പുതിയ മുഖത്തിൽ ആലുവ പോലീസ് സ്റ്റേഷൻ , ഉദ്ഘാടനം ചൊവ്വാഴ്ച

0
96

ആലുവ ഈസ്റ്റ് പൊലീസ് സ്റ്റേഷന്റെയും റൂറൽ പൊലീസ് കമാൻഡ് കൺട്രോൾ റൂമിന്റെയും കെട്ടിടങ്ങൾ ചൊവ്വാഴ്ച മുഖ്യമന്ത്രി പിണറായി വിജയൻ ഓൺലൈനിൽ ഉദ്ഘാടനം ചെയ്യും. ആലുവയിൽ പ്രത്യേക പരിപാടിയും സംഘടിപ്പിക്കും.

സംസ്ഥാന സർക്കാർ 2.52 കോടി രൂപ ചെലവിട്ടാണ് 9,850 ചതുരശ്രയടിയിൽ ആധുനിക രീതിയിലുള്ള പുതിയ പൊലീസ് സ്റ്റേഷൻ കെട്ടിടം നിർമിച്ചിട്ടുള്ളത്. പൊതുജനങ്ങൾക്കും പൊലീസുകാർക്കും കൂടുതൽ സൗകര്യങ്ങളോടെയാണ് മൂന്നുനിലകളിലുള്ള കെട്ടിടം ഒരുക്കിയിട്ടുള്ളത്. ജീർണാവസ്ഥയും സ്ഥലപരിമിതിയും നേരിട്ടതിനാൽ പഴയ കെട്ടിടം പൊളിച്ചുമാറ്റുകയായിരുന്നു.

2019 ഏപ്രിൽ അവസാനമാണ് കെട്ടിടംപണി ആരംഭിച്ചത്. ആലുവ മൂന്നാർ റോഡിൽനിന്ന് സ്റ്റേഷന്റെ അകത്തേക്ക് പ്രവേശിച്ച് സബ്ജയിൽ റോഡിലൂടെ പുറത്തേക്ക് പോകുന്ന രീതിയിലാണ് രൂപകൽപ്പന. ജയിൽമുറികൾ ഉൾപ്പെടെ സ്റ്റേഷനും പരിസരപ്രദേശങ്ങളും പൂർണമായും സിസിടിവി നിരീക്ഷണത്തിലാണ്.

താഴത്തെ നിലയിലാണ് സ്റ്റേഷനിൽ എത്തുന്നവർക്കുള്ള വിശ്രമമുറിയും റിസപ്ക്ഷനും. സ്റ്റേഷൻ ഹൗസ് ഓഫീസർ, എസ്‌ഐ എന്നിവർക്കായി പ്രത്യേക മുറിയും ഒരുക്കിയിട്ടുണ്ട്. ആയുധങ്ങൾ സൂക്ഷിക്കുന്നതിനായി പ്രത്യേക സംവിധാനവുമുണ്ട്. സ്ത്രീകൾക്കും പുരുഷന്മാർക്കും ട്രാൻസ് ജൻഡേഴ്‌സിനുമായി മൂന്ന് ജയിൽമുറികളും താഴത്തെ നിലയിൽ തയ്യാറാക്കിയിട്ടുണ്ട്.

1107 ചതുരശ്രയടിയിൽ അടുക്കള കാന്റീൻ സൗകര്യങ്ങളും സജ്ജീകരിച്ചിരിക്കുന്നു. വികലാംഗർക്ക് പ്രത്യേക സംവിധാനങ്ങളോടെ ശുചിമുറികളും ഉണ്ട്. ഒന്നാമത്തെ നിലയിൽ ആധുനിക കോൺഫറൻസ് ഹാളും കമ്യൂണിറ്റി പൊലീസിനായി പ്രത്യേക മുറിയും സീനിയർ എസ്‌ഐ, ഹെഡ് കോൺസ്റ്റബിൾ എന്നിവർക്കായുള്ള ഓഫീസ് സംവിധാനവും ഒരുക്കിയിരിക്കുന്നു.

ഇൻവെസ്റ്റിഗേഷൻ, സാക്ഷി, റെക്കോഡുകൾ, തൊണ്ടിവസ്തുക്കൾ എന്നിവയ്ക്കും പ്രത്യേക മുറികളുണ്ട്. രണ്ടാംനിലയിൽ പൊലീസുകാർക്ക് വിശ്രമമുറിയും സിസിടിവി, സ്റ്റോർ, മോട്ടോർ ആൻഡ് ട്രാൻസ്‌പോർട്ട് എന്നിവയ്ക്കായുള്ള സൗകര്യങ്ങളുമുണ്ട്. കൂടാതെ ഫയർ എസ്‌കേപ്പ് സംവിധാനവും ഒരുക്കിയിട്ടുണ്ട്.