സാന്ത്വനസ്‌പർശം : ജനങ്ങളുടെ പ്രശ്നങ്ങൾ കേൾക്കാൻ മന്ത്രിമാർ , അദാലത്ത്‌ ഇന്ന് ആരംഭിക്കും

0
83

തിരുവനന്തപുരം : ജനങ്ങളുടെ പ്രശ്നങ്ങൾ നേരിട്ട് മനസിലാക്കാൻ സാന്ത്വനസ്‌പർശം അദാലത്ത്‌ ഇന്ന് ആരംഭിക്കും. മന്ത്രിമാർ നേരിട്ടാണ് പരാതികൾ കേൾക്കുന്നത്. മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയിലെ സഹായം തേടി ലഭിക്കുന്ന അപേക്ഷയിൽ 25,000 രൂപ വരെ മന്ത്രിമാർക്ക്‌ അനുവദിക്കാം.

അതേസമയം കൂടുതൽ ധനസഹായം ആവശ്യമാണെങ്കിൽ പരാതി സർക്കാരിലേക്ക്‌ അയയ്‌ക്കാനും മൂന്ന്‌ ദിവസത്തിനകം അർഹർക്ക്‌ സഹായം ബാങ്ക്‌ അക്കൗണ്ടിൽ ലഭ്യമാക്കാനും ധന, റവന്യു പ്രിൻസിപ്പൽ സെക്രട്ടറിമാരെ ചുമതലപ്പെടുത്തി.

കൊല്ലം, ആലപ്പുഴ, തൃശൂർ, കോഴിക്കോട്‌, കണ്ണൂർ ജില്ലയിലാണ്‌ തിങ്കളാഴ്‌ച അദാലത്ത്‌. ചൊവ്വ, വ്യാഴം ദിവസങ്ങളിലും അദാലത്ത്‌ തുടരും.അപേക്ഷ അക്ഷയ കേന്ദ്രം വഴി സൗജന്യമായി‌ സ്വീകരിച്ചു‌. നേരത്തേ തീർപ്പാക്കാത്തവയും പുതിയ പരാതിയും സ്വീകരിക്കും.

ഓൺലൈനായി പരാതി നൽകാത്തവർക്ക്‌ നേരിട്ടെത്തി‌ പരാതി നൽകാം. ഇവ ഓൺലൈനായി എൻട്രി ചെയ്‌ത്‌ ഏഴ്‌ ദിവസത്തിനകം പരിഹരിക്കണം. മുഖ്യമന്ത്രിയുടെ പരാതിപരിഹാരസെൽ വഴി പരിഹരിക്കുന്നതിന്‌ പുറമെയാണ്‌ ബ്ലോക്ക്‌തലത്തിൽ ‌അദാലത്ത്‌‌.

ആദിവാസി മേഖലകളിലുള്ളവർക്ക് അപേക്ഷ നൽകാൻ അക്ഷയ സെന്ററുകൾ പ്രത്യേക സൗകര്യം ഏർപ്പെടുത്താൻ മുഖ്യമന്ത്രി പിണറായി വിജയൻ നിർദേശിച്ചിട്ടുണ്ട്‌. ആദിവാസികളുടെ അടുത്തുപോയും പരാതി സ്വീകരിക്കും. നിയമഭേദഗതി വഴിയോ ചട്ടത്തിൽ മാറ്റം വരുത്തിയോ നയപരമായ തീരുമാനം വഴിയോ പരിഹരിക്കേണ്ടവ കലക്ടർമാർ ഏകീകരിച്ച് സർക്കാരിന് നൽകും. ബിഡിഒമാരാണ്‌ അദാലത്തിന്‌ സൗകര്യമൊരുക്കുക. പരാതിക്കാരന്‌ ഉടൻ ഗുണഫലം ലഭിച്ചു എന്ന്‌ ഉറപ്പാക്കും.