സ്റ്റേറ്റ് ഹെൽത്ത് ഏജൻസി ആരോഗ്യ ചരിത്രത്തിലെ നാഴികകല്ല്: മന്ത്രി കെ.കെ. ശൈലജ

0
81

സംസ്ഥാന ആരോഗ്യ ചരിത്രത്തിലെ നാഴികകല്ലാണ് സ്റ്റേറ്റ് ഹെൽത്ത് ഏജൻസിയെന്നും കാരുണ്യ സുരക്ഷാ പദ്ധതിയിലൂടെ ആരോഗ്യമേഖലയെ ജനകീയമാക്കാനായതായും ആരോഗ്യ വകുപ്പ് മന്ത്രി കെ.കെ. ശൈലജ ടീച്ചർ. കാരുണ്യ ആരോഗ്യ സുരക്ഷാ പദ്ധതിയുടെ നടത്തിപ്പിനായി സംസ്ഥാന ആരോഗ്യ കുടുംബക്ഷേമ വകുപ്പിന് കീഴിൽ ആരംഭിച്ച സ്റ്റേറ്റ് ഹെൽത്ത് ഏജൻസിയുടെ ഉദ്ഘാടനം നിർവഹിക്കുകയായിരുന്നു മന്ത്രി.

കേരളത്തിലെ സാധാരണ ജനങ്ങൾ അഭിമുഖീകരിക്കുന്ന മുഖ്യ പ്രശ്‌നങ്ങളിലൊന്നാണ് അനുദിനം വർധിച്ചുവരുന്ന ചികിത്സാ ചെലവ്. മികച്ച പൊതുജനാരോഗ്യ സംവിധാനങ്ങളും സേവനവും ഒരുക്കിയാണ് ഇതിനൊരു പരിഹാരം കണ്ടത്. സർക്കാർ ആശുപത്രികൾ ശാക്തീകരിച്ചതോടെ സർക്കാർ ആശുപത്രികളെ ആശ്രയിക്കുന്നവരുടെ എണ്ണം 50 ശതമാനമായി.

മൊത്തം വരുന്ന ക്ലെയ്മിന്റെ 72 ശതമാനവും സർക്കാർ ആശുപത്രികളിൽ നിന്നാണ് വരുന്നതെന്നും മന്ത്രി വ്യക്തമാക്കി. ആരോഗ്യ മേഖലയിലെ ഒരു നിർണായക ചുവടുവെപ്പാണ് സ്റ്റേറ്റ് ഹെൽത്ത് ഏജൻസിയുടെ രൂപീകരണം.

സാധാരണ ജനങ്ങളുടെ ആരോഗ്യ പരിരക്ഷ ഉറപ്പുവരുത്തുന്നതിനായി വ്യത്യസ്ത വകുപ്പുകൾ നടപ്പിലാക്കി വരുന്ന വിവിധ പദ്ധതികൾ ഒരു കുടക്കീഴിൽ ഏകോപിപ്പിച്ച് കാര്യക്ഷമമായി നടപ്പിലാക്കുകയാണ് സ്റ്റേറ്റ് ഹെൽത്ത് ഏജൻസി ചെയ്യുന്നത്.

കാരുണ്യ ആരോഗ്യ സുരക്ഷാ പദ്ധതി, കാരുണ്യ ബെനവലന്റ് ഫണ്ട് പദ്ധതി എന്നിവയുടെ നടത്തിപ്പ് ചുമതല ഹെൽത്ത് ഏജൻസിക്കാണ്. കോവിഡ് മഹാമാരി ചെറുത്തുനിൽക്കുന്നതിനായി ഏജൻസി കൈക്കൊണ്ട നടപടികൾ സംസ്ഥാന ആരോഗ്യ വകുപ്പിന് വലിയ ആശ്വാസമാണ് നൽകിയത്.

സ്വകര്യ ആശുപത്രികളെ കോവിഡ് ചികിത്സക്കായി മുന്നോട്ട് കൊണ്ടുവരുന്നതിനായി സ്റ്റേറ്റ് ഹെൽത്ത് ഏജൻസിയുടെ നേതൃത്വത്തിൽ സ്വകാര്യ ആശുപത്രി മാനേജ്‌മെന്റുകളുമായി വിവിധ ചർച്ചകൾ നടത്തുകയും കോവിഡ് ചികിത്സക്കായി ഏകീകൃത കോവിഡ് നിരക്ക് നിജപ്പെടുത്തുകയും ചെയ്തു.

കാരുണ്യ ആരോഗ്യ സുരക്ഷാ പദ്ധതിയുടെ പരിധിയിൽ വരുന്ന 19,51,453 കുടുംബങ്ങളുടെ 100 ശതമാനം ചികിത്സ ചെലവും സംസ്ഥാന സർക്കാരാണ് വഹിക്കുന്നത്. കേന്ദ്ര സർക്കാർ പങ്കാളിത്തമുള്ള ആയുഷ്മാൻ പദ്ധതിയിൽ അംഗങ്ങളായ 22,01,131 കുടുംബങ്ങളുടെ ചികിത്സ ചിലവിന്റെ 40 ശതമാനവും സംസ്ഥാന സർക്കാരാണ് വഹിക്കുന്നത്.

രണ്ട് വർഷകാലയളവിൽ 17.14 ലക്ഷം ക്ലെയിമുകളും 1,036.89 കോടി രൂപയുടെ സൗജന്യ ചികിത്സയും നൽകി. 375 സ്വകാര്യ ആശുപത്രികൾ അടക്കം കേരളത്തിലുടനീളം 566 ആശുപത്രികളിൽ നിന്നും കാരുണ്യ ആരോഗ്യ സുരക്ഷാ പദ്ധതിയുടെ സൗജന്യ ചികിത്സ ലഭ്യമാണ്.

കൂടുതൽ ആശുപത്രികളെ പദ്ധതിയിൽ പങ്കാളികളാക്കാനുള്ള എംപാനൽമെന്റ് പ്രക്രിയ തുടർന്ന് വരികയാണ്. വൃക്ക മാറ്റിവയ്ക്കൽ ശസ്ത്രക്രിയക്ക് 1.5 ലക്ഷം രൂപയാണ് നാഷണൽ ഹെൽത്ത് അതോറിറ്റിയുടെ പാക്കേജ് പ്രകാരം നിജപ്പെടുത്തിയിരുന്നത്. എന്നാൽ കേരളത്തിലെ പ്രത്യേക സാഹചര്യം മനസിലാക്കി വൃക്ക മാറ്റിവയ്ക്കൽ ശസ്ത്രക്രിയക്ക് 4 ലക്ഷം രൂപയോളം ചികിത്സയിനത്തിൽ ലഭ്യമാക്കാൻ വേണ്ട നടപടികൾ പൂർത്തികരിച്ചു വരികയാണെന്നും മന്ത്രി വ്യക്തമാക്കി. സ്റ്റേറ്റ് ഹെൽത്ത് ഏജൻസി എക്‌സിക്യുട്ടീവ് ഡയറക്ടർ ഡോ. രത്തൻ ഖേൽക്കർ, സ്റ്റേറ്റ് ഹെൽത്ത് ഏജൻസി ജോ. ഡയറക്ടർ ഡോ. ഇ. ബിജോയ് എന്നിവർ സംസാരിച്ചു.