ബഹു. സാറന്മാരേ, ദൈന്യ നിലവിളികൾ അതിരുകൾ കടന്നും സുമനസ്സുകളേറ്റുവാങ്ങും

0
110

ജനിച്ച നാടോ ഭാഷയോ വംശമോ ഒന്നും അവർക്ക് തടസ്സമായില്ല. മനുഷ്യപ്പറ്റ് തൊട്ടുതീണ്ടാത്ത കഠിന മനസ്സുള്ള നരേന്ദ്രമോദിമാരേ അതിൽനിന്ന് അകന്നുനിന്നിട്ടുണ്ടാവൂ. അതേപോലെയാണ് ഡെൽഹിയിലെ സമര നിലങ്ങളിൽ കേന്ദ്രഭരണകൂടത്തിന്റെ കൊടും പീഡനങ്ങളിൽ പിടഞ്ഞുമരിച്ച നൂറിലേറെ കർഷകരുടെ ചുടുകണ്ണീരും ലോകമനസ്സാക്ഷിയെ പൊള്ളിക്കുന്നത് ;

 

– കെ വി –

ഓർമയില്ലേ ... അങ്ങകലെ അമേരിക്കയിലെ മെനിയാ പോളിസിൽനിന്ന് ഏതാനും മാസങ്ങൾക്കുമുമ്പുയർന്ന ജോർജ് ഫ്ലോയിഡിന്റെ നീറുന്ന നിലവിളി – ” എനിക്ക് ശ്വാസംമുട്ടുന്നു ” . വംശവെറി മൂത്ത വെള്ള പൊലീസുദ്യോഗസ്ഥരുടെ കനത്ത ബൂട്ടിനുള്ളിൽ തെരുവിൽ ഞെരിഞ്ഞമർന്ന ആ കറുത്തവന്റെ കണ്ഠത്തിൽനിന്ന് അവസാനമായി അടർന്നുവീണ ദീനവിലാപം. അതേറ്റുവാങ്ങാൻ ലോകമെങ്ങുമുള്ള കോടിക്കണക്കിന് ജനങ്ങളാണ് എല്ലാ അതിരുകളും ഭേദിച്ച് മുന്നോട്ടുവന്നത്.

(കർഷകരെ പ്രതിരോധിക്കാൻ ഡൽഹി പോലീസ് ഒരുക്കിയ ആനി തറച്ച പലകകളിൽ കർഷകർ ചെടി നടുന്നു.)

നിച്ച നാടോ ഭാഷയോ വംശമോ ഒന്നും അവർക്ക് തടസ്സമായില്ല. മനുഷ്യപ്പറ്റ് തൊട്ടുതീണ്ടാത്ത കഠിന മനസ്സുള്ള നരേന്ദ്രമോദിമാരേ അതിൽനിന്ന് അകന്നുനിന്നിട്ടുണ്ടാവൂ. അതേപോലെയാണ് ഡെൽഹിയിലെ സമര നിലങ്ങളിൽ കേന്ദ്രഭരണകൂടത്തിന്റെ കൊടും പീഡനങ്ങളിൽ പിടഞ്ഞുമരിച്ച നൂറിലേറെ കർഷകരുടെ ചുടുകണ്ണീരും ലോകമനസ്സാക്ഷിയെ പൊള്ളിക്കുന്നത് ; നാനാദിക്കുകളിൽനിന്ന് ഈ കടുത്ത ക്രൗര്യത്തിനെതിരെ രൂക്ഷമായ പ്രതിഷേധം അലയടിച്ചുയരുന്നതും. വിശ്വമാനവികതയുടെ ആ ഐക്യദാർഢ്യത്തോട് കൃത്രിമമായ ദേശസ്നേഹത്തിന്റെ പേരിൽ അസഹിഷ്ണുത പ്രകടിപ്പിക്കുന്നത് സംസ്ക്കാരമില്ലായ്മയാണ്. എത്ര ഇന്നതരായാലും ആർക്കും അത് ഭൂഷണമല്ല.

