അവശ്യസാധനങ്ങൾക്ക്‌ വിലകൂടുന്നു; ഇന്ധനവില കൂട്ടുന്നത്‌ കേന്ദ്രം അവസാനിപ്പിക്കണം: മുഖ്യമന്ത്രി

0
66

 

ഇന്ധനവില വർദ്ധന കാരണമുണ്ടാകുന്ന അവശ്യസാധാനങ്ങളുടെ വിലക്കയറ്റം ഉപഭോക്തൃ സംസ്ഥാനമായ കേരളത്തെ ദോഷകരമായി ബാധിക്കുമെന്ന്‌ മുഖ്യമന്ത്രി പിണറായി വിജയൻ.

അനിയന്ത്രിതമായി ഇന്ധനവില വർദ്ധിപ്പിക്കുന്ന നിലപാടിൽനിന്നും കേന്ദ്ര സർക്കാർ പിന്തിരിയണമെന്നും സി എച്ച്‌ കുഞ്ഞമ്പുവിന്റെ ശ്രദ്ധക്ഷണിക്കലിന്‌ മറുപടിയായി മുഖ്യമന്ത്രി പറഞ്ഞു.

ക്രൂഡോയിലിന്‌ അന്താരാഷ്ട്ര കമ്പോളത്തിൽ വില കുറയുമ്പോൾ കേന്ദ്ര സർക്കാർ എക്സൈസ് തീരുവയിൽ വർദ്ധന വരുത്തുന്ന രീതി അവസാനിപ്പിക്കണമെന്നും മുഖ്യമന്ത്രി പറഞ്ഞു.

പെട്രോൾ-ഡീസൽ വില നിയന്ത്രണം 2010 ലും 2014 ലും കേന്ദ്ര സർക്കാർ എടുത്തുമാറ്റിയശേഷം ഇന്ധന വില ക്രമാനുഗതമായി ഉയരുകയാണ്‌. അന്താരാഷ്ട്ര കമ്പോളത്തിൽ ക്രൂഡോയിൽ വില താഴുമ്പോൾ അതിൻറെ നേട്ടം രാജ്യത്തെ ഉപഭോക്താക്കൾക്ക് കിട്ടുമെന്ന് ഉയർത്തിയ അവകാശവാദം വെറുതെയായി.

വില താഴുമ്പോൾ എക്സൈസ് തീരുവ വർദ്ധിപ്പിച്ച് കേന്ദ്ര സർക്കാർ വില താഴാതെ പിടിച്ചുനിർത്തുകയാണ്‌ ചെയ്യുകയാണ്‌.

ആറു വർഷത്തിനിടെ കേന്ദ്രസർക്കാർ പെട്രോളിന്മേലും ഡീസലിന്മേലുമുള്ള കേന്ദ്ര നികുതി 307 ശതമാനം കൂട്ടി. 2021 ൽ ഇതിനകം പെട്രോൾ-ഡീസൽ വില 19 തവണയാണ് കൂട്ടിയത്. കേന്ദ്ര സർക്കാർ ചുമത്തുന്ന എക്സൈസ് തീരുവയിൽ നാലിനങ്ങളുണ്ട്.

അവ ബേസിക് എക്സൈസ് തീരുവ, സ്പെഷ്യൽ അഡീഷണൽ എക്സൈസ് ഡ്യൂട്ടി, കൃഷി പശ്ചാത്തലസൗകര്യ വികസന സെസ്, അഡീഷണൽ എക്സൈസ് ഡ്യൂട്ടി & റോഡ് പശ്ചാത്തല സൗകര്യ വികസന സെസ് എന്നിവയാണ്.

ഇതിൽ ബേസിക് എക്സൈസ് തീരുവ ഒഴികെയുള്ളവ ഒന്നുംതന്നെ സംസ്ഥാനങ്ങളുമായി പങ്കിടേണ്ടവയല്ല. എല്ലാ വിലവർദ്ധനയും പങ്കിടേണ്ടാത്ത തീരുവകളിലാണ് കേന്ദ്ര സർക്കാർ വരുത്തിക്കൊണ്ടിരിക്കുന്നത്.

2021 ഫെബ്രുവരിയിൽ കേന്ദ്ര സർക്കാർ പ്രസിദ്ധീകരിച്ച കണക്കുപ്രകാരം പെട്രോളിൻമേൽ ചുമത്തിയിരുന്ന 67 രൂപ എക്സൈസ് തീരുവയിൽ വെറും 4 രൂപ മാത്രമാണ് സംസ്ഥാനങ്ങളുമായി പങ്കുവയ്ക്കേണ്ട ബേസിക് എക്സൈസ് തീരുവ.ഈ അവസ്ഥ നിലനിൽക്കവെയാണ് കേന്ദ്ര സർക്കാർ സംസ്ഥാന സർക്കാർ നികുതി കുറയ്ക്കണമെന്ന വിചിത്രവാദമുയർത്തുന്നത്. മുഖ്യമന്ത്രി പറഞ്ഞു