രാജ്യത്തെ ഇന്ധനവില നൂറ് രൂപ പിന്നിട്ടതോടെ വ്യാപക പ്രതിഷേധമാണ് ഉയരുന്നത്. പെട്രോൾ ഡീസൽ വില വർധനവിൽ പ്രതിഷേധിച്ച് ഡി വൈ എഫ് ഐ നടത്തിയ പ്രതിഷേധം രാജ്യശ്രദ്ധയാകർഷിച്ചു. കോഴിക്കോട് ജില്ലയിൽ പെട്രോൾ പാമ്പിന് മുന്നിൽ ക്രിക്കറ്റിലെ ബാറ്റസ്മാനെ പോലെ ബാറ്റും ഹെൽമെറ്റും ഉയർത്തികാണിച്ചു പ്രതിഷേധം രേഖപ്പെടുത്തുന്ന ഡി വൈ എഫ് ഐ പ്രവർത്തകന്റെ ചിത്രമാണ് ഇപ്പോൾ സോഷ്യൽ മീഡിയകളിൽ ട്രെൻഡിങ്. ദേശിയ മാധ്യമങ്ങൾ ഉൾപ്പടെ പ്രതിഷേധ പ്രകടനം ഏറ്റെടുത്തതോടെ വലിയ പിന്തുണയാണ് പ്രതിഷേധ സമരത്തിന് ലഭിച്ചത്. കേരളത്തിലെമ്പാടും ഇത്തരത്തിൽ വ്യത്യസ്തമായി പ്രതിഷേധ പരിപാടികൾ ഡി വൈ എഫ് ഐ സംഘടിപ്പിക്കുന്നുണ്ട്. ക്രൂഡ് ഓയിൽ വില താഴ്ന്നു നിൽക്കുന്ന സാഹചര്യത്തിലും കോവിഡ് സാഹചര്യം പോലും കണക്കിലെടുക്കാതെ കേന്ദ്ര സർക്കാർ എണ്ണക്കമ്പനി ഉടമകളെ കെട്ടഴിച്ചു വിടുകയാണെന്ന് ഡി വൈ എഫ് ഐ കുറ്റപ്പെടുത്തി.