പ്രതിസന്ധികൾ അവസരങ്ങളാണ്, ക്രിയാത്മക കാര്യങ്ങൾ വീട്ടിലിരുന്നു ചെയ്യണം : മുഖ്യമന്ത്രി

0
68

 

പുതിയ അധ്യയന വർഷത്തിൽ കുട്ടികൾക്ക് ആശംസകളുമായി മുഖ്യമന്ത്രി പിണറായി വിജയൻ. പുതിയ അധ്യായന വർഷത്തിൽ ക്ലാസുകൾ ഓൺലൈൻ ആയതിനാൽ ഉത്സാഹം കുറയേണ്ടെന്നും പഠനം ഇപ്പോൾ തന്നെ തുടങ്ങണമെന്നും ക്രിയാത്മക കാര്യങ്ങൾ വീട്ടിലിരുന്നു ചെയ്യണം. പ്രതിസന്ധികൾ അവസരങ്ങളാണെന്നും മുഖ്യമന്ത്രി പിണറായി വിജയൻ വ്യക്തമാക്കി. പ്രവേശനോത്സവത്തിന്റെ സംസ്ഥാന തല ഉദ്ഘാടനം ഓൺലൈനിലൂടെ നിർവ്വഹിച്ചുകൊണ്ട് സംസാരിക്കുകയായിരുന്നു അദ്ദേഹം.

മുഖ്യമന്ത്രിയായ ശേഷം പങ്കെടുക്കുന്ന ആറാമത്തെ പ്രവേശനോത്സവ ചടങ്ങാണിത്. നാല് വർഷവും നൂറ് കണക്കിന് കുഞ്ഞുങ്ങളുടെയും ബഹുജനങ്ങളുടെയും സാനിധ്യത്തിൽ അലങ്കരിച്ച വേദിയിൽ ബലൂണുകൾ പറത്തിയും മധുരം നൽകിയുമൊക്കെയാണ് ആഘോഷിച്ചത്.

കഴിഞ്ഞ വർഷവും കോവിഡ് മഹാമാരിക്കിടയിൽ ലളിതമായാണ് പ്രവേശനോത്സവം നടത്തിയത്. കോവിഡ് വ്യാപനം കുറയുമ്പോൾ വിദ്യാർത്ഥികളെ സ്‌കൂളിലെത്തിക്കുമെന്ന് ആശംസാ സന്ദേശത്തിൽ വിദ്യാഭ്യാസ മന്ത്രി വ്യക്തമാക്കി.

ഇത് പുതിയ ലോകം കെട്ടിപ്പടുക്കാനുള്ള തുടക്കമാണ്. പുതിയ ലോകം കുഞ്ഞുങ്ങളുടെ ലോകമാണ്. പുതിയ വിജ്ഞാനത്തിന്റെ ആശങ്ങളുടെ കലയുടെ എല്ലാം ഉറവിടമാകേണ്ട കുഞ്ഞുങ്ങളാണ് നാളെയുടെ ലോകത്തെ രൂപപ്പെടുത്തേണ്ടതെന്നും മുഖ്യമന്ത്രി വ്യക്തമാക്കി.

തിരുവനന്തപുരം കോട്ടൺഹിൽസ് സ്‌കൂളിൽ സജ്ജീകരിച്ച വേദിയിൽ വിദ്യാഭ്യാസമന്ത്രി വി.ശിവൻകുട്ടി അക്ഷരദീപം തെളിയിച്ചു.മന്ത്രിമാരായ ആൻറണി രാജു, ജി ആർ അനിൽ,  തിരുവനന്തപുരം മേയർ ആര്യ രാജേന്ദ്രൻ, പൊതുവിദ്യാഭ്യാസ സെക്രട്ടറി എ പി എം മുഹമ്മദ്‌ ഹനീഷ്‌ എന്നിവർ സംസാരിച്ചു.

കോവിഡ്‌ മഹാമാരിയെ തുടർന്ന്‌ ഇത്‌ രണ്ടാം തവണയാണ്‌ ഓൺലൈനിലൂടെ പ്രവേശനോത്സവം നടക്കുന്നത്‌. ഉദ്ഘാടനസമ്മേളനം കൈറ്റ് -വിക്ടേഴ്സ് ചാനൽ വഴി തത്സമയം സംപ്രേഷണം ചെയ്‌തു.

മമ്മൂട്ടി,  മോഹൻലാൽ, കവി സച്ചിതാനന്ദൻ, ശ്രീകുമാരൻ തമ്പി, പൃഥ്വിരാജ്, സുരാജ് വെഞ്ഞാറമൂട്, പി ടി ഉഷ തുടങ്ങിയവർ  വിദ്യാർഥികൾക്ക്‌ ആശംസയർപ്പിച്ചു.  രാവിലെ 10.30ന് അങ്കണവാടി കുട്ടികൾക്കുള്ള പുതിയ ‘കിളിക്കൊഞ്ചൽ ക്ലാസുകൾ’ ആരംഭിക്കും.

പകൽ 11 മുതൽ യുഎൻ ദുരന്ത നിവാരണ വിഭാഗത്തലവൻ ഡോ. മുരളി തുമ്മാരുകുടി, മജീഷ്യൻ ഗോപിനാഥ് മുതുകാട്, യൂണിസെഫ് സോഷ്യൽ പോളിസി അഡ്വൈസർ ഡോ. പീയൂഷ് ആന്റണി തുടങ്ങിയവർ കുട്ടികളുമായി സംവദിക്കും.

പകൽ രണ്ട്‌ മുതൽ മൂന്നുവരെ ചൈൽ‍ഡ് സൈക്യാട്രിസ്റ്റ് ഡോ. ജയപ്രകാശ്  കുട്ടികളുടെ ചോദ്യങ്ങൾക്ക് മറുപടി നൽകും. ഇത്തവണ 45 ലക്ഷത്തോളം കുട്ടികൾ സ്‌കൂൾ പ്രവേശനോത്സവത്തിൽ വീടുകളിലിരുന്ന്‌ പങ്കാളികളാകും.