Thursday
11 June 2026
27.6 C
Kerala
HomeKeralaവായനക്കാരന്‍റെ നെഞ്ചത്ത് മനോരമയുടെ മയക്കുവെടി !

വായനക്കാരന്‍റെ നെഞ്ചത്ത് മനോരമയുടെ മയക്കുവെടി !

സ്വന്തം മാ:പ്ര – സജിത് നായര്‍

ജനങ്ങളുടെ സ്വത്തിനും ജീവനും ഭീഷണി ഉയര്‍ത്തി നാട്ടില്‍ ഇറങ്ങി വിഹരിച്ച അരികൊമ്പന്‍ എന്ന ആനയെ തളച്ച വാര്‍ത്ത മലയാള മനോരമ ദിനപത്രം ഇന്ന് നല്‍കിയത് വായനക്കാരെ തെറ്റിദ്ധരിപ്പിക്കുന്നതും ഈ വിഷയത്തില്‍ പത്രത്തിന്‍റെ ഇരട്ടത്താപ്പ് വ്യക്തമാക്കുന്നതുമാണ്.

“അരികൊമ്പനെ തമിഴ്നാട് തളച്ചു” എന്നതാണ് മനോരമയുടെ ഇന്നത്തെ പ്രധാന തലകെട്ട്. ആ തലക്കെട്ടില്‍ തന്നെ വക്രബുദ്ധിയുടെ ഒരു മുന ഒളിഞ്ഞിരുപ്പുണ്ട്. കേരളത്തിന് തളയ്ക്കാനാകാത്തത് തമിഴ്നാടിന് കഴിഞ്ഞു എന്ന ഒളിയമ്പാണ് ആ തലക്കെട്ടിലൂടെ മനോരമ ലക്ഷ്യം വച്ചത്. വായനക്കാര്‍ കേരള സര്‍ക്കാരിന് കഴിയാതെ പോയത് തമിഴ്നാട് സര്‍ക്കാരിന് കളിഞ്ഞുവെന്ന് ചിന്തിക്കുന്നുവെങ്കില്‍ അത്രയും ആയല്ലോ എന്നതാണ് ആ തലക്കെട്ടിലെ കുരുട്ടു ബുദ്ധി. ആ അഞ്ച് കോളം തലക്കെട്ടിന്‍റെ ഇടയില്‍ മറ്റൊരു ചെറിയ തലക്കെട്ടില്‍ “അന്ന് ആറ് മയക്കുവെടി, ഇന്നലെ മൂന്നു മാത്രം” എന്നൊരു മറ്റൊരു കുത്തിത്തിരുപ്പുകൂടിയുണ്ട്. ആ വാര്‍ത്തക്കു പിന്നിലും കേരളത്തിനെ ഇകഴ്ത്തുക എന്ന ഗൂഢ ഉദ്ദേശം മാത്രമാണ്. അതായത് ആന ചിന്നക്കനാലില്‍ ആയിരുന്നപ്പോള്‍ സംസ്ഥാന വനം വകുപ്പ് ആറ് മയക്കുവെടി വെച്ചു. എന്നാല്‍ തമിഴ്നാട് വനം വകുപ്പിന് അത് മൂന്നുമാത്രം മതിയായിരുന്നു എന്നൊരു ധ്വനി ആ വാര്‍ത്തയില്‍ ഒളിച്ചുവെച്ചു. അതിലൂടെ സംസ്ഥാന വനം വകുപ്പ് മോശമാണെന്ന് ആന പ്രേമികള്‍ക്കിടയിലെങ്കിലും ഒരു ചിന്തവന്നാല്‍ അത്രയും ആയല്ലോ എന്നതാണ് മനോരമയുടെ മറ്റൊരു ദുഷ്ടചിന്ത. അങ്ങനെ മനോരമ ഇന്നത്തെ സുപ്രഭാതത്തില്‍ വായനക്കാരന്‍റെ നെഞ്ചത്ത് തെറ്റിദ്ധാരണ പരത്തുന്ന രണ്ട് മയക്കുവെടികളാണ് വെച്ചത്.

