ലക്ഷദ്വീപിൽ നിന്നും വരുന്ന വാർത്തകൾ അതീവ ഗൗരവമുള്ളതെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ. അഡ്മിനിസ്ട്രേറ്റർ സ്വീകരിക്കുന്ന നടപടികൾ ദ്വീപ് നിവാസികളുടെ ജീവിതത്തിനും സംസ്കാരത്തിനും വെല്ലുവിളി ഉയർത്തുന്നതാണ്. അത്തരം നീക്കങ്ങൾ ഒരുതരത്തിലും അംഗീകരിക്കാൻ കഴിയാത്തതാണെന്നും മുഖ്യമന്ത്രി പറഞ്ഞു. വാർത്താസമ്മേളനത്തിൽ മാധ്യമപ്രവർത്തകരുടെ ചോദ്യത്തോട് പ്രതികരിക്കുകയായിരുന്നു അദ്ദേഹം.
ദ്വീപും കേരളവുമായി ദീർഘകാലത്തെ ബന്ധമാണ്. ഒരുഘട്ടത്തിൽ സംസ്ഥാനത്തിന്റെ ഭാഗമായിരുന്നു ലക്ഷദ്വീപ്. കേരളത്തിലെ പോർട്ടുകളുമായി അവർക്ക് വലിയ ബന്ധമാണ്. ചികിത്സാ ആവശ്യത്തിനും മറ്റും കേരളത്തിലാണ് ദ്വീപ് നിവാസികൾ പലപ്പോഴും വരാറുള്ളത്. കോഴിക്കോടും എറണാകുളത്തും തിരുവനന്തപുരത്തുമൊക്കെ ലക്ഷദ്വീപിൽ നിന്നുള്ള ധാരാളം വിദ്യാർഥികളെ കാണാൻ സാധിക്കും. അങ്ങനെ എല്ലാതരത്തിലും കേരളവുമായി ഇഴകിചേർന്നാണ് ദ്വീപ് നിവാസികൾ കഴിയുന്നത്.
വിദ്യാഭ്യാസം, തൊഴിൽ, ചികിത്സ, വ്യാപാരം ഇത്തരം കാര്യങ്ങളിലൊക്കെ ദ്വീപുമായി കേരളത്തിന് വളരെ ദൃഢമായ ബന്ധമാണുള്ളത്. ഇത് തകർക്കാൻ ഒരു ഗൂഢശ്രമം ആരംഭിച്ചതായാണ് അറിയാൻ കഴിയുന്നത്. സങ്കുചിത താൽപര്യങ്ങൾക്ക് വഴങ്ങിക്കൊണ്ടാണ് അത്തരം നിലപാടുകൾ. അത് തീർത്തും അപലപനീയമാണ്. ഇത്തരത്തിലുള്ള പ്രതിലോമകരമായ നീക്കങ്ങളിൽ നിന്നും തീരുമാനങ്ങളിൽ നിന്നും ബന്ധപ്പെട്ടവർ പിന്മാറണമെന്നും മുഖ്യമന്ത്രി പറഞ്ഞു.