കൊടകര കുഴല്‍പ്പണകേസില്‍ എന്‍ഫോഴ്സ്മെന്റ് ഡയറക്ടറേറ്റ്(ഇഡി) പ്രാഥമിക അന്വേഷണം തുടങ്ങി. പൊലീസുമായി ചേര്‍ന്ന് പ്രവര്‍ത്തിക്കുമെന്നും ഇഡി ഉദ്യോഗസ്ഥര്‍ അറിയിച്ചു. കുഴല്‍പ്പണകേസില്‍ പണത്തിന്റെ ഉറവിടം കണ്ടെത്താന്‍ കേന്ദ്ര അന്വേഷണ ഏജന്‍സികള്‍ ഇടപെടണമെന്ന് ലോക് താന്ത്രിക് യുവ ജനതാദള്‍ നേതാവ് സലിം മടവൂര്‍ ഹൈക്കോടതിയില്‍ ഹര്‍ജി നല്‍കിയിരുന്നു. പ്രാഥമിക അന്വേഷണം തുടങ്ങിയ ഇഡി പൊലീസില്‍ നിന്ന് എഫ്‌ഐആര്‍ വിവരങ്ങളും ശേഖരിച്ചു. കേസില്‍ വിദേശ ബന്ധമുണ്ടോ എന്ന് ഇതുവരെ കണ്ടെത്താന്‍ കഴിഞ്ഞില്ലെന്നും ഇഡി ഉദ്യോഗസ്ഥര്‍ അറിയിച്ചു.
ബിജെപി നേതാക്കള്‍ ഉള്‍പ്പെട്ട കുഴല്‍പ്പണ തട്ടിപ്പു കേസില്‍ നിലപാടറിയിക്കുന്നതിന് എന്‍ഫോഴ്‌സ്‌മെന്റ് ഡയറക്ടറേറ്റ് ഹൈക്കോടതിയില്‍ സാവകാശം തേടിയിരുന്നു. ഒരാഴ്ച സമയം വേണമെന്ന് എന്‍ഫോഴ്‌സ്‌മെന്റ് ഡയറക്ടറേറ്റിനുവേണ്ടി ഹാജരായ അഭിഭാഷകൻ കോടതിയിൽ ആവശ്യപ്പെട്ടു. കുഴല്‍പ്പണ ഇടപാടില്‍ അന്വേഷണം ആവശ്യപ്പെട്ട് ലോക് താന്ത്രിക് യുവജതാദള്‍ ദേശീയ പ്രസിഡന്റ് സലീം മടവൂര്‍ സമര്‍പ്പിച്ച ഹര്‍ജി പരിഗണിക്കുമ്പോഴാണ് ഈ ആവശ്യം ഇ ഡി മുന്നോട്ടുവെച്ചത്.