(കർഷക സമരത്തിനെ പിന്തുണച്ച പോപ്പ് ഗായിക റിഹാന്നെയുടെ ട്വീറ്റ് പുറത്ത് വന്നപ്പോൾ സച്ചിന്റെയും കൊഹ്ലിയുടെയും പ്രതികരണം )

തന്റെ ജീവിതസ്വപ്നങ്ങൾ സഫലമാക്കാനും കുടുംബം പോറ്റാനുമുള്ള ജോലികൾ മാറിമാറി ചെയ്തുപോന്ന ജോർജ് ഫ്ലോയിഡ് കൊല്ലപ്പെടുമ്പോൾ ഒരു റസ്റ്റോറന്റിൽ സെക്യൂരിറ്റി ജീവനക്കാരനായിരുന്നു. കറുത്ത തൊലിയോടെ പിറന്നുപോയി എന്നതായിരുന്നു ആകസ്മിക മരണശിക്ഷയിൽ ഒടുങ്ങിയമർന്ന അദ്ദേഹത്തിന്റെ തിരുത്താനാവാത്ത തെറ്റ്. കർഷക കുടുംബത്തിൽ ജനിച്ചുപോയി , തങ്ങൾക്കും ജീവിക്കണം എന്നാഗ്രഹിച്ചതല്ലാതെ കുറ്റമെന്തെങ്കിലും ചെയ്തവരല്ല നിലനില്പിനായുള്ള പോരാട്ടത്തിൽ നമ്മുടെ രാജ്യതലസ്ഥാനത്ത് മരിച്ചുവീണ കൃഷിക്കാരും .

(ജോർജ് ഫ്ലോയിഡിന്റെ അന്ത്യ നിമിഷങ്ങൾ )

നാടിനെ ഊട്ടിവളർത്താൻ പാടുപെടുന്ന അവർ മറ്റെല്ലാ ഭിന്നതകളും മറന്ന് ഒരുമിച്ചത് ഭരണത്തിലുള്ളവരെ അട്ടിമറിക്കാനല്ല. കാർഷിക മേഖലയെ മുച്ചൂടും മുടിക്കുന്ന കരിനിയമങ്ങൾക്കെതിരെയാണ്. വിളസംഭരണവും വില നിർണയവും കോർപ്പറേറ്റ് കുത്തക മുതലാളിമാർക്ക് തീറെഴുതിക്കൊടുക്കുന്ന കർഷകദ്രോഹ നയത്തിനെതിരെയാണ്. അംബാനി – അദാനിമാർ മുതലുള്ള അതിസമ്പന്ന കോർപ്പറേറ്റുകളും സംഘപരിവാറും മാത്രമേ മോദി വാഴ്ച അടിച്ചേല്പിച്ച കാർഷിക നിയമങ്ങളെ അനുകൂലിക്കുന്നുള്ളൂ. അവരുടെ ഔദാര്യം കാത്തു കഴിയുന്ന അപൂർവം ചില ഉന്നതന്മാർ എന്തിനും ഓശാന പാടുന്നതും സ്വാഭാവികം. എന്നാൽ ബി ജെ പി നയിക്കുന്ന എൻ ഡി എ മുന്നണിയിലെ മിക്ക ഘടക കക്ഷികളും ഈ മൂന്ന് വിവാദനിയമങ്ങളോടും ഏറിയോ കുറഞ്ഞോ വിയോജിപ്പുള്ളവയാണ്. എന്നിട്ടും , രണ്ടരമാസം പിന്നിടുന്ന ഐതിഹാസിക കർഷകപ്രക്ഷോഭത്തെ പാർലമെന്റിലെ ഭൂരിപക്ഷത്തിന്റെ ധാർഷ്ട്യത്തിൽ നിർദയം അടിച്ചമർത്തുകയാണ് കേന്ദ്രഭരണക്കാർ. മാത്രമല്ല, സമരം പൊളിക്കാനും കർഷകരെ രാജ്യദ്രോഹികളാക്കി ചിത്രീകരിക്കാനും വ്യാജ പ്രചാരണങ്ങൾ അഴിച്ചു വിടുന്നത് തുടരുകയുമാണ്. മുഖ്യധാരാ വാർത്താ മാധ്യമങ്ങളെ പല വിധത്തിൽ വരുതിയിലാക്കി നുണകൾ മെനഞ്ഞ് പരത്തുന്ന രീതി നേരത്തേയുണ്ട്. സംഘി നവമാധ്യമ ശൃംഖല മുഖേനയുള്ള കള്ളക്കഥകൾ വേറെ. അതിനും പുറമെയാണ് രാജ്യാന്തര പ്രശസ്തിയുള്ള സെലിബ്രിറ്റികളെ വഴിവിട്ട് സ്വാധീനിച്ചുള്ള പ്രചാരവേല .

