്‌ നിൽക്കുന്നുണ്ടോ എന്നാണ്‌ അറിയേണ്ടത്‌ – വിജയരാഘവൻ പറഞ്ഞു.