അഞ്ചുവർഷത്തിനിടെ നാലുവട്ടം വോട്ടുചെയ്യുവാൻ അവസരം ഒരുക്കിയ അസാധാരണനേതാവാണ്, കുഞ്ഞാലിക്കുട്ടിയെ തേച്ചൊട്ടിച്ച് അഡ്വ. സി ഷുക്കൂർ

0
63

മുസ്ലിംലീഗിൽ നേതൃമാറ്റം ഉണ്ടാകണമെന്ന നിർദ്ദേശം മുന്നോട്ടുവെച്ച പി കെ കുഞ്ഞാലിക്കുട്ടിയുടെ ഇരട്ടത്താപ്പ് തുറന്നുകാട്ടി മുതിർന്ന അഭിഭാഷകൻ സി ഷുക്കൂർ. ഇതിനുമുമ്പ് മുസ്ലിംലീഗിൽ കൈക്കൊണ്ട നേതൃമാറ്റത്തിന്റെ പിന്നാമ്പുറ കഥകൾ ആക്ഷേപഹാസ്യരൂപത്തിൽ അവതരിപ്പിച്ചാണ് അഡ്വ. സി ഷുക്കൂർ കുഞ്ഞാലിക്കുട്ടിയെ തേച്ചൊട്ടിക്കുന്നത്. അഞ്ചുവർഷത്തിനിടെ നാലുവട്ടം വോട്ടുചെയ്യുവാൻ അവസരം ഒരുക്കിയ അസാധാരണനേതാവാണ് കുഞ്ഞാലിക്കുട്ടിയെന്നും ഇപ്പോഴത്തെ ഘട്ടത്തിൽ കുഞ്ഞാലിക്കുട്ടി സാഹിബിന്റെ മെയ് വഴക്കം മാത്രമേ ലീഗിനു പാട്ടുകയുള്ളുവെന്നും ഷുക്കൂർ പരിഹസിച്ചു. ഷുക്കൂറിന്റെ ഫേസ്ബുക്ക് പോസ്റ്റ് ഇതിനകം സമൂഹമാധ്യമങ്ങളിൽ വൈറലായി.

പോസ്റ്റിന്റെ പൂർണരൂപം.

