Wednesday
17 December 2025
30.8 C
Kerala
HomeKeralaവി മുരളീധരനും കെ സുരേന്ദ്രനും രാജിവച്ച്‌ അന്വേഷണം നേരടിണം: എ വിജയരാഘവൻ

വി മുരളീധരനും കെ സുരേന്ദ്രനും രാജിവച്ച്‌ അന്വേഷണം നേരടിണം: എ വിജയരാഘവൻ

കുഴൽപ്പണക്കേസിൽ ബിജെപി സംസ്ഥാന പ്രസിഡന്റ്‌ കെ സുരേന്ദ്രനും കേന്ദ്ര സഹമന്ത്രി വി മുരളീധരനും സ്ഥാനം രാജിവച്ച്‌ അന്വേഷണം നേരിടണമെന്ന്‌ സിപിഐഎം സംസ്ഥാന സെക്രട്ടറിയുടെ ചുമതലയുള്ള എ വിജയരാഘവൻ പ്രസ്‌താവനയിൽ ആവശ്യപ്പെട്ടു.

കുഴൽപ്പണം കടത്തിയ കേസിലും സികെ ജാനുവിന്റെ പാർടിയെ ഒപ്പം നിർത്താൻ ലക്ഷങ്ങൾ കൈമാറിയത്‌ സംബന്ധിച്ചും ഇതിനകം പുറത്തുവന്ന വിവരങ്ങൾ ബിജെപിയുടെ ജീർണ്ണത എത്രത്തോളമാണെന്നതിന്‌ തെളിവാണ്‌. ഇത്രയും അധ:പതിച്ച ഒരു രാഷ്‌ട്രീയ സംസ്‌കാരം പേറുന്ന പാർടി കേരളത്തിന്റെ ചരിത്രത്തിൽ ഉണ്ടായിട്ടില്ല.

കുഴൽപ്പണം കടത്തും രാഷ്‌ട്രീയ നേട്ടത്തിന്‌ വേണ്ടിയുള്ള അവിഹിത പണമിടപാടും ഒരു രാഷ്‌ട്രീയ പാർടിയുടെ നേതൃത്വം അറിഞ്ഞുകൊണ്ട്‌ നടത്തിയത്‌ ഞെട്ടിപ്പിക്കുന്നതാണ്‌. കെ സുരേന്ദ്രനും വി മുരളീധരനും അറിഞ്ഞുകൊണ്ടാണ്‌ ഇതെല്ലാം നടന്നിരിക്കുന്നത്‌.

കള്ളപ്പണം ചുട്ടുചാമ്പലാക്കുമെന്ന്‌ പ്രഖ്യാപിച്ച്‌ അധികാരത്തിൽ വന്നവർ കള്ളപ്പണം ഒഴുക്കി തെരഞ്ഞെടുപ്പ്‌ അട്ടിമറിക്കാണ്‌ കളമൊരുക്കിയത്‌. ഈ സാഹചര്യത്തിൽ വി മുരളീധരന്‌ കേന്ദ്രമന്ത്രിയായി തുടരാൻ അർഹതയില്ല.

വി മുരളീധരനുമായും സുരേന്ദ്രനുമായും അടുപ്പമുള്ളവർ മത്സരിച്ച മണ്ഡലങ്ങളിൽ കോടികളുടെ ഇടപാട്‌ നടന്നതായി വ്യക്തമായിട്ടുണ്ട്‌. തെരഞ്ഞെടുപ്പിന്‌ മൂന്ന്‌ ദിവസം മുമ്പ്‌ സികെ ജാനുവിന്‌ 40 ലക്ഷം രൂപ കൈമാറിയെന്ന വെളിപ്പെടുത്തലും പുറത്തുവന്നിട്ടുണ്ട്‌.

ബിജെപിയെ പിന്തുണച്ച്‌ ചില സമുദായ നേതാക്കൾ തെരഞ്ഞെടുപ്പിന്‌ തൊട്ടുമുമ്പും വോട്ടെടുപ്പ്‌ ദിനത്തിലും രംഗത്ത്‌ വന്നിരുന്നു. ബിജെപി നേതൃത്വത്തിൽ നിന്ന്‌ ഇവർ കോടികൾ കൈപ്പറ്റിയോയെന്ന സംശയവും ഉയർന്നിട്ടുണ്ടെന്ന്‌ എ വിജയരാഘവൻ പറഞ്ഞു

RELATED ARTICLES

Most Popular

Recent Comments