 ഇന്ത്യയിലെ പ്രശ്നങ്ങളിൽ പുറത്തുളളവർ അഭിപ്രായം പറയേണ്ട എന്ന ധിക്കാരാധിക്ഷേപങ്ങളാണ് താരത്തിളക്കമുളള ചില ദേശീയപ്രതിഭകൾ നടത്തുന്നത്. ചരിത്ര ജ്ഞാനമോ സാമൂഹിക ബോധമോ തെല്ലെങ്കിലുമുള്ള ആരും ഈ മൗഢ്യജല്പനങ്ങൾ അംഗീകരിക്കില്ല. ദക്ഷിണാഫ്രിക്കയിൽ വർണവിവേചനത്തിനെതിരെ പോരാട്ടം നയിച്ച മഹാത്മാ ഗാന്ധിയുടെ സാർവദേശീയ ഐക്യപൈതൃകം അഭിമാനപൂർവമാണ് നാം ഓർക്കുന്നത്. ദേശീയ സ്വാതന്ത്ര്യസമരം മുതലിങ്ങോട്ട് ഒട്ടേറെ നിർണായക ഘട്ടങ്ങളിൽ അന്താരാഷ്ട്ര സമൂഹത്തിന്റെ പിന്തുണ ഇന്ത്യൻ ജനതയ്ക്ക് ലഭിച്ചത് ചെറിയ കാര്യമല്ല. പിന്നെ , ഇന്ദിരാഗാന്ധിയുടെ ഭരണകാലത്തെ ആഭ്യന്തര അടിയന്തരാവസ്ഥയിലെ (1975-77) പൗരാവകാശ ക്കുരുതിക്കെതിരെയും മറ്റു രാജ്യങ്ങളും അവിടങ്ങളിലെ പല സംഘടനകളും പ്രതികരിച്ചിരുന്നല്ലോ.

യു എസ് തലസ്ഥാനമായ വാഷിങ്ടൺ ഡി സി യിലെ ക്യാപ്പിറ്റോളിൽ ഡൊണാൾഡ് ട്രംപിന്റെ അനുയായികൾ നടത്തിയ ആക്രമണത്തെ ലോകമാകെ അപലപിച്ചത് ഈയിടെയാണല്ലോ. മ്യാൻമറിൽ ആങ് സാൻ സൂചിയെ അട്ടിമറിച്ച് അധികാരം കൈയടക്കിയ പട്ടാള ഇടപെടലിനെതിരെ ഇന്ത്യയിലടക്കം ഉയരുന്ന പ്രതിഷേധവും ഇതാ തൊട്ടുമുമ്പിൽ തന്നെ. പക്ഷേ, ഇതൊന്നും കാണാനും അറിയാനും അതനുസരിച്ച് പ്രതികരണരീതിയിൽ പക്വത പുലർത്താനുമുള്ള സന്മനസ്സ് കേന്ദ്ര ഭരണാധികാരികൾക്കില്ലല്ലോ..!