2006 ൽ പൂർണ്ണമായും തകർന്ന പാർട്ടി, കുഞ്ഞാലിക്കുട്ടി സാഹിബിനെ മാറ്റി ഇ ടിയെയും മജീദ് സാഹിബിനെയും ഇറക്കി. പിന്നെ മജീദ് സാഹിബ് മാത്രം ബാക്കിയായി. ആ പരീക്ഷണം വൻ പരാജയമായിരുന്നു. കുഞ്ഞാലിക്കുട്ടി സാഹിബ് തിരിച്ചു വന്നു. 1991 ൽ, പി എം അബൂബക്കർ , പി സീതി ഹാജി, യു എ ബീരാൻ എന്നീ ഒന്നാം കിട നേതാക്കളെ സഭയിൽ രണ്ടാം നിരയിലേക്കു മാറ്റിയാണ് ചെറുപ്പക്കാരനായ കുഞ്ഞാലിക്കുട്ടി സാഹിബ് വരുന്നത്. ആ സൗകര്യത്തിനു വേണ്ടി ബനാത്തു വാലയ്ക്കു സീറ്റു നിഷേധിക്കുകയും അഹ്മദ് സാഹിബിനെ ദില്ലിയിലേക്കു അയക്കുകയും ചെയ്തു.
1991 മുതൽ ലീഗിലെ അവസാനവാക്ക് കുഞ്ഞാലിക്കുട്ടി സാഹിബ് തന്നെ ആയിരുന്നു. പാണക്കാട്ട് കുടുംബത്തിൽ സാഹിബിനുള്ള സ്വാധീനം എല്ലാറ്റിനും സഹായകമായി. എന്നാൽ കഴിഞ്ഞ രാജ്യസഭാ തിരഞ്ഞെടുപ്പിൽ പാർട്ടി സെക്രട്ടറി എന്ന നിലയിൽ മജീദ് സാഹിബിനെയായിരുന്നു മൂപ്പര് നിർദ്ദേശിച്ചത്, പകരം വന്നത് വഹാബ് സാഹിബ്. മുനവറി തങ്ങളുടെ പോസ്റ്റും മറ്റും ഓർക്കുന്നുണ്ടാകും. ഇക്കുറി വഹാബ് സാഹിബ് നിയമ സഭയിൽ വരുമെന്നായിരുന്നു കരുതിയത്. മൂപ്പർ വീണ്ടും രാജ്യസഭയിലേക്കു പോയി. മജീദാക്ക മന്ത്രിയുമായി..
5 വർഷത്തിനിടയിൽ 4 വട്ടം ജനങ്ങൾക്കു വോട്ടുചെയ്യുവാൻ അവസരം ഒരുക്കിയ അസാധാരണ നേതാവാണ് കുഞ്ഞാലിക്കുട്ടി സാഹിബ്. രണ്ടു വട്ടം എംപി ആയും രണ്ടു വട്ടം എംഎൽഎ ആയും തിരഞ്ഞെടുക്കപ്പെട്ട അപൂർവ്വ രാഷ്ട്രീയ നേതാവ്. അത്രമേൽ ഇഷ്ടമാണ് അദ്ദേഹത്തെ ജനങ്ങൾക്കു. കേരളത്തിൽ മറ്റൊരു നേതാവിനും ഇതു സാധിക്കില്ല തീർച്ച.
ലീഗു ഒരു മതാധിഷ്ഠിത പാർട്ടിയാണ്. ആ പാർട്ടിയിലെ ഒരു വിഭാഗത്തെ കൃത്യമായും ഇപ്പോൾ നിയന്ത്രിക്കുന്നത് ഇസ്ലാമിക് ബ്രദർ ഹുഡ് ആവേശിച്ച ജമാഅത്തെ ബോധമുള്ള ഒരു കൂട്ടരാണ്. കേരളത്തിൽ നിന്നും ദില്ലിയിൽ എത്തുന്ന എംഎസ്എഫ് കുട്ടികളിൽ പോലും ലീഗ് രാഷ്ട്രീയത്തെക്കാൾ സ്വാധീനിക്കുന്നത് മൗദീദിസം ആണെന്ന ആക്ഷേപം വ്യാപകമായി ലീഗ് നേതാക്കൾക്കിടയിൽ തന്നെ ഉണ്ട്. അങ്ങനെ ഇസ്ലാമിക് ബ്രദർ ഹുഡ് സ്വാധീനത്തിൽ നിന്നും ലീഗിനെ മോചിപ്പിക്കുന്നതിൽ പ്രധാന പങ്കു വഹിക്കുവാൻ പറ്റുന്ന ഒരാൾ ഇപ്പോഴും കുഞ്ഞാലിക്കുട്ടി സാഹിബ് തന്നെയാണ്.
കച്ചവടയുക്തി പലപ്പോഴും അടി തെറ്റിക്കുമെങ്കിലും എതിർപക്ഷത്തോട് ഏറ്റവും മാന്യവായി സംവദിക്കുന്ന നേതാവും അദ്ദേഹം തന്നെ. 1991 മുതൽ 2021 വരെ ഒരാൾ തന്നെ നയിക്കുമ്പോൾ ഉണ്ടാകുന്ന ചില പ്രശ്നങ്ങൾ സ്വാഭാവികമാണ്. 2031 വരെ മൂപ്പര് മാറില്ലാന്നും പറയുന്നുണ്ട്. എന്നാലും മൂപ്പരെ മാറ്റി മറ്റൊരാളെ നേതാവാക്കി ഉയർത്തുക ലീഗിൽ എളുപ്പമല്ല. പത്തു വർഷക്കാലം അധികാരത്തിൽ നിന്നും മാറി നിൽക്കുമ്പോൾ ഉണ്ടാക്കുന്ന പ്രതിസന്ധികൾ മറ്റൊരു വക കിടക്കുന്നുണ്ട്. ജമാഅത്ത് കുത്തിതിരിപ്പുകൾ വേറെയും..
ആകെ ഹലാക്കാണ്.
ഈ ഇലക്ഷൻ കാലത്ത് കെപിസിസി ഉമ്മൻചാണ്ടിയെ ഇറക്കി. മൂപ്പരാണ് ശബരിമല തുരുപ്പിറക്കിയത്. എട്ടു നിലയിൽ പൊട്ടി. പക്ഷെ കുറ്റം ചെന്നിത്തലയിൽ മാത്രം ഒതുക്കി. അതു പോലെ മുനീർ സാഹിബിന്റെ മുകളിലേക്കാണ് കുഞ്ഞാലിക്കുട്ടി സാഹിബ് ലാന്റ് ചെയ്തത്. യുഡിഎഫ് ഐശ്വര്യ കേരളയാത്രയിൽ മുനീർ സാഹിബ് അംഗം പോലും അല്ലാതായി. കുഞ്ഞാലിക്കുട്ടി സാഹിബ് കേരളത്തിൽ ആഞ്ഞടിച്ചു. (അതൊരു നെഗറ്റീവ് ആഞ്ഞടിക്കലായിരുന്നു).
ഈ ഘട്ടത്തിൽ കുഞ്ഞാലിക്കുട്ടി സാഹിബിന്റെ മെയ് വഴക്കം മാത്രമേ ലീഗിനു പറ്റൂ.
ആ പാർട്ടിയിലെ ട്രബ്ൾ ഷൂട്ടറും ക്രൗഡ് പുള്ളറും മറ്റാരുമല്ല❤️
ഞാൻ കുഞ്ഞാലിക്കുട്ടി സാഹിബിന്റെ കട്ട ഫാനാണ്❤️❤️