നവ കേരളം – യുവ കേരളം : മുഖ്യമന്ത്രി ക്യാംപസുകളിലേയ്ക്ക്

0
92

മുഖ്യമന്ത്രി പിണറായി വിജയൻ സംസ്ഥാനത്തെ സർവ്വകലാശാല വിദ്യാർത്ഥികളുമായി സംസാരിക്കുന്നു. നവ കേരളം — യുവ കേരളം സംവാദ പരിപാടി ഭാഗമായാണത്. സംസ്ഥാന തല ഉദ്ഘാടനം കൊച്ചിയിലാണ് മുഖ്യമന്ത്രി നിർവ്വഹിക്കുക.

രാവിലെ പത്ത് മണിയ്ക്ക് കുസാറ്റ് ഓപ്പൺ എയർ ഓഡിറ്റോറിയത്തിൽ നടക്കുന്ന പരിപാടിയിൽ സംസ്ഥാനത്തെ അഞ്ച് സർവ്വകലാശാലകളിൽ നിന്നുള്ള 200 വിദ്യാർത്ഥികൾ നേരിട്ടും 1500 വിദ്യാർത്ഥികൾ ഓൺലൈൻ ആയും പങ്കെടുക്കും. കേരളത്തിലെ 5 സർവ്വകലാശാല ക്യാമ്പസുകളിലെ വിദ്യാർത്ഥികളുമായുള്ള സംവാദ പരമ്പരയുടെ ഉദ്ഘാടന ചടങ്ങിൽ ഉന്നത വിദ്യാഭ്യാസ മന്ത്രി കെടി ജലീൽ അധ്യക്ഷനാകും.

ഫെബ്രുവരി 6, 8, 11, 13 തിയതികളിലായാകും മറ്റ് സർവ്വകലാശാലകളിലെ വിദ്യാർത്ഥികളുമായി പിണറായി സംവാദം നടത്തുക. ഫെബ്രുവരി 6ന് കേരള സർവ്വകലാശാലയിലും 8-ാം തിയതി മഹാത്മാഗാന്ധി സർവ്വകലാശാലയിലും 11ന് കാലിക്കറ്റിലും 13-ാം തിയതി കണ്ണൂർ സർവ്വകലാശാലയിലും എന്ന നിലയിലാണ് ക്രമീകരണം.

വിവിധ മേഖലകളിൽ കഴിവ് തെളിയിച്ച വിദ്യാർത്ഥി പ്രതിഭകൾ സംവാദത്തിൽ പങ്കെടുക്കും. 200 വിദ്യാർത്ഥികൾ ഓരോ പരിപാടിയിലും നേരിട്ടും മറ്റുള്ളവർ ഓൺലൈനായുമാണ് പങ്കെടുക്കുന്നത്. ഉന്നതവിദ്യാഭ്യാസത്തിൻറെ ഭാവി എങ്ങനെയായിരിക്കണം എന്ന വിഷയത്തിൽ വിദ്യാർത്ഥികൾ നിർദ്ദേശം സമർപ്പിക്കും.

ജോൺ ബ്രിട്ടാസ്, വീണാ ജോർജ്ജ് എംഎൽഎ, അഭിലാഷ് മോഹനൻ, നികേഷ് കുമാർ, ജി എസ് പ്രദീപ് തുടങ്ങിയ പ്രമുഖമാധ്യമപ്രവർത്തകരാണ് പരിപാടിയിൽ അവതാരകരായി എത്തുക. പരിപാടിയോട് അനുബന്ധിച്ച് ജി എസ് പ്രദീപിൻറെ ‘ഇൻസ്പയർ കേരള’ എന്ന പ്രത്യേക ഷോയും ഉൾപ്പെടുത്തിയിട്ടുണ്ട്.

കുസാറ്റിൽ ഇന്ന് നടക്കുന്ന സംവാദത്തിൽ കുസാറ്റ്, കെടിയു, ആരോഗ്യസർവ്വകലാശാല, ന്യുവാൽസ്, ഫിഷറീസ് സർവ്വകലാശാലകളിലെ വിദ്യാർത്ഥികളാണ് പങ്കെടുക്കുക. 6-ാം തീയതി കേരള സർവ്വകലാശാലയിൽ സർവ്വകലാശാലയ്ക്ക് കീഴിലെ മുഴുവൻ സ്ഥാപനങ്ങളിലേയും വിദ്യാർത്ഥി പ്രതിനിധികൾ പങ്കെടുക്കും. 8-ാം തിയതി മഹാത്മാഗാന്ധി സർവ്വകലാശാലയിൽ നടത്തുന്ന പരിപാടിയിൽ എംജി, സംസകൃത സർവ്വകലാശാലകളിലെ വിദ്യാർത്ഥികൾ പങ്കെടുക്കും.

11ന് കാലിക്കറ്റ് സർവ്വകലാശാലയിൽ കാലിക്കറ്റ്, കാർഷിക സർവ്വകലാശാല, മലയാളം സർവ്വകലാശാല, കലാമണ്ഡലം എന്നിവിടങ്ങളിലെ വിദ്യാർത്ഥി പ്രതിഭകൾ പരിപാടിയുടെ ഭാഗമാകും. കണ്ണൂർ സർവ്വകലാശാലയിൽ 13-ാം തീയതിയിലെ മീറ്റിൽ കണ്ണൂരിന് പുറമേ കാസർകോട് കേന്ദ്രസർവ്വകലാശാല, വെറ്റിനറി സർവ്വകലാശാല എന്നിവിടങ്ങളിലെ വിദ്യാർത്ഥികൾ പങ്കെടുക്കും.