ഗാംഗുലിയുടെ ആരോഗ്യനില തൃപ്തികരം

0
94

നെഞ്ചുവേദനയെ തുടര്‍ന്ന് ബുധനാഴ്ച ആശുപത്രിയില്‍ പ്രവേശിപ്പിക്കപ്പെട്ട മുന്‍ ഇന്ത്യന്‍ ക്യാപ്റ്റനും ബി.സി.സി.ഐ പ്രസിഡന്റുമായ സൗരവ് ഗാംഗുലിയുടെ ആരോഗ്യനില തൃപ്തികരമെന്ന് ഡോക്ടര്‍മാര്‍.

നേരത്തെ ജനുവരി ആദ്യ വാരം നെഞ്ചുവേദനയെ തുടര്‍ന്ന് ആശുപത്രിയില്‍ പ്രവേശിപ്പിച്ച ഗാംഗുലിയെ കൊറോണറി ധമനികളില്‍ മൂന്നിടത്ത് തടസങ്ങള്‍ കണ്ടെത്തിയതിനെ തുടര്‍ന്ന് ആന്‍ജിയോപ്ലാസ്റ്റിക്ക് വിധേയനാക്കി സ്റ്റെന്റ് ഘടിപ്പിച്ചു.

ഇത്തവണയും സ്റ്റെന്റിങ് നടപടിക്രമങ്ങള്‍ വേണ്ടിവരുമെന്ന് നേരത്തെ അദ്ദേഹം ചികിത്സയില്‍ കഴിഞ്ഞിരുന്ന വുഡ്‌ലാന്‍ഡ്‌സ് ആശുപത്രി അധികൃതര്‍ വ്യക്തമാക്കി.

വ്യാഴാഴ്ച പ്രശസ്ത കാര്‍ഡിയോളജിസ്റ്റ് ഡോ. ദേവി ഷെട്ടി, ഡോ. സപ്തര്‍ഷി ബസു, ഡോ. സരോജ് മൊണ്ഡല്‍ എന്നിവരുടെ സാന്നിധ്യത്തില്‍ ഡോ. അഫ്താബ് ഖാന്‍ സ്റ്റെന്റിങ് നടത്തുമെന്ന് വുഡ്‌ലാന്‍ഡ്‌സ് ആശുപത്രി അധികൃതര്‍ അറിയിച്ചു.

നേരത്തെ ബുധനാഴ്ച പതിവ് ഹൃദയ പരിശോധനയ്ക്കിടെ നെഞ്ചുവേദന അനുഭവപ്പെടുകയും ഇസിജിയില്‍ ചെറിയ വ്യതിയാനം കാണിക്കുകയും ചെയ്തതോടെ ഗാംഗുലിയെ കൊല്‍ക്കത്തയിലെ അപ്പോളോ ഗ്ലെനെഗല്‍സ് ആശുപത്രിയിലേക്ക് മാറ്റുകയായിരുന്നു.