രാജപ്പന് അന്താരാഷ്ട്ര പുരസ്കാരം; അഭിനന്ദനവുമായി മന്ത്രി സജി ചെറിയാൻ

0
57

 

വേമ്പനാട് കായലില്‍ നിന്ന് പ്ലാസ്റ്റിക്ക് മാലിന്യ വസ്തുക്കൾ നീക്കം ചെയ്തുകൊണ്ട് പ്രകൃതി സംരക്ഷണത്തിലൂടെ കേരളത്തിന്റെ അഭിമാനമായി മാറിയ എൻ. എസ്. രാജപ്പന് അന്താരാഷ്ട്ര പുരസ്കാരം. രാജപ്പനെ തേടിയെത്തിയത് തായ്‌വാൻ സർക്കാരിന്റെ ആദരമാണ്. ജന്മനാ ഇരുകാലുകൾക്കും ശേഷിയില്ലാത്ത രാജപ്പൻ വേമ്പനാട്ട് കായലിൽ വലിച്ചെറിയുന്ന കുപ്പി പെറുക്കിയാണ് ഉപജീവനം നടത്തുന്നത്.

തായ്വാന്‍റെ ദി സുപ്രീം മാസ്റ്റര്‍ ചിങ് ഹായ് ഇന്‍റര്‍നാഷണലിന്‍റെ വേള്‍ഡ് പ്രൊട്ടക്ഷന്‍ അവാര്‍ഡാണ് രാജപ്പന് ലഭിച്ചത്. പ്രശംസാ ഫലകവും 10000 ഡോളര്‍(ഏകദേശം 730081 രൂപ) അടങ്ങുന്നതാണ് പുരസ്കാരം.

രാജപ്പനെ മന്ത്രി സജി ചെറിയാൻ അഭിനന്ദിച്ചു.ശാരീരിക ബുദ്ധിമുട്ടുകളുണ്ടായിട്ടു പോലും പല പ്രതികൂല സാഹചര്യങ്ങളെ അതിജീവിച്ചു കൊണ്ട് പ്രകൃതിയും ഭൂമിയും സംരക്ഷിക്കുന്നതിന് ശ്രീ. എൻ. എസ് രാജപ്പൻ നടത്തിയ പ്രവർത്തനങ്ങൾ മാതൃകാപരവും പ്രചോദനകരവുമാണെന്ന് സജി ചെറിയാൻ ഫേസ്ബുക്ക് പോസ്റ്റിൽ പറഞ്ഞു.

14 വ‌ഷമായി വേമ്പനാട്ട് കായലിലെ പ്ലാസ്റ്റിക് കുപ്പികൾ പെറുക്കിയാണ് ഉപജീവനം നടത്തുന്നത്. തുച്ഛമായ വരുമാനമേ ഉളളൂവെങ്കിലും വേമ്പനാട്ട് കായൽ സുന്ദരിയായി ഇരിക്കുന്നതാണ് തന്‍റെ ജോലിയിലെ സന്തോഷമെന്ന് രാജപ്പൻ പറയുന്നു.

രാവിലെ ആറ് മണിയാകുമ്പോള്‍ രാജപ്പന്‍ വള്ളവുമായി കായലിലിറങ്ങും. മിക്കപ്പോഴും രാത്രിയാകും മടങ്ങിയെത്താന്‍. കൂടുതലൊന്നും കിട്ടിയില്ലെങ്കിലും അന്നത്തെ ചെലവിനുള്ള ചില്ലറ കിട്ടണമെന്ന് മാത്രമെന്ന ആഗ്രഹാം മാത്രമാണ് രാജപ്പനുള്ളത്. പ്രധാനമന്ത്രിയുടെ മന്‍ കി ബാത്തിലും രാജപ്പനെ പ്രശംസിച്ചിരുന്നു.