കൊട്ടാരക്കരയിൽ വാഹനാപകടത്തിൽ വയനാട്ടിലെ കൃഷി അസിസ്റ്റൻറ് ഡയറക്ടർ മരിച്ചു. രണ്ട് കൃഷി ഡെപ്യൂട്ടി ഡയറക്ടർമാർക്ക് പരിക്കേറ്റു. പനമരം ബ്ലോക്ക് കൃഷി അസിസ്റ്റൻറ് ഡയറക്ടർ ആർ. മണികണ്ഠ(53)നാണ് മരിച്ചത്.
ബുധനാഴ്ച പുലർച്ചെ ഒന്നോടെ കൊട്ടാരക്കരക്ക് സമീപം മണികണ്ഠൻ ഓടിച്ചിരുന്ന കാർ നിയന്ത്രണം വിട്ട് മതിലിൽ ഇടിക്കുകയായിരുന്നു. മൂന്നുപേരായിരുന്നു വാഹനത്തിലുണ്ടായിരുന്നത്.
സഹപ്രവർത്തകനായ വയനാട് കൃഷി ഡെപ്യൂട്ടി ഡയറക്ടർ സുധീഷിൻറെ പിതാവിൻറെ മരണാനന്തര ചടങ്ങിൽ പങ്കെടുക്കാൻ കൊട്ടാരക്കരയിലേക്ക് പോയതായിരുന്നു സംഘം. സുധീഷിനെ കൂടാതെ മറ്റൊരു കൃഷി ഡെപ്യൂട്ടി ഡയറക്ടർ സിബിക്കും പരിക്കേറ്റു.
വയനാട് തവിഞ്ഞാൽ മക്കികൊല്ലി അമൃത നിവാസിൽ രാമകൃഷ്ണൻ നായരുടെ (റിട്ട. നേവൽ ഓഫീസർ ) മകനാണ് മരിച്ച മണികണ്ഠൻ. ഭാര്യ പ്രസന്ന (അധ്യാപിക, മുണ്ടേരി ജിവിഎച്ച്എസ്എസ്). മക്കൾ: ഡോ: സിദ്ധാർഥ്, അമൃത (വിദ്യാർഥി).