അരികൊമ്പനെ തളച്ചുവെന്നത് ഇന്നത്തെ പത്രത്തിനു പറ്റിയ ഒരു മഹാ വാര്‍ത്തയല്ല. കാരണം അതിലും പ്രധാന്യമുള്ള മറ്റു ചില വാര്‍ത്തകള്‍ ഇന്ന് ഒന്നാം പേജില്‍ ഇടം പിടിക്കേണ്ടതായുണ്ടായിരുന്നു. അതില്‍ ഏറ്റവും പ്രധാനം 275 ജീവനുകള്‍ അപഹരിച്ച ഒഡീഷ ട്രെയിന്‍ അപകടവുമായി ബന്ധപ്പെട്ട അട്ടിമറി സാധ്യത എന്ന വാര്‍ത്തയായിരുന്നു. അപകടം നടന്ന ബാലസോറില്‍ സിബിഐ സംഘം എത്തി എന്ന വാര്‍ത്ത 11-ാം പേജില്‍ ഒരു മൂലയ്ക്കുണ്ട്. കേരളത്തില്‍ ഏതെങ്കിലും സാമൂഹ്യ വിരുദ്ധര്‍ ട്രെയിനിന് കല്ലെറിയുകയോ മറ്റോ ചെയ്താല്‍ ഒന്നാം പേജില്‍ ദിവസങ്ങളോളം ആഘോഷിക്കാന്‍ ഈ മാപ്രകള്‍ക്ക് ഒരു മടിയുമില്ല. അവിടെയാണ് 275 മനുഷ്യര്‍ ഒറ്റ യാത്രയില്‍ ഇല്ലാതായ ട്രെയിന്‍ അപകടത്തിന്‍റെ കാരണം അട്ടിമറിയാണെന്ന് കേന്ദ്ര റെയില്‍വേ മന്ത്രി തന്നെ സംശയം പ്രകടിപ്പിച്ചിട്ടും അത് ഒന്നാം പേജില്‍ ഇടം പിടിക്കാതെ പോയത്.

അവിടെയാണ് മനോരമയുടെ ഇരട്ടത്താപ്പ് അഥവാ കുരുട്ടുബുദ്ധി വെളിപ്പെടുന്നത്. അരികൊമ്പന്‍ എന്ന് ആരൊക്കെയോ പേരിട്ട വന്യമൃഗമായ ഒരു ആന നാട്ടില്‍ ഇറങ്ങി ജനങ്ങളുടെ സ്വൈര്യം കളഞ്ഞപ്പോള്‍ അതിനെ തളയ്ക്കാനും ജനങ്ങളുടെ സുരക്ഷ ഉറപ്പാക്കാനും സംസ്ഥാന സര്‍ക്കാര്‍ നടപടികള്‍ ആരംഭിച്ചപ്പോള്‍ അതിന് തടസ്സമായത് ഹൈക്കോടതി ഇടപെടലാണെന്ന് ഏവര്‍ക്കും അറിയാവുന്നതാണ്. കോടതി ഇടപെടല്‍ ഉണ്ടായിരുന്നില്ലെങ്കില്‍ ഈ ആനയെ സംസ്ഥാന വനം വകുപ്പ് പിടികൂടി ജനങ്ങള്‍ക്ക് ഉപദ്രവം ഇല്ലാത്ത രീതിയില്‍ കൈകാര്യം ചെയ്യുമായിരുന്നു. എന്നാല്‍ ഈ വസ്തുത മറച്ചുവച്ചുകൊണ്ട് സംസ്ഥാന വനം വകുപ്പിന് എന്തോ വീഴ്ചപറ്റി, എന്നാല്‍ വീഴ്ചയൊന്നും കൂടാതെ തമിഴ്നാട് വനം വകുപ്പ് എല്ലാം ഭംഗിയായി നിര്‍വഹിച്ചു എന്ന രീതിയില്‍ വാര്‍ത്ത ചമച്ചതിലൂടെ മനോരമ ഒരിക്കല്‍ കൂടെ തനി സ്വരൂപം പുറത്തെടുക്കുകയായിരുന്നു.

ആളെകൊല്ലി ആനക്ക് അരിവാങ്ങാന്‍ പിരിവിടുന്ന നാട്ടില്‍ മനോരമ ഒന്നാം പേജില്‍ ആഘോഷിച്ചില്ലേല്‍ അല്ലേ അത്ഭുതം.

RELATED ARTICLES

Most Popular

Recent Comments